സഹോദരിമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഡേറ്റിംഗ് ആപ്പിലെത്തിയ യുവാവ്, പിന്നീട് സംഭവിച്ചത്!

By Web TeamFirst Published Aug 10, 2022, 5:03 PM IST
Highlights

രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി തനിക്ക് രാഖി കെട്ടിത്തരാന്‍ സഹോദരിമാരെ വേണമെന്നാണ് ഇയാള്‍ ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പില്‍ ആവശ്യപ്പെട്ടത്
 

ടിന്‍ഡര്‍ ഒരു ഡേറ്റിംഗ് ആപ്പാണെന്ന് നമുക്കറിയാം. പങ്കാളികളെ കണ്ടെത്താനും, ഡേറ്റിംഗിനും ഒക്കെ വേണ്ടിയാണ് അതില്‍ ആളുകള്‍ കയറുന്നത്. എന്നാല്‍ ഒരു യുവാവ് ടിന്‍ഡറില്‍ കയറിയത് മറ്റൊരു കാര്യത്തിനായിരുന്നു. രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി സഹോദരിമാരെ തേടിയായിരുന്നു യുവാവ് അതില്‍ എത്തിയത്. ഒരു സഹോദരനെ തേടി ആരും ടിന്‍ഡറില്‍ എത്തില്ലെന്ന് അറിയാമായിരുന്നിട്ടും, അയാള്‍ തന്റെ ആവശ്യം പറഞ്ഞ് അതില്‍ ഒരു പോസ്റ്റ് ഇട്ടു. എന്നാല്‍ അയാളെ അത്ഭുതപ്പെടുത്തി കൊണ്ട് വിചിത്രമായ ആ അഭ്യര്‍ത്ഥനയ്ക്ക് മറുപടി കിട്ടി. ഇപ്പോള്‍ രണ്ട് സഹോദരിമാരെയാണ് തനിക്ക് ടിന്‍ഡര്‍ കൊണ്ട് തന്നതെന്ന് യുവാവ് പറയുന്നു.  

അടുത്തിടെ റെഡ്ഡിറ്റിലാണ് അയാള്‍ തന്റെ അനുഭവം പങ്കുവച്ചത്. മുംബൈ നിവാസിയായ യുവാവിന് സഹോദരിമാരില്ല. എല്ലാ വര്‍ഷവും രക്ഷബന്ധന്‍ ദിനമാകുമ്പോള്‍ വല്ലാത്ത സങ്കടം തോന്നിയിരുന്നു എന്നയാള്‍ പറയുന്നു. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പോസ്റ്റുകളും, വിഡിയോകളും ഒക്കെ കാണുമ്പോള്‍ തനിക്ക് രാഖി കെട്ടി തരാനും, സമ്മാനങ്ങള്‍ നല്‍കാനും ആരും ഇല്ലല്ലോ എന്നയാള്‍ ഓര്‍ക്കും. കഴിഞ്ഞ രണ്ടു  വര്‍ഷമായി അയാള്‍ തന്റെ ആവശ്യം സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല. 'രക്ഷാബന്ധന്‍ ദിനത്തില്‍ കറങ്ങാന്‍ കൂടെ ഒരു സഹോദരിയെ വേണം.' എന്ന് രക്ഷാബന്ധന് രണ്ടാഴ്ച മുമ്പ് താന്‍ എഴുതുമായിരുന്നുവെന്ന് അയാള്‍ റെഡ്ഡിറ്റില്‍ പറഞ്ഞു.  

 

ഇപ്രാവശ്യം എന്തായാലും അയാളുടെ പോസ്റ്റിന് മറുപടി ലഭിച്ചു. അതും രണ്ട് പെങ്ങന്മാരെയാണ് അയാള്‍ക്ക് ഈ രക്ഷാബന്ധന്‍ ദിനത്തില്‍ ലഭിച്ചത്.

'ടിന്‍ഡറിന് നന്ദി, ഇപ്പോള്‍ എനിക്ക് രണ്ട് സഹോദരിമാരെയാണ് കിട്ടിയിരിക്കുന്നത്. അവര്‍ ഇരുവരെയും ഞാന്‍ ടിന്‍ഡറിലാണ് കണ്ടുമുട്ടിയത്. ഈ വര്‍ഷം ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ച് രക്ഷാബന്ധന്‍ ആഘോഷിക്കാനും, സമ്മാനങ്ങള്‍ കൈമാറാനും പദ്ധതിയിട്ടിരിക്കയാണ്. '' അയാള്‍ പറഞ്ഞു. 

ഇതിനെ അഭിനന്ദിച്ചും, എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തി. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള ഇടമല്ല ടിന്‍ഡറെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മുന്‍പ്, ഡേറ്റിംഗ് ആപ്പായ ബംബിളില്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് വേണമെന്ന് ഒരാള്‍ എഴുതിയതും വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു.  എറണാകുളം സ്വദേശിയാണ് തനിക്ക് ഹിന്ദി അറിയില്ലെന്നും, മുംബൈയില്‍ താമസിക്കാന്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് വേണമെന്നുമാണ് ഒരാള്‍ എഴുതിയത്. ആളുകള്‍ അതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.   
 

click me!