ഇങ്ങനെ പോയാല്‍ ലോകം നശിക്കും; ചൈനയും യു എസും ശീതസമരത്തിലേക്ക് പോവുന്നതായി യു എന്‍

Web Desk   | Asianet News
Published : Sep 20, 2021, 02:34 PM IST
ഇങ്ങനെ പോയാല്‍ ലോകം നശിക്കും; ചൈനയും യു എസും ശീതസമരത്തിലേക്ക് പോവുന്നതായി യു എന്‍

Synopsis

ആണവയുദ്ധം മുതല്‍ കാലാവസ്ഥാ വ്യതിയാനംവരെ; ചൈനയും യു എസും ഈ വിധത്തില്‍ പോയാല്‍ വീണ്ടും ശീതസമരമെന്ന് യു എന്‍ മുന്നറിയിപ്പ്  

ലോകം വീണ്ടുമൊരു ശീതസമരത്തിലേക്ക് പോവുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗറ്റെറസ് അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ശീതസമരത്തിലേക്ക് നീങ്ങുന്നതായി വ്യക്തമാക്കിയത്. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ്, ചൈനയും അമേരിക്കയും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക വന്‍ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചെപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, വാണിജ്യം, സാങ്കേതിക വിദ്യ, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ, ഓണ്‍ലൈന്‍ സുരക്ഷ തുടങ്ങിയ അനേകം കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, സംഘര്‍ഷം മാത്രമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇരു വന്‍ ശക്തികളും തമ്മില്‍ പ്രായോഗികവും പ്രാവര്‍ത്തികവുമായ ബന്ധം പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഒന്നിച്ചുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. രാജ്യാന്തര സമൂഹത്തിനകത്തും-പ്രത്യേകിച്ച് വന്‍ശക്തികള്‍ക്കിടയിലും-പോസ്റ്റിവായ ബന്ധം ഇല്ലാതെ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാവില്ല. 

ലോകത്തെ രണ്ട് ദിശകളിലേക്ക് പിളര്‍ത്തുന്ന വിധത്തില്‍, യു എസ ചൈന ബന്ധം അപകടകരമായി വളരുന്നതായി രണ്ടു വര്‍ഷം മുമ്പും ഇദ്ദേഹം ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആ മുന്നറിയിപ്പ് വീണ്ടുമദ്ദേഹം ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളുടെയും ജിയോപൊളിറ്റിക്കല്‍, സൈനിക തന്ത്രങ്ങള്‍ ലോകത്തെ വിഭജിക്കാനും നിലവിലെ സമവാക്യങ്ങളെ അപകടകരമായ വിധത്തില്‍ മാറ്റാനും കാരമണമാവുന്നതായി അദ്ദേഹം പറഞ്ഞു. 

ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്നാണ് അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മില്‍ കുപ്രസിദ്ധമായ ശീതസമരം അരങ്ങേറിയത്. സോവിയറ്റ് യൂനിയനും സഖ്യരാജ്യങ്ങളും ഒരു ഭാഗത്തും അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും മറുഭാഗത്തുമായി നടന്ന വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവിലാണ് 1991-ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നടിഞ്ഞത്. രണ്ട് ആണവശക്തികളുടെ ചേരിപ്പോരായിരുന്നു അത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുതലാളിത്തവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായിരുന്നു അത്. 

സമാനമായ സാഹചര്യങ്ങളിലേക്കാണ് ഇരു വന്‍ശക്തികളും തമ്മിലുള്ള വാശിയും വൈരാഗ്യവും പോവുന്നതെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പുലര്‍ത്തിയത്.  ഭീകരമായ ഒരു ആണവയുദ്ധത്തിലേക്ക് അടക്കം പോകാവുന്ന വിധത്തിലാണ് ഈ ശീതസമരം വളരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, താലിബാന്‍ എന്നീ മൂന്ന് വിഷയങ്ങള്‍ നിര്‍ണായകമായ തീരുമാനം എടുക്കുന്നതിനുള്ള ലോകനേതാക്കന്‍മാരുടെ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് യു എന്‍ സെകട്ടറി ജനറല്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ