പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം ദേ ഒരു മനുഷ്യൻ, വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ പോലും അമ്പരപ്പിച്ച സംഭവം യുപിയിൽ

Published : Nov 28, 2025, 06:17 PM IST
man trapped in metal cage intended to catch leopard

Synopsis

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത് ഇയാൾ ആടിനെ കൊണ്ടുപോകാൻ കൂട്ടില്‍ കയറിയതാണോ എന്നാണ്. എന്നാൽ പ്രദീപ് പറയുന്നത്, കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് എന്ന് അറിയാനായിട്ടാണ് താൻ അകത്ത് കയറി നോക്കിയത് എന്നാണ്.

പുള്ളിപ്പുലിയെ കുടുക്കാൻ വച്ച കൂട്ടിൽ മനുഷ്യൻ. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ പോലും അമ്പരപ്പിച്ച സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ബഹ്‌റൈച്ച് ജില്ലയിൽ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കതർനിയാഘട്ട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് കെണി സ്ഥാപിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ശാന്തി ദേവി എന്ന 55 -കാരി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കെണി സ്ഥാപിച്ചത്. പുള്ളിപ്പുലിക്കുള്ള ഇരയായി ഒരു ആടിനെയും കൂട്ടിനുള്ളിൽ കെട്ടിയിട്ടിരുന്നു.

എന്നാൽ, അതേ ​ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് എന്ന യുവാവാണ് പുലിക്ക് വച്ച കൂട്ടിൽ പെട്ടത്. മദ്യപിച്ച ശേഷം പ്രദീപ് തന്നെ ഈ കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവാവ് കൂട്ടിനുള്ളിൽ കയറിയ ഉടനെ തന്നെ, ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. അതോടെ പ്രദീപ് ഇതിന്റെ അകത്ത് പെടുകയും ചെയ്തു. എന്തിന് പ്രദീപ് ഇതിന്റെ അകത്ത് കയറി എന്നതിനെ കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത് ഇയാൾ ആടിനെ കൊണ്ടുപോകാൻ കയറിയതാണോ എന്നാണ്. എന്നാൽ പ്രദീപ് പറയുന്നത്, കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് എന്ന് അറിയാനായിട്ടാണ് താൻ അകത്ത് കയറി നോക്കിയത്. പക്ഷേ, അതിന്റെ വാതിൽ അടയുകയും താൻ അകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു എന്നാണ്.

അകത്ത് കുടുങ്ങി എന്ന് മനസിലായതോടെ യുവാവ് സഹായത്തിനായി വിളിച്ചുകൂവി. മൊബൈൽ ഉപയോ​ഗിച്ച് ​ഗ്രാമത്തിലുള്ളവരെ വിളിക്കുകയും ചെയ്തു. ഉടനെ തന്നെ അവർ ​ഗ്രാമത്തലവനെ വിവരം അറിയിക്കുകയും അവർ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിളിക്കുകയും ആയിരുന്നു. അവരെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. ഇയാളെ പുറത്തെടുക്കാൻ രണ്ട് മണിക്കൂർ എടുത്തുവത്രെ.

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്