
കുടുംബത്തിലെ വരുമാനം നേടുന്ന ഒരേയൊരാളായിട്ടും ജോലി രാജിവെച്ച ഒരു യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജോലിക്ക് പുറമെ അധിക വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന ധർമ്മേന്ദ്ര എസ്. പാണ്ഡെ എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കോർപ്പറേറ്റ് ജീവിതം അവസാനിപ്പിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. കോർപ്പറേറ്റ് മേഖലയിൽ രണ്ട് പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ഇയാൾ ജോലി രാജിവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താൻ ജോലി രാജിവെച്ചതെന്ന് പാണ്ഡെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഈ തീരുമാനത്തിന് പിന്നിലെ സാമ്പത്തികമായിട്ടുള്ള റിസ്ക് നന്നായി അറിയാമെങ്കിലും, ജീവിതത്തിൽ മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോൾ കൂടുതൽ ഊർജ്ജസ്വലതയും സ്വാതന്ത്ര്യവും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
തന്റെ കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ച് പാണ്ഡെ പറയുന്നതിങ്ങനെ, കമ്പനി ആവശ്യപ്പെടുന്നതിലും അപ്പുറം ജോലി ചെയ്യാൻ താൻ സമയം കണ്ടെത്തിയിരുന്നു. ഷിഫ്റ്റുകൾക്ക് ശേഷവും ഓഫീസിൽ തുടരുക, പുതിയ ജീവനക്കാർക്ക് പരിശീലനം നൽകുക, ക്രൈസിസ് മാനേജ്മെന്റ് എന്നിവയെല്ലാം താൻ ചെയ്തിരുന്നു. എന്നാൽ, പ്രൊമോഷന്റെ കാര്യം വരുമ്പോൾ യോഗ്യതയുള്ളവരെ തഴഞ്ഞ് മറ്റാർക്കെങ്കിലും നൽകുകയാണ് പതിവെന്നും, ഓഫീസുകളിലെ രാഷ്ട്രീയക്കളികൾ മാത്രമാണ് അവിടെ ജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
38 വയസ്സുകാരനായ പാണ്ഡെയ്ക്ക് പത്ത് വയസ്സുള്ള മകളും പ്രായമായ മാതാപിതാക്കളുമുണ്ട്. ഇത്രയധികം ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നിട്ടും, സ്വയം ഒരു അവസരം നൽകാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കോടികളുടെ സമ്പാദ്യമില്ലെങ്കിലും ആകെക്കൂടി ആറ് മാസത്തേക്കുള്ള ബാക്കപ്പ് പണവും, സ്വന്തം പ്രവൃത്തിപരിചയത്തിലുള്ള ആത്മവിശ്വാസവും മാത്രമാണ് തനിക്കുള്ളതെന്ന് പാണ്ഡെ വ്യക്തമാക്കുന്നു.
മുഴുനീള ജോലിക്കൊപ്പം തന്നെ അദ്ദേഹം ഒരു സൈഡ് ബിസിനസ്സ് ആരംഭിച്ചിരുന്നു. ഇനിമുതൽ അതിന്റെ വളർച്ചയ്ക്കായി പൂർണസമയവും മാറ്റിവെക്കാനാണ് പാണ്ഡെയുടെ തീരുമാനം. 9-5 ജോലി മോശമാണെന്നല്ല, പക്ഷേ, അത് ആളുകളെ ഒരേ സ്ഥലത്ത് തന്നെ തളച്ചിടുമെന്നും ലക്ഷ്യങ്ങൾ നേടാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം കുറിപ്പിൽ കൂട്ടിച്ചേർത്തു. സമാനമായ തൊഴിൽ സാഹചര്യങ്ങളിലൂടെയും മാനസിക സമ്മർദ്ദങ്ങളിലൂടെയും കടന്നുപോയ നിരവധി ഉദ്യോഗാർത്ഥികളാണ് ഈ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.