Shaikh Yusuf ghoda wallah : സ്ഥിരമായി കുതിരപ്പുറത്താണ് യാത്ര! പെട്രോളിനേക്കാള്‍ ലാഭമെന്ന് യൂസഫ്

Published : Mar 14, 2022, 10:13 AM ISTUpdated : Mar 16, 2022, 09:01 AM IST
Shaikh Yusuf ghoda wallah : സ്ഥിരമായി കുതിരപ്പുറത്താണ് യാത്ര! പെട്രോളിനേക്കാള്‍ ലാഭമെന്ന് യൂസഫ്

Synopsis

ദിവസങ്ങൾക്കുള്ളിൽ അദ്ദേഹവും, കുതിരയും നഗരത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ സന്തോഷത്തോടെ കൈവീശി കാണിച്ചു. 

ഔറംഗബാദിലെ 49 -കാരനായ ലാബ് അസിസ്റ്റന്റ് ആണ് ഷെയ്ഖ് യൂസഫ്(Shaikh Yusuf). നഗരത്തിൽ അദ്ദേഹത്തെ അറിയാത്തവർ ചുരുക്കമാണ്. കാരണം മറ്റുള്ളവർ കാറിലും, ബസ്സിലും ഓട്ടോയിലും ഒക്കെ യാത്ര ചെയ്ത് ജോലിയ്ക്ക് പോകുമ്പോൾ അദ്ദേഹം കുതിര(horse)പ്പുറത്താണ് ജോലിയ്ക്ക് പോകുന്നത്. കുതിരയാകുമ്പോൾ, പ്രട്രോളിന്റെ ചിലവില്ല, ട്രാഫിക്കിൽ കാത്തിരിക്കേണ്ട, മറ്റുള്ളവരുടെ സൗകര്യങ്ങൾ നോക്കണ്ട, വാഹനത്തിനായി കാത്ത് നിന്ന് മുഷിയേണ്ട എന്നിങ്ങനെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ, ഇത്തരമൊരു കാര്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് മഹാമാരി സമയത്തെ ആദ്യത്തെ ലോക്ക് ഡൗണാണ്.    

2020 മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധിയിലായി. നഗരത്തിലെ ഒരു ഫാർമസി കോളേജായ വൈബി ചവാൻ കോളേജ് ഓഫ് ഫാർമസിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ലോക്ക് ഡൗൺ വന്നതോടെ ശമ്പളം കിട്ടാതായി. വായ്‌പകൾ തിരിച്ചടക്കനാകാതെ, വീട്ടാവശ്യങ്ങൾ നടത്താനാകാതെ, കുട്ടികളുടെ ഫീസ് അടക്കാനാകാതെ എല്ലാം അദ്ദേഹം വളരെ പ്രയാസപ്പെട്ടു. ഈ ജോലിയിൽ ഇനി തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മറ്റേതെങ്കിലും വഴിയുണ്ടോ എന്നാലോചിച്ചു. എന്നാൽ, ലോക്ക്ഡൗൺ സമയത്ത് ഒരു ജോലി തേടുക എളുപ്പമായിരുന്നില്ല.  

അപ്പോഴാണ് അദ്ദേഹം പച്ചക്കറികളും, മരുന്നും പോലുള്ള അത്യാവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായി കേട്ടത്. അദ്ദേഹം തന്റെ ഒരു സുഹൃത്തുമായി ചേർന്ന് പച്ചക്കറികൾ വാങ്ങാനും വിൽക്കാനും ആരംഭിച്ചു. മാർക്കറ്റിൽ നിന്ന് മൊത്തവിലയ്ക്ക് ഉൽപ്പന്നങ്ങൾ സംഭരിച്ച് ഔറംഗബാദ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ അത് എത്തിച്ചു കൊടുത്തു. ജീവിതം തള്ളിനീക്കാനുള്ള വരുമാനം അതിൽ നിന്ന് അദ്ദേഹം നേടി.  

മാസങ്ങൾക്ക് ശേഷം, മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങൾ കുറഞ്ഞപ്പോൾ ആളുകൾ തിരികെ ജോലിയിലേക്ക് മടങ്ങാൻ ആരംഭിച്ചു. കോളേജിൽ നിന്ന് യൂസഫിന് വീണ്ടും ജോലിക്കുള്ള വിളി വന്നു. ജോലിസ്ഥലത്തേക്ക് ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു. ഒരു  തുരുമ്പിച്ച പഴയ ബൈക്കിലായിരുന്നു യൂസഫ് അതുവരെ ജോലിയ്ക്ക് പോയിരുന്നത്. എന്നാൽ, വരുമാനം കാര്യമായി ഇല്ലാതിരുന്ന അദ്ദേഹത്തിന് ബൈക്ക് കൊണ്ട് നടക്കാൻ പ്രയാസമായി തീർന്നു. പെട്രോൾ വില ലിറ്ററിന് 100 രൂപയായി വർധിച്ച സമയമായിരുന്നു അത്. കൂടാതെ പൊതുഗതാഗതം പഴയ പോലെ ലഭ്യവുമായിരുന്നില്ല. എങ്ങനെ ജോലിയ്ക്ക് പോകുമെന്ന് ചിന്തിച്ച് അദ്ദേഹം തലപുകച്ചു.  

അന്നേരമാണ് അദ്ദേഹത്തിന്റെ ബന്ധു 40,000 രൂപയ്ക്ക് ഒരു കുതിരയെ വിൽപനയ്ക്ക് വച്ചത്. യൂസഫ് കുട്ടിക്കാലത്ത് കുതിര സവാരി ചെയ്യുമായിരുന്നു. എന്നാൽ പിന്നെ ഒരു കുതിരയുടെ പുറത്തു യാത്ര ചെയ്താലെന്തെന്ന് അദ്ദേഹം ചിന്തിച്ചു, പെട്രോളും ലാഭം. തുടർന്ന്, അദ്ദേഹം തന്റെ തുരുമ്പിച്ച ബൈക്ക് വിറ്റ്, കുറച്ച് പണം സ്വരൂപിച്ചു. ബാക്കി പണം മാസതവണയായി നൽകാമെന്ന വ്യവസ്ഥയിൽ കുതിരയെ വാങ്ങി. കത്തിയവാരി ഇനത്തിൽ പെട്ട നാല് വയസുള്ള ഒരു കുതിരയായിരുന്നു അത്, പേര് ‘ജിഗർ’. അങ്ങനെ 2020 മെയ് മാസത്തിൽ ജിഗർ വീട്ടിലെത്തി. യൂസഫിന്റെ ജോലിസ്ഥലം 16 കിലോമീറ്റർ അകലെയാണ്. അദ്ദേഹം കുതിരപ്പുറത്ത് ജോലി സ്ഥലത്തേയ്ക്ക് സവാരി ചെയ്യാൻ ആരംഭിച്ചു.  

ദിവസങ്ങൾക്കുള്ളിൽ അദ്ദേഹവും, കുതിരയും നഗരത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ സന്തോഷത്തോടെ കൈവീശി കാണിച്ചു. എല്ലാവരും അദ്ദേഹത്തെ "ഘോഡ വാലാ" എന്ന് വിളിച്ചു. മൂന്ന് വർഷത്തിന് ശേഷം, ഇപ്പോൾ ഔറംഗബാദിലെ റോഡുകളിൽ ജിഗറും യൂസഫും ഒരു സ്ഥിരം കാഴ്ചയാണ്. ഫാർമസി കോളേജിലെ ദയാലുവായ പ്രിൻസിപ്പൽ ജിഗറിന് കെട്ടിടത്തിൽ ഒരു സ്റ്റോർ റൂം അനുവദിച്ചു. ജിഗറിന്റെ ഒരു ദിവസത്തെ ചിലവ് 40 രൂപയിൽ താഴെ മാത്രമാണ്. അതുപോലെ വീടിനടുത്ത് കൃഷിയിടങ്ങളും വയലുകളും ഉള്ളതിനാൽ അദ്ദേഹത്തിന് കുതിരക്കുള്ള തീറ്റ അന്വേഷിച്ച് എങ്ങും പോവുകയും വേണ്ട. എല്ലാം കൊണ്ടും ഇതാണ് മെച്ചമെന്നാണ് അദ്ദേഹത്തിന്റെ വാദം.  "എനിക്ക് ഇനി ഒരു ബൈക്കിന്റെ ആവശ്യമില്ല. എനിക്ക് യാത്ര ചെയ്യാൻ ജിഗറുണ്ട്” യൂസഫ് പറഞ്ഞു. 

PREV
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി