
ഒരു ദശാബ്ദത്തിലേറെ അമേരിക്കയിൽ ചെലവഴിച്ച ശേഷം, ഇന്ത്യയിലേക്ക് മടങ്ങിയ ഒരു എൻആർഐ യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന്' എന്നാണ് മടങ്ങിവരാനുള്ള തീരുമാനത്തെ കുറിച്ച് യുവാവ് കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, തന്റെ പ്രായമായ മാതാപിതാക്കളെ നോക്കാൻ വേണ്ടിയാണ് താൻ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് എന്നാണ്. അവരുടെ ആരോഗ്യസ്ഥിതി മോശമായി വരികയായിരുന്നു അത് അത്രയും ദൂരത്തുനിന്നും നോക്കുക സാധ്യമായിരുന്നില്ല, അതിനാൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്നും യുവാവ് പറയുന്നു.
തിരിഞ്ഞുനോക്കുമ്പോൾ, തന്റെ ആ തീരുമാനത്തിൽ തനിക്ക് ഖേദമില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. സർജറികൾക്ക് ശേഷം അവർ സുഖപ്പെടുന്നത് കാണാൻ അവരുടെ അടുത്തായി ഉണ്ടാവുന്നതിന്റെ ആശ്വാസവും സമാധാനവുമാണ് യുവാവ് തന്റെ പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥകൾ, വിസ പ്രശ്നങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവയെ കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠയിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള നീക്കം തന്നെ മോചിപ്പിച്ചു എന്ന് യുവാവ് പറയുന്നു.
ഇന്ത്യയിൽ തന്നെ ഒരു വർക്ക് ഫ്രം ഹോം ജോലി നേടിയത്, സാമ്പത്തികമായിട്ടുള്ള സ്വാതന്ത്ര്യവും സേവിംഗ്സും തന്റെ ഭാവിയെ കുറിച്ച് തനിക്കൊരു നിയന്ത്രണം നൽകിയിട്ടുണ്ട് എന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. 'എപ്പോൾ വേണമെങ്കിലും ജോലി ഉപേക്ഷിക്കാൻ കഴിയുമെന്ന് അറിയുന്നത് എത്രത്തോളം സ്വാതന്ത്ര്യം തരുന്നു എന്നത് എനിക്ക് പറഞ്ഞറിയിക്കാൻ പോലും കഴിയില്ല' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. രാജ്യം വിടേണ്ടി വന്നേക്കാം എന്ന ഭയമില്ലാതെ സ്വന്തം വീട്ടിൽ കഴിയാൻ സാധിക്കുന്നതിന്റെ ആശ്വാസം യുവാവിന്റെ പോസ്റ്റിൽ വായിച്ചെടുക്കാം.
എന്നാൽ, ഇത്രയൊക്കെ നല്ല വശങ്ങളുണ്ടെങ്കിലും യുഎസ്സിലെ ജോലിയും ജീവിതവും വിട്ടുകളയുന്നത് എളുപ്പമായിരുന്നില്ല എന്ന് യുവാവ് സമ്മതിക്കുന്നുണ്ട്. കാലിഫോർണിയയിലേത് സ്വപ്നം പോലെ ഒരു ജീവിതമായിരുന്നു. തിരിച്ചെത്തിയ ശേഷവും വിചിത്രമായ ഒരു അടുപ്പം യുഎസ്സിനോട് തോന്നുന്നുണ്ട്. ഇപ്പോഴും അവിടുത്തെ ബാങ്ക് അക്കൗണ്ടടക്കം താൻ സൂക്ഷിക്കുന്നു പണം നാട്ടിലേക്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ല എന്നാണ് യുവാവ് കുറിക്കുന്നത്.
'എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, അങ്ങോട്ട് തിരികെ പോകാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ 12 വർഷത്തെ യുഎസിലെ ജീവിതം ഞാനൊരു വിദേശി മാത്രമായിരുന്ന ഒരു സ്ഥലത്തോട് എന്നെ ഇത്രയധികം അടുപ്പിച്ചത് വിചിത്രം തന്നെയാണ്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. അമേരിക്കൻ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിൽ വിഷമിക്കേണ്ടതില്ല എന്നാണ് പോസ്റ്റിന് മറുപടിയായി പലരും കുറിച്ചിരിക്കുന്നത്.