
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതി വിവാഹവുമായി ബന്ധപ്പെട്ട ഏറെ വിഷമകരമായ ഒരു കാര്യം പങ്കുവയ്ക്കുകയുണ്ടായി. വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാൻ വധുവിനെ വരൻ അനുവദിക്കില്ല എന്നതായിരുന്നു ഇത്. അത്തരത്തിൽ ഒരു തീരുമാനം വരൻ എടുക്കാനുള്ള കാരണവും യുവതി തന്റെ പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
വെള്ളവസ്ത്രം ധരിച്ചാൽ വധു ഒരു പരിശുദ്ധയായ സ്ത്രീയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെന്നും അങ്ങനെയല്ല എന്ന് വിവാഹത്തിൽ പങ്കെടുക്കുന്ന എല്ലാവരും അറിയണമെന്ന വാശിയിലാണത്രേ വരൻ അത്തരം ഒരു തീരുമാനമെടുത്തത്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൂടാതെ 8 മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇത്രയും കാലത്തെ പരിചയമുണ്ടായിരുന്നിട്ടും വരന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഇത്തരത്തിൽ ഒരു ആവശ്യമുണ്ടായപ്പോൾ താൻ അമ്പരന്നുപോയി എന്നാണ് വധു പോസ്റ്റിൽ പറയുന്നത്.
വെള്ള വസ്ത്രം ധരിക്കരുതെന്ന് ആദ്യം വരൻ ആവശ്യപ്പെട്ടപ്പോൾ എന്തെങ്കിലും ഡ്രസ്സ് കോഡ് ഉള്ളതു കൊണ്ടായിരിക്കാം ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കുന്നത് എന്നാണ് താൻ കരുതിയിരുന്നത് എന്നും വധു പറയുന്നു. ഒടുവിൽ വിവാഹത്തിന് വധു എടുത്ത വസ്ത്രം കാണണമെന്ന് വരൻ വാശിപിടിച്ചപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നത്. വിവാഹദിനത്തിൽ സർപ്രൈസായി വസ്ത്രം അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്ന വധു വരനെ വസ്ത്രം കാണിക്കാൻ തയ്യാറായില്ല. പക്ഷേ, വസ്ത്രത്തിന്റെ കളർ എന്താണെന്ന് അറിയണമെന്ന് അയാൾ നിർബന്ധം പിടിച്ചു. ഒടുവിൽ കാരണം തിരക്കിയപ്പോഴാണ് വരൻ പറഞ്ഞ വിചിത്രമായ കാര്യം കേട്ട് വധുവും വീട്ടുകാരും അമ്പരന്നത്. കന്യകകൾ ആയിട്ടുള്ള യുവതികളാണ് വിവാഹദിനത്തിൽ വെള്ളവസ്ത്രം ധരിക്കേണ്ടത് എന്നായിരുന്നു അയാളുടെ പക്ഷം.
വധുവിനെ 21 വയസ്സും വരന് 20 വയസ്സും പ്രായമുള്ളപ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. എന്നാൽ താൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് വധു വരനോട് പറഞ്ഞിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണത്രേ വരൻ യുവതി പരിശുദ്ധ അല്ലെന്നും അതുകൊണ്ട് വെള്ള വസ്ത്രം ധരിക്കാൻ പാടില്ല എന്നും തീരുമാനമെടുത്തത്. ഏതായാലും ഇപ്പോൾ യുവതി ഈ വിവാഹവുമായി മുന്നോട്ടു പോകണമോ എന്ന ആലോചനയിലാണ്.
തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പോസ്റ്റിൽ വരനെ റയാൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത് ആകട്ടെ catownervictim എന്ന അക്കൗണ്ടിൽ നിന്നും. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വരനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒരു കാരണവശാലും ഈ വിവാഹവുമായി മുന്നോട്ട് പോകരുത് എന്നും നെറ്റിസൺസിൽ പലരും അഭിപ്രായപ്പെട്ടു.