റിക്രൂട്ട്മെൻറ് പരീക്ഷയുടെ ശാരീരിക പരിശോധനയ്ക്കിടയിൽ യുവാവ് ഉറങ്ങിപ്പോയി; ഉറക്കം ഉണർന്നത് മത്സരം കഴിഞ്ഞപ്പോൾ

Published : Mar 30, 2023, 03:39 PM IST
റിക്രൂട്ട്മെൻറ് പരീക്ഷയുടെ ശാരീരിക പരിശോധനയ്ക്കിടയിൽ യുവാവ് ഉറങ്ങിപ്പോയി; ഉറക്കം ഉണർന്നത് മത്സരം കഴിഞ്ഞപ്പോൾ

Synopsis

സഹ മത്സരാർത്ഥികൾ തന്നെക്കാൾ ഏറെ പിന്നിൽ ആണെന്ന് മനസ്സിലാക്കിയ അയാൾ മത്സരം പൂർത്തിയാക്കുന്നതിനു മുൻപായി തന്നെ അല്പം സമയം വിശ്രമിക്കാൻ തീരുമാനിച്ചു. പക്ഷേ അയാളുടെ അമിത ആത്മവിശ്വാസം വിനയായി. 

ആമയും മുയലും കഥയുടെ തനി ആവർത്തനമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിൽ നടന്ന ഒരു റിക്രൂട്ട്മെൻറ് പരീക്ഷയുടെ ശാരീരിക പരിശോധനയ്ക്കിടയിൽ നടന്നത്. 24 കിലോമീറ്റർ ഓട്ട മത്സരമായിരുന്നു ഉദ്യോഗാർത്ഥികൾക്കായുള്ള ആദ്യ ശാരീരിക പരിശോധന. ഇതിനിടയിലാണ് മത്സരത്തിൽ മുൻപിലായിരുന്ന ഒരു ഉദ്യോഗാർത്ഥി ഫിനിഷിംഗ് ലൈനിൽ എത്തുന്നതിന് തൊട്ടുമുൻപായി കിടന്ന് ഉറങ്ങിയത്. ഒടുവിൽ ശാരീരിക പരിശോധനയിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗാർത്ഥികളും മത്സരം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് ഉറങ്ങിപ്പോയ ഉദ്യോഗാർത്ഥി ഉണർന്നത്.

മധ്യപ്രദേശിലെ ഖണ്ഡ്‌വയിൽ ഫോറസ്റ്റ് റേഞ്ചർ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് ഏറെ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. 38 ഒഴിവുകളിലേക്കായി നടത്തിയ പരീക്ഷയുടെ ആദ്യത്തെ ശാരീരിക പരിശോധന ആയിരുന്നു 24 കിലോമീറ്റർ ഓട്ടം. ജോലിക്കായി അപേക്ഷിച്ച 114 ഉദ്യോഗാർത്ഥികളിൽ ഒമ്പത് സ്ത്രീകളും 52 പുരുഷന്മാരും ഉൾപ്പെടെ 61 പേർ മത്സരത്തിൽ പങ്കെടുത്തു. ഗ്വാളിയോറിലെ ദാബ്രയിൽ നിന്നുള്ള പഹാദ് സിംഗ് എന്ന യുവാവും ആ 61 പേരിൽ ഒരാളായിരുന്നു.

മത്സരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പഹാദ് സിംഗിന് വ്യക്തമായ മുൻതൂക്കം നേടാൻ കഴിഞ്ഞു. സഹ മത്സരാർത്ഥികൾ ഏറെ പിന്നിൽ ആണെന്ന് മനസ്സിലായതോടെ പഹാദ് സിംഗിന് ആത്മവിശ്വാസം വർദ്ധിച്ചു. അയാൾ വിജയം ഉറപ്പിച്ചു. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സഹ മത്സരാർത്ഥികൾ തന്നെക്കാൾ ഏറെ പിന്നിൽ ആണെന്ന് മനസ്സിലാക്കിയ അയാൾ മത്സരം പൂർത്തിയാക്കുന്നതിനു മുൻപായി തന്നെ അല്പം സമയം വിശ്രമിക്കാൻ തീരുമാനിച്ചു. പക്ഷേ അയാളുടെ അമിത ആത്മവിശ്വാസം വിനയായി. 

പഹാദ് സിംഗ് ഉറങ്ങിപ്പോയ സമയത്ത് മറ്റ് മത്സരാർത്ഥികളെല്ലാം മത്സരം പൂർത്തിയാക്കി. ഒടുവിൽ ശാരീരിക പരിശോധനകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അന്വേഷിച്ച് ചെല്ലുമ്പോഴാണ് ഫിനിഷിംഗ് പോയിന്റിൽ നിന്ന് അല്പം അകലെയായി ട്രാക്കിൽ കിടന്ന് ഉറങ്ങുന്ന പഹാദ് സിംഗിനെ കണ്ടെത്തിയത്.  ഉദ്യോഗസ്ഥർ വിളിച്ചുണർത്തിയപ്പോഴാണ് ഇദ്ദേഹം ഗാഢനിദ്രയിൽ നിന്നും ഉണർന്നത്. കാലിൽ കുമിളകൾ വന്നതിനെ തുടർന്ന് വിശ്രമിക്കാൻ ഇരുന്നെന്നും ഗാഢനിദ്രയിലേക്ക് വഴുതി വീണതാണെന്നും ആണ് പഹാദ് സിംഗ് പിന്നീട് വിശദീകരിച്ചത്.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ