
പ്രിയപ്പെട്ടവരുടെ പിറന്നാളുകൾ ഓർത്തുവയ്ക്കുക എന്നത് നമ്മിൽ പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ, ചിലരെങ്കിലും അത് മറന്നു പോവാറുണ്ട്. പങ്കാളികളുടെയും മറ്റും പിറന്നാളുകൾ മറന്നു പോയതിന് വഴക്ക് കേൾക്കുന്നവരും കുറവല്ല. പക്ഷേ, അങ്ങനെ ഭാര്യയുടേയും മൂന്ന് മക്കളുടേയും പിറന്നാൾ ഓർമ്മിച്ച് വച്ച ഒരാളെ തേടി വലിയ ഭാഗ്യമാണ് വന്നിരിക്കുന്നത്. ചൈനയിലെ ഒരു കുടിയേറ്റത്തൊഴിലാളിയെ തേടിയാണ് പ്രസ്തുത ഭാഗ്യം എത്തിയിരിക്കുന്നത്.
ഭാര്യയുടേയും മക്കളുടേയും പിറന്നാൾ ഡേറ്റുകൾ വരുന്ന ലോട്ടറി ടിക്കറ്റ് എടുത്ത ഇയാൾക്ക് 90 കോടി രൂപയാണ് ലോട്ടറിയടിച്ചത്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ നിന്നുള്ള അദ്ദേഹം ഈ മാസം ആദ്യം കടയിൽ പോയി 340 രൂപയ്ക്ക് 15 ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. ആ ലോട്ടറി ടിക്കറ്റുകൾ അദ്ദേഹം വളരെ സൂക്ഷ്മമായിട്ടാണ് തെരഞ്ഞെടുത്തത്. കുടുംബത്തിന്റെ പിറന്നാളുകളായിരുന്നു അതിലെ നമ്പറുകൾ. എന്നാൽ, ജൂലൈ 11 -ന് ലോട്ടറി അതോറിറ്റിയിൽ നിന്നും വിളിച്ച് ടിക്കറ്റിന് സമ്മാനം നേടിയതായി അറിയിക്കുകയായിരുന്നു.
112 -ലേക്ക് വിളിച്ച് കാണാതായ ഷൂ കണ്ടെത്തിത്തരണമെന്ന് പരാതിക്കാരൻ, സിസിടിവി അടക്കം പരിശോധിച്ച് പൊലീസ്
ഓരോ ടിക്കറ്റിനും അഞ്ച് കോടിക്ക് മുകളിലാണ് സമ്മാനമടിച്ചത്. അങ്ങനെ ആകെ 88 കോടിക്ക് മുകളിൽ തുക അദ്ദേഹത്തിന് കിട്ടി. റിപ്പോർട്ടുകൾ പ്രകാരം ഇവിടെ നിന്നും ഒരാൾക്ക് കിട്ടുന്ന ഏറ്റവും വലിയ തുകയാണ് ഇത്. തനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്നാണ് ലോട്ടറിയടിച്ച വു പറയുന്നത്. ഒപ്പം തന്റെ കുടുംബമാണ് തനിക്ക് ഭാഗ്യം കൊണ്ട് തന്നത്, അവരുടെ പിറന്നാളുകളായതു കൊണ്ടാണ് തന്നെ തേടി ഈ ഭാഗ്യം എത്തിയത്, വിജയിക്കും എന്ന തോന്നലുണ്ടായതു കൊണ്ടാണ് ഒരുപാട് ടിക്കറ്റുകൾ എടുത്തത് എന്നും വു പറയുന്നു.