
ലോട്ടറി അടിക്കുക എന്നതിനെ ഒരു ഭാഗ്യമായിട്ടാണ് നാം കാണുന്നത്. വലിയ തുകയാണ് അടിക്കുന്നത് എങ്കിൽ മഹാഭാഗ്യമായിട്ടും. എന്നാൽ, ഒന്നിലധികം തവണ ലോട്ടറി അടിക്കുകയാണെങ്കിലോ? അയാൾ എത്രമാത്രം ഭാഗ്യവാനായിരിക്കും അല്ലേ? അതുപോലെ യുഎസ്സിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവർ വാർത്തയായിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, മൂന്ന് തവണയാണ് ഇയാൾക്ക് ലോട്ടറി അടിച്ചത്.
അതും ഒരേ നമ്പറുള്ള ലോട്ടറിയാണ് ഈ മൂന്ന് തവണയും ഇയാൾ എടുത്തത്. മൂന്ന് തവണയും ഇയാൾക്ക് ലോട്ടറി അടിക്കുകയും ചെയ്തു. മേരിലാൻഡ് ലോട്ടറിയാണ് ഈ വിജയവാർത്ത പുറത്ത് വിട്ടത്. എന്നാൽ, ഈ ഭാഗ്യവാന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 52 വയസുള്ള ഒരു ട്രക്ക് ഡ്രൈവർ എന്ന് മാത്രമാണ് പുറത്ത് വരുന്ന വിവരം. ജീവിച്ചിരിക്കുന്നവരിൽ അങ്ങേയറ്റം ഭാഗ്യമുള്ളയാൾ എന്നാണ് മേരിലാൻഡ് ലോട്ടറി ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏകദേശം 45 ലക്ഷമാണ് ഇയാൾക്ക് മൂന്നാം തവണ ലോട്ടറി അടിച്ചിരിക്കുന്നത്. ഏപ്രിൽ 13 -നാണത്രെ ഇത്. The BayNet ആണ് ട്വിറ്ററിൽ ഇയാളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരേ നമ്പറിൽ മൂന്നാം തവണ ലോട്ടറി അടിച്ചതായി കാപ്ഷനിൽ സൂചിപ്പിക്കുന്നും ഉണ്ട്. മൊത്തത്തിൽ എട്ട് കോടി രൂപയാണ് ഇയാൾക്ക് മൂന്ന് തവണയായി ലോട്ടറി അടിച്ചതിൽ നിന്നും കിട്ടിയിരിക്കുന്നത്. 48548 എന്ന നമ്പറാണ് മൂന്ന് തവണയും ഇയാളെ തുണച്ചത്.
ഭാര്യയാണ് ഈ നംപർ തെരഞ്ഞെടുക്കാൻ തന്നോട് ആവശ്യപ്പെട്ടത് എന്നും അതേ തുടർന്നാണ് ഇതേ നമ്പർ തന്നെ എടുത്തത് എന്നും ഇയാൾ മേരിലാൻഡ് ലോട്ടറിയോട് പറഞ്ഞു. അതുപോലെ, ആരെങ്കിലും സഹായം തേടി വരുമോ, കടം വാങ്ങാൻ വരുമോ എന്നൊക്കെ പേടിച്ചിട്ടാണോ എന്ന് അറിയില്ല തന്റെ പേര് വെളിപ്പെടുത്തരുത് എന്നും ഇയാൾ അപേക്ഷിച്ചിട്ടുണ്ട്.