ചെയ്യാത്ത തെറ്റിന് 37 കൊല്ലം അഴിക്കുള്ളിൽ, 18 -കാരൻ പുറത്തിറങ്ങിയത് 56 -കാരനായി

By Web TeamFirst Published Oct 10, 2021, 10:16 AM IST
Highlights

1983 ഓഗസ്റ്റ് 19 -ന് ഒരു റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഗ്രാംസിനെ ആരോ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു. 

37 വര്‍ഷം ചെയ്യാത്ത തെറ്റിന് ജയിലില്‍ (prison) കിടന്നശേഷം ഒരാള്‍ മുക്തനാക്കപ്പെട്ടിരിക്കുകയാണ്. വെറും പതിനെട്ട് വയസുള്ളപ്പോള്‍ ജയിലില്‍ പോയ അയാള്‍ ഏതാണ്ട് നാല‍്പത് കൊല്ലക്കാലമാണ് താനൊരിക്കലും ചെയ്‍തിട്ടില്ലാത്ത കുറ്റത്തിന്‍റെ പേരില്‍ അഴിക്കുള്ളില്‍ കഴിഞ്ഞത്. തന്‍റെ ജീവിതത്തിന്‍റെ നല്ല കാലമെല്ലാം ആ ജയിലഴിക്കുള്ളിലായതിന്‍റെ വേദനയിലാണ് ഇന്നയാള്‍. 1983 -ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും (rape) കൊലപാതകക്കേസിലുമാണ് (murder) ഇയാളെ അറസ്റ്റ് ചെയ്‍തിരുന്നത്. കടിയേറ്റതിന്‍റെ ഒരു അടയാളമാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. 

റോബര്‍ട്ട് ഡുബോയ്സ് (Robert DuBoise) എന്ന 56 -കാരനാണ് ടാംബയിലുള്ള ബാര്‍ബറ ഗ്രാംസ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‍ത് ശേഷം കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കേസില്‍ ദീര്‍ഘനാളായി പരിശോധിക്കാതെ കിടന്നൊരു റേപ്പ് കിറ്റ് ഉണ്ടായിരുന്നു. അതില്‍ നിന്നുമുള്ള ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് റോബര്‍ട്ട് കഴിഞ്ഞ ആഗസ്തില്‍ മോചിതനായത്. ഡിഎന്‍എ -യില്‍ നിന്നും ബലാത്സംഗത്തിലോ കൊലപാതകത്തിലോ റോബര്‍ട്ടിന് പങ്കില്ല എന്ന് കണ്ടെത്തുകയായിരുന്നു. 

1983 ഓഗസ്റ്റ് 19 -ന് ഒരു റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഗ്രാംസിനെ ആരോ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു. അവളുടെ കവിളിലെ കടിയേറ്റ പല്ലുകളുടെ ഉടമയെയാണ് അന്വേഷിച്ചത്. അത് റോബര്‍ട്ടിന്‍റെ പല്ലുകളുമായി സാമ്യമുണ്ട് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരും ഡെന്‍റിസ്റ്റുമടക്കം സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍, 2020 -ലെ ഡിഎന്‍എ പരിശോധനയില്‍ അത് റോബര്‍ട്ടിന്‍റേതല്ല എന്നും എന്തിന് പെണ്‍കുട്ടിയുടെ കവിളിലുണ്ടായിരുന്നത് മനുഷ്യര്‍ കടിച്ച അടയാളമല്ല എന്നും കണ്ടെത്തുകയായിരുന്നു. ഗ്രാംസിന്‍റെ കൊലപാതകത്തിന് റോബര്‍ട്ടിനെ അല്ലാതെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. 

റോബര്‍ട്ടിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് അന്വേഷണ ഉദ്യോഗസ്ഥരും ഡെന്‍റിസ്റ്റും നല്‍കിയ തെറ്റായ സാക്ഷ്യപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്ന് റോബര്‍ട്ടിന്‍റെ അഭിഭാഷകന്‍ പറയുന്നു. 1980 -ല്‍ റോബര്‍ട്ടിന് വിധിച്ചത് വധശിക്ഷയായിരുന്നു. എന്നാല്‍, പിന്നീട് ഇത് ജീവപര്യന്തമായി മാറ്റുകയായിരുന്നു. പതിനെട്ടാം വയസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ റോബര്‍ട്ട് ഇന്ന് 56 -ാം വയസിലാണ് കേസില്‍ നിന്നും മുക്തനായിരിക്കുന്നത്.

click me!