
തന്റെ മകളുടെ അതേ പ്രായവും രൂപസാദൃശ്യവുമുള്ള യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച 44 -കാരനെതിരെ രൂക്ഷ വിമർശനം. അമേരിക്കയിലെ അരിസോണ സ്വദേശിയായ ക്രിസ് ആണ് തന്റെ മകളുടെ അതേ രൂപസാദൃശ്യമുള്ള സാവന എന്ന 28 -കാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ ക്രിസിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.
വിവാഹമോചിതനായി കഴിയുന്ന സമയത്താണ് ക്രിസ് ഹെയർസ്റ്റൈലിസ്റ്റായ സാവനയെ പരിചയപ്പെടുന്നത്. ക്രിസ്സിന്റെ സലൂണിൽ ഹെയർസ്റ്റൈലിസ്റ്റായി ജോലിയിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു സാവന. പിന്നീട് ഇവരുടെ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. ലൗ ഡോണ്ട് ജഡ്ജ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സാവനയുമായുള്ള സൗഹൃദം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വലുതാണെന്നും മറ്റൊരാളിൽ നിന്നുപോലും തനിക്ക് കിട്ടാത്ത സന്തോഷവും സമാധാനവും ഈ ബന്ധത്തിൽ തനിക്ക് ലഭിച്ചു എന്നാണ് ക്രിസ് പറയുന്നത്. തങ്ങൾ വിമർശിക്കപ്പെടുമെന്ന് കരുതി ഏറെക്കാലം തങ്ങളുടെ ബന്ധം മറ്റുള്ളവരിൽ നിന്നും മറച്ചുവെച്ചെന്ന് ഇവർ പറയുന്നു.
ക്രിസിന്റെ മകൾ ടിസിയും ഇവർക്കൊപ്പം സലൂണിൽ ജോലി ചെയ്തിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞപ്പോൾ സഹപ്രവർത്തകരിൽ നിന്നും പരിചയക്കാരിൽ നിന്നും രൂക്ഷ വിമർശനമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. പിന്നീട് സാവന അവരുടെ ബന്ധത്തിന്റെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി.
ഇരുവരുടെയും ബന്ധം വിമർശിക്കപ്പെടാൻ പ്രധാന കാരണം സാവനെയും ടിസും തമ്മിലുള്ള രൂപസാദൃശ്യവും ഇരുവരുടെയും പ്രായവും ഒന്നായിരുന്നു എന്നതാണ്. ആദ്യമൊക്കെ വിമർശനങ്ങൾ ക്രിസിനെയും സാവനയെയും തളർത്തിയിരുന്നെങ്കിലും പിന്നീട് അവർ അതിനു നേരെ കണ്ണടച്ചു. ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുന്ന ഈ ദമ്പതികൾക്ക് മൂന്നു മക്കൾ ഉണ്ട് . ഇനി ആര് എന്തു പറഞ്ഞാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും സന്തുഷ്ടകരമായ ഒരു വലിയ കുടുംബമായി തങ്ങൾ മാറിയെന്നുമാണ് സാവന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.