
ചില കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഏറെ ആകാംക്ഷാജനകമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. തിരക്കേറിയ ഒരു മലയോരപാതയിലൂടെ ഒരാൾ വളരെ അനായാസം ചീറിപ്പായുന്ന വാഹനങ്ങളെ വകഞ്ഞുമാറ്റി സ്കേറ്റിംഗ് ബോർഡിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇവിടെയെത്തിയ ഒരു വിദേശ വിനോദസഞ്ചാരിയാണ് ഇത്തരത്തിൽ അത്ഭുതകരമായ രീതിയിൽ സ്കേറ്റിംഗ് ബോർഡ് ഓടിച്ച് ആളുകളെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍, കനത്ത ആശങ്കയാണ് ഈ വീഡിയോ സൃഷ്ടിച്ചത്.
റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് യുവാവ് മുന്നോട്ടു നീങ്ങുന്ന കാഴ്ച കൗതുകം നിറഞ്ഞതും അതോടൊപ്പം തന്നെ ആശങ്കപ്പെടുത്തുന്നതുമാണ്. വീഡിയോയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശവും കുന്നുകളും നീലാകാശവും ഒക്കെ ഈ രംഗത്തെ ഒരു വീഡിയോ ഗെയിമിനോട് സാമ്യമുള്ളതാക്കുന്നുണ്ട്.
ഹെൽമെറ്റും കയ്യുറകളും ക്യാൻവാസ് ഷൂസും ധരിച്ച്, കാറുകളെയും ബൈക്കുകളെയും ട്രക്കുകളെയും എന്തിനേറെ പറയുന്നു പശുക്കളെ പോലും അനായാസം മറികടന്നാണ് ഇയാൾ മുന്നോട്ട് പോകുന്നത്. കൂടാതെ വാഹനങ്ങൾ നിറഞ്ഞ റോഡിൽ അയാൾ സ്കേറ്റിംഗ് തന്ത്രങ്ങളും ഇടയ്ക്കിടയ്ക്ക് പ്രയോഗിക്കുന്നതും വീഡിയോയിൽ കാണാം.
നിഖിൽ സൈനി എന്ന വ്യക്തിയാണ് എക്സിൽ ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തത്. വീഡിയോ കണ്ട് നിരവധി ആളുകൾ വിനോദസഞ്ചാരിയുടെ സ്കേറ്റിംഗ് മികവിനെ അഭിനന്ദിച്ചെങ്കിലും അതോടൊപ്പം തന്നെ തിരക്കുള്ള റോഡിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ഏറെ അപകടകരമാണെന്നും ചൂണ്ടിക്കാട്ടി. വാഹനത്തിൽ പോകുന്നവർക്കും സ്കേറ്റിംഗ് ബോർഡ് സഞ്ചരിച്ച വ്യക്തിക്കും അപകടങ്ങൾ ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.