ഒരു റെസ്റ്റോറന്റിൽ വെച്ച് താൻ അഞ്ച് മാസം മുൻപ് പ്രസവമെടുത്ത ഇരട്ടക്കുട്ടികളുടെ പിതാവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനെക്കുറിച്ച് പാൻ ആഫ്രിക്കൻ ഡോക്ടറായ ഇദ്രിഷ് താഹിർ എഴുതിയ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നിങ്ങളുടെ ജോലിയിൽ സംതൃപ്തി തോന്നുന്നത് എപ്പോഴാണ്. നിങ്ങൾ ചെയ്ത ഒരു പ്രവർത്തി മറ്റൊരാൾക്ക് സഹായകരമായി എന്ന് പിന്നീടൊരിക്കൽ തിരിച്ചറിയുമ്പോഴാകും. ബോധപൂർവ്വമല്ലാതെയുള്ള ഇത്തരം തിരിച്ചറിവുകളാണ് ഓരോരുത്തരെയും അവരവരുടെ ജോലികളിൽ സംതൃപ്തരാക്കുന്നത്. അത്തരമൊരു അസാധാരണ നിമിഷത്തെ കുറിച്ച് എഴുതിയിയ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
'എന്‍റെ ഹൃദയം നിറഞ്ഞു'
പാൻ ആഫ്രിക്കൻ ഡോക്ടറായ ഇദ്രിഷ് താഹിർ തന്‍റെ എക്സ് ഹാന്‍റിലിൽ എഴുതിയ ഒരു കുറിപ്പാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടിയത്. ഒരു റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ രണ്ട് സുന്ദരികളായ ഇരട്ടകളുമായെത്തിയ ഒരു ദമ്പതികളെ കണ്ടെന്നും പിന്നാലെ തന്‍റെ ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കാനായി പോയപ്പോൾ കുട്ടികളുടെ അച്ഛന്‍, തന്‍റെ ഭക്ഷണത്തിന്‍റെ ബില്ല് കൂടി കൊടുത്തെന്ന് പറഞ്ഞു. ഇത് കേട്ട് അമ്പരന്ന് നിൽക്കുമ്പോൾ, അദ്ദേഹം പറഞ്ഞത്, നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ അഞ്ച് മാസം മുമ്പ് നിങ്ങൾ പ്രവസം എടുത്ത ഇരട്ടകളാണ് അവരെന്നായിരുന്നു. ഇത് കേട്ട് എന്‍റെ ഹൃദയം നിറഞ്ഞെന്ന് അദ്ദേഹം എഴുതി. ഒരു ഡോക്ടറെ സംബന്ധിച്ച് രോഗികളിൽ നിന്നും ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങളാണ്, ഇത്തരം നിമിഷങ്ങളാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയം നിറഞ്ഞെന്ന് നെറ്റിസെന്‍സും
ഡോക്ടറുടെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ഹൃദയം കവർന്നു. നിരവധി ഡോക്ടർമാർ തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തി. ഡോക്ടറുടെ ആത്മസമർപ്പണത്തെ ആളുകൾ പ്രശംസിക്കുകയും കുടുംബത്തിന്‍റെ പ്രവൃത്തിയെ മനോഹരമെന്നും ഹൃദ്യമായതെന്നും കുറിച്ചു. ഉപഭോക്തൃ അനുഭവം. എത്ര നല്ല അവലോകനമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഞാൻ എന്‍റെ മകളോടൊപ്പം ഒരു മാർക്കറ്റിലായിരുന്നു, അവൾ ഒരു മെഡിക്കൽ ഡോക്ടറാണ്. ഒരു സ്ത്രീ വന്ന് അവളെ അഭിവാദ്യം ചെയ്യാൻ മുട്ടുകുത്തി. തുടർന്ന് അവൾ എന്‍റെ മകളോട് പറഞ്ഞു, അവരുടെ ഗുരുതരമായ വയറുവേദന ചികിത്സിച്ച് മാറ്റിയത് മകളാണെന്ന് ഒരു ഉപയോക്താവ് ഡോക്ടറുടെ കുറിപ്പിന് താഴെ കുറിച്ചു.


