
ലോട്ടറിയടിച്ച മുഴുവൻ തുകയും സാമൂഹ്യക്ഷേമത്തിനായി വിനിയോഗിക്കാൻ തീരുമാനിച്ച് അമേരിക്കൻ സ്വദേശി. ആഫ്രിക്കൻ-അമേരിക്കൻ വംശജനായ സൗലെമാൻ സനയാണ് ലോട്ടറിയടിച്ച് ലഭിച്ച 50 ലക്ഷത്തിലധികം രൂപ ഗ്രാമത്തിലെ കുട്ടികൾക്കായി സ്‌കൂൾ നിർമ്മിക്കാൻ ഉപയോഗിക്കുകയാണ് എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
100,000 ഡോളർ, ഏകദേശം 82.7 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. തന്റെ ഈ ഗ്രാമത്തിലെ കുട്ടികൾ നല്ലൊരു സ്കൂൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ മഹാഭാഗ്യം അവരുടെ കൂടി സന്തോഷത്തിനായി വിനിയോഗിക്കുകയാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻസി എജ്യുക്കേഷൻ ലോട്ടറിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് സന ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.
ന്യൂബേൺ നിവാസിയും മാലി സ്വദേശിയുമായ സൗലെമാൻ സന, മാലിയിലെ തന്റെ ഗ്രാമത്തിലാണ് സ്കൂൾ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാൻ മികച്ച സൗകര്യം ഒരുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇപ്പോൾ അവർക്ക് പഠിക്കാൻ നല്ലൊരു കെട്ടിടമോ മേശയോ പോലും ഇല്ലെന്നും അതിന് പരിഹാരം കാണാനാണ് താൻ ഈ ലോട്ടറി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ അനുഗ്രഹിക്കപ്പെട്ടവരായതുകൊണ്ടാണ് തനിക്ക് ലോട്ടറി അടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി താൻ ഒരു സന്നദ്ധപ്രവർത്തക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കിലോമീറ്ററുകൾ നടന്നാണ് ഇപ്പോൾ തന്റെ ഗ്രാമത്തിലെ കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നതെന്നും ഇതിനെല്ലാം ശാശ്വത പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നോർത്ത് കരോലിന ലോട്ടറി നൽകുന്ന വിവരമനുസരിച്ച്, നികുതി തുക പിടിച്ചശേഷം ഏകദേശം 71,259 ഡോളർ (58.94 ലക്ഷം രൂപ) ആണ് സനയ്ക്ക് ലഭിച്ചത്.