
'എന്നെ പിടിക്കാൻ സാധിക്കുമെങ്കിൽ പിടിച്ചോ' എന്ന് ഫേസ്ബുക്കിൽ എഴുതി പൊലീസി(Police)നെ പരിഹസിച്ച ഒരു മോഷ്ടാവിനെ പൊലീസ് തൂക്കിയെടുത്ത് അകത്തിട്ടു. എന്ന് മാത്രവുമല്ല എട്ട് വർഷം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു. 20 -കാരനായ ജോർദാൻ കാറാ(Jordan Carr)ണ് അറസ്റ്റിലായത്. പ്രതിയെ കണ്ടുകിട്ടുന്നവർ വിവരം അറിയിക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് താഴെ വന്നായിരുന്നു പ്രതിയുടെ ഈ ഡയലോഗ്. എന്നാൽ, താൻ അതിസമർത്ഥനാണെന്ന് കരുതിയ പ്രതിയ്ക്ക് തെറ്റിപ്പോയി. പരസ്യമായി വെല്ലുവിളിച്ച അയാളെ പൊലീസ് തേടി കണ്ടുപിടിക്കുക തന്നെ ചെയ്തു.
2020 ജനുവരിയിൽ കാറും ഒരു സുഹൃത്തും കെംപ്‌സ്റ്റണിലെ ബെഡ്‌ഫോർഡ് റോഡിൽ വെച്ച് കളിത്തോക്കുപയോഗിച്ച് രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായി ബെഡ്‌ഫോർഡ്‌ഷെയർ പൊലീസ് പറഞ്ഞു. അതേ റോഡിൽ അഞ്ച് മാസം മുമ്പ് നടന്ന ഒരു കത്തിക്കുത്ത് കേസിലെ കുറ്റവാളിയുടെ ഒളിത്താവളം ചോദിച്ചായിരുന്നു പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയത്. 2021ഫെബ്രുവരിയിൽ നടന്ന ഒരു വലിയ കവർച്ചയെത്തുടർന്ന് പൊലീസ് കാർ തടഞ്ഞു നിർത്തി അയാളെ ചോദ്യം ചെയ്തു. എന്നാൽ, തെറ്റായ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അയാൾ കടന്ന് കളഞ്ഞു. തുടർന്ന് പൊലീസ് അയാളെ കണ്ടെത്താൻ പരസ്യം ചെയ്യുകയും 2021 ജൂണിൽ കാർ അറസ്റ്റിലാവുകയും ചെയ്തു.
അയാളെ കണ്ടെത്താൻ ബെഡ്‌ഫോർഡ്‌ഷെയർ പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാണ്ടഡ് നോട്ടീസിന് താഴെ വന്നാണ്, 'എന്നെ പിടിക്കാൻ സാധിക്കുമെങ്കിൽ പിടിച്ചോ' എന്ന് കാർ കമന്റിട്ടത്. ഇത് വൈകാതെ തന്നെ വൈറലായി. കമന്റിന് 5,500 -ത്തിലധികം ലൈക്കുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതോടെ പൊലീസിന് വാശിയായി. ഒടുവിൽ 2021 ജൂണിൽ കാറിനെ അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച്, 2022 ഫെബ്രുവരിയിൽ ലൂട്ടൺ ക്രൗൺ കോടതിയിൽ ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം കാറും മാത്യൂസും തോക്ക് കൈവശം വച്ചതിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കാറിനെ ജഡ്ജി അപകടകാരിയായി പ്രഖ്യാപിച്ചതായും എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചതായും പൊലീസ് പറഞ്ഞു. കാറിന്റെ സുഹൃത്തായ കെംപ്‌സ്റ്റണിലുള്ള മാത്യൂസിനെയും 2020 ജനുവരിയിൽ നടന്ന സംഭവത്തെത്തുടർന്ന് കോടതി കുറ്റക്കാരനായി കണ്ടെത്തി. രണ്ടര വർഷത്തെ തടവിന് അയാളെ കോടതി ശിക്ഷിച്ചതായും പൊലീസ് പറഞ്ഞു. 'ഒരു വർഷം മുമ്പ്, ജോർദാൻ കാർ ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന് 'നിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്നെ പിടിച്ചോ' എന്നെഴുതിയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാമോ? ഞങ്ങൾ അവനെ പിടികൂടി. കാർ ഇനി എട്ട് വർഷം ജയിലിൽ കിടക്കും. ജോർദാൻ, ഞങ്ങളുടെ അടുത്ത് നിന്ന് നിങ്ങൾക്ക് ഓടിപ്പോകാനാവില്ല' പൊലീസ് പിന്നീട് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.