ചെയ്യാത്ത കുറ്റത്തിന് അകത്ത് കിടന്നത് 34 വർഷം, ഒടുവിൽ നീതി, പുറത്തേക്ക് 

Published : Mar 17, 2023, 09:47 AM ISTUpdated : Mar 17, 2023, 09:49 AM IST
ചെയ്യാത്ത കുറ്റത്തിന് അകത്ത് കിടന്നത് 34 വർഷം, ഒടുവിൽ നീതി, പുറത്തേക്ക് 

Synopsis

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ജയിലിൽ നിന്നും തിങ്കളാഴ്ചയാണ് ഹോംസ് പുറത്തിറങ്ങിയത്.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാൽ, ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളോളം ജയിലഴിക്കകത്ത് കിടക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എന്താവും? ഫ്ലോറിഡയിൽ അതുപോലെ ഒരാൾ ചെയ്യാത്ത കുറ്റത്തിന് 34 വർഷം ജയിലിനകത്ത് കിടന്നു. 1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്‍നി ഹോംസ് എന്നയാൾ വർഷങ്ങൾക്ക് ശേഷം നിരപരാധിയാണ് എന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജയിൽ മോചിതനായിരിക്കുകയാണ്. 

താൻ ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവനും ഹോംസ് ജയിലിൽ കഴിഞ്ഞത്. 'ഈ ഒരു ദിനം വരും എന്ന് എന്നും ഞാൻ കരുതിയിരുന്നു, എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു' എന്ന് ഹോംസ് പറയുന്നു. '34 വർഷത്തിനിടയിൽ ആദ്യമായി ഞാൻ പുറംലോകത്തേക്ക് ഇറങ്ങുകയാണ്. എന്റെ അമ്മയെ ആലിം​ഗനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു' എന്നും ഹോംസ് പറഞ്ഞു. 

എൻജിഒ ആയ ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡയ്ക്ക് നേരത്തെ നൽകിയ പ്രസ്താവനയിലാണ് ഹോംസ് ഇക്കാര്യം പറഞ്ഞത്. അവരാണ് നിരപരാധിത്വം തെളിയിക്കാൻ ഹോംസിന്റെ കൂടെ നിന്നത്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ജയിലിൽ നിന്നും തിങ്കളാഴ്ചയാണ് ഹോംസ് പുറത്തിറങ്ങിയത്. 1988 ജൂണിൽ നടന്ന ഒരു സായുധ കവർച്ചയിൽ കവർച്ചക്കാരെ രക്ഷിച്ച ഡ്രൈവറായി ആരോപിച്ചാണ് ഹോംസിനെ അറസ്റ്റ് ചെയ്തത്. 

ഹോംസ് ഇക്കാലമത്രയും തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. 2020 -ൽ സ്റ്റേറ്റ് അറ്റോർണി കൺവിക്ഷൻ റിവ്യൂ യൂണിറ്റിനെ (CRU) ബന്ധപ്പെട്ടു. ദൃസാക്ഷിയുടെ മൊഴിയിലും പ്രശ്നമുണ്ട് എന്ന് മനസിലായി. പിന്നീട് കേസ് കോടതിയിൽ നിലനിന്നില്ല. മറ്റൊരു കാറാണ് ഹോംസിന്റെ കാറായി തെറ്റിദ്ധരിക്കപ്പെട്ടത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏതായാലും ഇത്രയും കാലം വേണ്ടി വന്നു ഹോംസിന് താൻ നിരപരാധിയാണ് എന്ന് നിയമത്തെ ബോധ്യപ്പെടുത്താനും പുറത്തിറങ്ങാനും. 

പുറത്തിറങ്ങിയ ഹോംസ് തന്റെ വീട്ടുകാരുമായി കൂടിച്ചേരുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!