
പണമുണ്ടാക്കാൻ ആളുകൾ പല വഴിയും തേടാറുണ്ട്. എങ്ങനെയെങ്കിലും പണമുണ്ടാക്കിയാൽ മതി എന്ന് കരുതുന്നവരുണ്ടാവും. എന്നാൽ, ഏറ്റവും ഭാഗ്യവാന്മാരെന്ന് നമ്മൾ പറയുന്നത് ലോട്ടറിയിൽ വിജയിച്ച് സമ്മാനം നേടുന്നവരെയാണ്. അവരെയാണ് നാം ഭാഗ്യശാലികൾ എന്ന് പറയാറുള്ളത്. ഇപ്പോഴിതാ യുകെയിൽ നിന്നുള്ള ഒരാൾ പറയുന്നത്, മരിച്ചുപോയ തന്റെ അച്ഛനാണ് താനെടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം നേടാൻ കാരണമായി തീർന്നത് എന്നാണ്.
ബോൾട്ടണിൽ നിന്നുള്ള 46 -കാരനായ ഡാരൻ മക്ഗുയർ ഗ്യാസ് എഞ്ചിനീയറായിട്ടാണ് ജോലി ചെയ്യുന്നത്. 10 ലക്ഷം പൗണ്ട് (ഏകദേശം 11.77 കോടി) ആണ് ഡാരന് ലോട്ടറിയടിച്ചത്. എന്നാൽ, മരിച്ചുപോയ അച്ഛൻ തന്ന ചില സൂചനകളാണ് ഈ തുക നേടാൻ തന്നെ സഹായിച്ചത് എന്നാണ് ഡാരൻ പറയുന്നത്. എന്തായാലും, ലോട്ടറിയടിച്ചതോടെ ഇരുപത് വർഷമായി തന്റെ കൂടെയുള്ള പങ്കാളിയെ വിവാഹം കഴിക്കാൻ കൂടി തീരുമാനിച്ചിരിക്കുകയാണ് ഈ 46 -കാരൻ.
'തന്റെ ഈ വിജയത്തിൽ തന്റെ പിതാവിന് പങ്കുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ജന്മദിനവും മരണ തീയതിയുമായി ബന്ധപ്പെട്ട നമ്പറുകളാണ് താൻ ലോട്ടറിയിൽ തിരഞ്ഞെടുത്തത്' എന്നാണ് ഡാരൻ പറയുന്നത്. 'ഞങ്ങൾക്കെല്ലാവർക്കും അച്ഛനെ വളരെയധികം മിസ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നറുക്കെടുപ്പിനായി അദ്ദേഹത്തിന്റെ നമ്പറുകൾ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചത്' എന്നും അദ്ദേഹം പറഞ്ഞു.
'ലോട്ടറി അടിക്കുന്നതിന്റെ അന്നേദിവസം രാവിലെ ഞങ്ങളുടെ തോട്ടത്തിലെ റോസാച്ചെടിയിൽ രണ്ട് പൂക്കളുണ്ടായി. നാല് വർഷമായി പൂവിടാത്ത റോസയായിരുന്നു അത്. അതിലൂടെ ഇതാണ് ആ ദിവസം എന്ന് അച്ഛൻ എന്നോട് പറയാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെയാണ് ലോട്ടറി ടിക്കറ്റെടുത്തത്' എന്നും ഡാരൻ പറഞ്ഞു.