29 വയസ്സായിട്ടും മകന്‍ പെണ്ണുകെട്ടാത്തതില്‍ 'നാണംകെട്ട്' പിതാവ് വിഷംകഴിച്ചു

By Web TeamFirst Published Jan 28, 2022, 6:34 PM IST
Highlights

''ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.''-കത്തില്‍ ഇയാള്‍ എഴുതി. 

29 വയസ്സായിട്ടും മകന്‍ പെണ്ണുകെട്ടാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യാശ്രമം നടത്തി. ചൈനയിലെ ഷാങ്ഹായി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ചൈനീസ് മാധ്യമമായ കെ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

55-കാരനായ പിതാവ് റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനു തൊട്ടുമുമ്പായി താന്‍ വിഷം കഴിച്ചതായി അദ്ദേഹം റെയില്‍വേ ഗാര്‍ഡുകളോട് പറഞ്ഞിരുന്നു. ഒപ്പം ആത്മഹത്യാ കുറിപ്പായി ഒരു കടലാസും അവരെ ഏല്‍പ്പിച്ചു. അതിലാണ്, 29 വയസ്സായിട്ടും കല്യാണം കഴിക്കാത്ത മകന്റെ അവസ്ഥയില്‍ നാണംകെട്ടാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രായമായിട്ടും പെണ്ണുകെട്ടുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് മരണകാരണമെന്നാണ് മകനെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. 

''ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.''-കത്തില്‍ ഇയാള്‍ എഴുതി. 

റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ തന്നെ ഗാര്‍ഡുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന് എതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

സംഭവം വാര്‍ത്തയായതോടെ, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പട്ട വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നത്. വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനുമായി ചെറുപ്പക്കാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് നിലനില്‍ക്കുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചിലര്‍ പിതാവിനെ അനുകൂലിച്ച് രംഗത്തുവന്നു. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍, മുതിര്‍ന്ന പൗരന്‍മാരില്‍ പലരും പിതാവിനെതിരെ കേസ് എടുത്തത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടു. മക്കളെ വളര്‍ത്തുകയും നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക എന്നതല്ലാതെ മക്കളെ കെട്ടിക്കേണ്ടത് മാതാപിതാക്കളുടെ കടമ അല്ലെന്നും അഭിപ്രായം ഉയര്‍ന്നു. 

മുപ്പതു വയസ്സിനു മുമ്പ് വിവാഹം കഴിക്കണമെന്നാണ് ചൈനയിലെ നാട്ടുനടപ്പ്. സാധാരണയായി, നിര്‍ബന്ധിക്കാതെ തന്നെ ആളുകള്‍ ഈ പ്രായത്തിനു മുമ്പ് വിവാഹം കഴിക്കാറാണ് പതിവ്. എന്നാല്‍, പുതിയ കാലത്ത്, നിരവധി പേരാണ് വിവാഹത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. ചൈനയിലെ ജനനനിരക്കിലുണ്ടായ വലിയ ഇടിവിനു കാരണമായി ഇക്കാര്യമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 


 

click me!