കൊവിഡ് ചതിച്ചു, വിസ പുതുക്കാൻ നാട്ടിൽ ചെല്ലാൻ മാർ​ഗമില്ല, 6000 കിലോമീറ്റർ കടലിലൂടെ തനിച്ച് സഞ്ചരിച്ച് നാവികൻ

By Web TeamFirst Published Sep 20, 2021, 3:20 PM IST
Highlights

അങ്ങനെ, ആ ബ്രിട്ടീഷുകാരൻ തന്റെ ഏറ്റവും നല്ല മാർഗ്ഗം തന്നെ സ്വീകരിച്ചു. തെക്കൻ പസഫിക് സമുദ്രത്തിലൂടെ 6,000 കിലോമീറ്റർ (3,700 മൈൽ) സഞ്ചരിക്കാം എന്ന് തീരുമാനിച്ചു, ഏകദേശം ഒരു മാസമെടുത്ത ഒരു ഏകാന്തയാത്ര.

കൊവിഡ് മഹാമാരി ലോകത്തിന്റെ തന്നെ താളം തെറ്റിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ. പല മനുഷ്യരുടേയും ജീവിതം പ്രതീക്ഷിക്കാത്ത തരത്തിൽ മാറാൻ പോലും ഈ മഹാമാരി കാരണമായി. എന്നാൽ, ഇവിടെയൊരാൾക്ക് മൈലുകളോളം വെള്ളത്തിലൂടെ സഞ്ചരിച്ച് വിസ പുതുക്കാൻ ചെല്ലേണ്ട അവസ്ഥ വന്നിരിക്കുകയായിരുന്നു. 

പോൾ സ്ട്രാറ്റ്ഫോൾഡിന് ഓസ്‌ട്രേലിയയിൽ തിരിച്ചെത്തി തന്റെ റെസിഡൻസി വിസ പുതുക്കാനുമുള്ള സമയം ആയിരുന്നു. പക്ഷേ, കൊവിഡ് മഹാമാരി അദ്ദേഹത്തെ താഹിതിയിൽ കുടുക്കി. വിവിധ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന കൊവിഡ് നിയന്ത്രണങ്ങൾ കാരണം, പോളിന് കൃത്യസമയത്ത് ഫ്ലൈറ്റ് കയറാനോ എത്താനോ കഴിയാത്തതായിരുന്നു പ്രശ്നം. 

അങ്ങനെ, ആ ബ്രിട്ടീഷുകാരൻ തന്റെ ഏറ്റവും നല്ല മാർഗ്ഗം തന്നെ സ്വീകരിച്ചു. തെക്കൻ പസഫിക് സമുദ്രത്തിലൂടെ 6,000 കിലോമീറ്റർ (3,700 മൈൽ) സഞ്ചരിക്കാം എന്ന് തീരുമാനിച്ചു, ഏകദേശം ഒരു മാസമെടുത്ത ഒരു ഏകാന്തയാത്ര.

41 -കാരനായ അദ്ദേഹം ഒരു പ്രൊഫഷണൽ നാവികനാണ്, എങ്കിലും ഇങ്ങനെ ഒരു യാത്ര ഇതിന് മുമ്പ് നടത്തിയിരുന്നില്ല. സ്ട്രാറ്റ്ഫോൾഡിന്റെ 50 അടി വരുന്ന ബോട്ട് രണ്ട് ദിവസത്തേക്ക് കൊടുങ്കാറ്റിൽ തകർന്നു. അതുപോലെ, കൂട്ടിയിടിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അദ്ദേഹം ഒരു സമയം 40 മിനിറ്റിൽ കൂടുതൽ ഉറങ്ങിയില്ല. "എനിക്ക് വീട്ടിലെത്താനുള്ള ഒരേയൊരു മാർഗ്ഗമാണിത്"  എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ജൂലൈ 3 -ന് അദ്ദേഹം ക്വീൻസ്ലാൻഡിലെ സൗത്ത്പോർട്ടിൽ എത്തി.

ഈ കൊവിഡ് പ്രതിസന്ധിയിൽ ഏകദേശം രണ്ട് വർഷമായി, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് നിരാശരായ പൗരന്മാർ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോഴും ലോകത്തിന്റെ പല ഭാ​ഗങ്ങളിലും യാത്രാവിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കുകയാണ്. എവിടെയൊക്കെയാണ് പോൾ സ്ട്രാറ്റ്ഫോൾഡിനെ പോലെ ആളുകൾ കുടുങ്ങിയിരിക്കുന്നത് എന്ന് പറയാനാകില്ല. 


 

click me!