കാണാതായ സഹോദരനെ തേടി 24 വര്‍ഷമലഞ്ഞു, ഒരു രാത്രി അതേ സഹോദരനാല്‍ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Nov 9, 2021, 1:59 PM IST
Highlights

തുടർന്ന്, പട്ടണത്തിൽ തിരിച്ചെത്തിയ ഇവോ വനത്തിൽ ക്യാമ്പ് ചെയ്തു. അവിടെ അയാൾ തന്റെ സഹോദരനെ നിരീക്ഷിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് ഒരു രാത്രി മാർട്ടിൻ താമസിക്കുന്ന വീട്ടിലേക്ക് കത്തിയുമായി ഇവോ കടന്നു വന്നു. 

കാണാതായ തന്റെ മൂത്ത സഹോദരനെ(Lost Brother) തേടി 24 വർഷം(24 years) അലഞ്ഞ ഇറ്റലിക്കാരൻ ഒടുവിൽ അതേ സഹോദരനാൽ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. ദാരുണമായ ഈ സംഭവം ബോൾസാനോ പ്രവിശ്യയിലെ സെൽവ ഡി വാൽ ഗാർഡനയിലാണ് നടന്നത്. 35 -കാരനായ മാർട്ടിൻ റബാൻസർ(Martin Rabanser) തന്റെ കാണാതായ സഹോദരൻ ഇവോ റബൻസറിനെ 24 വർഷമായി തിരയുകയായിരുന്നു. 1997 -ൽ കാണാതായതിനെ തുടർന്ന് ഇവോയെ കണ്ടെത്താൻ കുടുംബം ഒന്നിലധികം തവണ ടിവിയിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ, ഫലമുണ്ടായില്ല.  

അങ്ങനെ ഇരിക്കെയാണ്, ഒരു ദിവസം രാത്രി ഇവോ മാർട്ടിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഭാര്യയുടെ അരികിൽ ഉറങ്ങുകയായിരുന്ന മാർട്ടിനെ സഹോദരൻ ഇവോ ആക്രമിച്ചുവെന്നാണ് ആരോപണം. തന്റെ സഹോദരനെ ഇവോ കത്തി ഉപയോഗിച്ച് ആവർത്തിച്ച് കുത്തി. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹം ഉറക്കത്തിൽ നിന്ന് പിടഞ്ഞെണീറ്റു. ടൈംസിലെ ഒരു റിപ്പോർട്ട് പ്രകാരം, സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണയെന്ന് വിശ്വസിക്കപ്പെടുന്നു.

എന്നാൽ, ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം കണ്ടതുകൊണ്ടാകാം മാർട്ടിന് തന്റെ ആക്രമണകാരിയെ തിരിച്ചറിയാൻ സാധിച്ചില്ല. പേടിച്ച് നിലവിളിച്ച മാർട്ടിൻ ചോദിച്ചു, 'നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്താണ് വേണ്ടത്?' എന്ന് ചോദിക്കുകയായിരുന്നു. ഞാൻ നിങ്ങളുടെ സഹോദരനാണെന്ന് ഇവോ മറുപടി പറഞ്ഞു. അപ്പോഴാണ് താൻ ഇരുപത്തിനാല് വർഷമായി തിരഞ്ഞ് നടന്നിരുന്ന സഹോദരൻ തന്റെ എതിരാളിയായി മാറുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. പിതാവിന്റെ മരണത്തെത്തുടർന്ന് 18 -ാം വയസ്സിൽ വീടുവിട്ടിറങ്ങിയ ശേഷം സഹോദരങ്ങൾ ആദ്യമായി അപ്പോഴാണ് കണ്ടുമുട്ടുന്നത്.  

പിതാവ് എല്ലാ സ്വത്തുക്കളും മാർട്ടിന്റെ പേരിലാണ് എഴുതി വച്ചിരുന്നത്. മാർട്ടിൻ ഇപ്പോൾ താമസിക്കുന്ന വീടും അച്ഛനിൽ നിന്ന് ലഭിച്ച സ്വത്താണ്. ഇത് ഇവോയിൽ പക നിറച്ചു. മിക്ക ആളുകളും അഭിഭാഷകർ മുഖേനയായിരിക്കും ഇത് കൈകാര്യം ചെയ്യുന്നത്. എന്നാൽ, രണ്ട് പതിറ്റാണ്ടുകളായി കാണാതിരുന്ന സഹോദരനെ ഒരു രാത്രിയിൽ വീട് കയറി ആരാണ് ആക്രമിക്കുകയെന്ന് മാർട്ടിന്റെ വക്കീൽ നിക്കോള നെറ്റിസ് ചോദിക്കുന്നു. സഹോദരനോടുള്ള പക കാത്ത് സൂക്ഷിച്ച ഇവോ വീട്ടിലേയ്ക്ക് മടങ്ങാൻ താല്പര്യപ്പെട്ടില്ല. ഒടുവിൽ സഹോദരനെ ആക്രമിക്കാനായി അയാൾ പദ്ധതിയിട്ടു.    

തുടർന്ന്, പട്ടണത്തിൽ തിരിച്ചെത്തിയ ഇവോ വനത്തിൽ ക്യാമ്പ് ചെയ്തു. അവിടെ അയാൾ തന്റെ സഹോദരനെ നിരീക്ഷിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് ഒരു രാത്രി മാർട്ടിൻ താമസിക്കുന്ന വീട്ടിലേക്ക് കത്തിയുമായി ഇവോ കടന്നു വന്നു. ഇവോ മാർട്ടിന്റെ നെഞ്ചിൽ ആവർത്തിച്ച് കുത്തി. മാർട്ടിന്റെ ഭാര്യ ഇടപെടാൻ ശ്രമിച്ചപ്പോൾ, ഇവോ അവളുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ചു. തുടർന്ന് അവൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തന്റെ സഹോദരനോട് തനിക്ക് കടുത്ത നീരസമുണ്ടെന്നും എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐവോ ഉദ്യോഗസ്ഥരെ അറിയിച്ചു, ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മാർട്ടിൻ ഇപ്പോൾ അപകടനില തരണം ചെയ്‌തുവെന്ന് മാർട്ടിന്റെ വക്കീൽ അറിയിച്ചു.  

click me!