
ഇന്ത്യയിലെ തൊഴിലിടങ്ങളിലെ ടോക്സിക് സംസ്കാരത്തെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും മാനേജർമാരുടെ ഉപദ്രവങ്ങളെ കുറിച്ചുമെല്ലാം ആളുകൾ നിരന്തരം പരാതി പറയാറുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. 'മോശം മാനേജർമാർ നിറഞ്ഞ ഈ ലോകത്ത്, ഇതാ ഒരു നല്ല മാനേജർ' എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ജീവനക്കാരനും മാനേജരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ഇതിൽ കാണാം.
സ്ക്രീൻഷോട്ടിൽ ജീവനക്കാരന് എന്തോ ഒരു സന്തോഷക്കുറവുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ട മാനേജർ അയാളോട് അതേക്കുറിച്ച് ചോദിക്കുന്നതാണ് കാണുന്നത്. 'ഹേയ്, നിങ്ങൾ ഓക്കെയാണോ' എന്നാണ് മാനേജർ മെസ്സേജ് അയച്ചിരിക്കുന്നത്. അത് അറിയുന്നതിനായിട്ടാണ് താൻ മെസ്സേജ് അയച്ചത് എന്നും ഇന്ന് നിങ്ങൾ സന്തോഷമില്ലാതെ ഇരിക്കുന്നതായി തോന്നിയെന്നും മെസ്സേജിലുണ്ട്. മറ്റൊരു സ്ക്രീൻഷോട്ടിൽ, ജീവനക്കാരൻ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റിനെക്കുറിച്ച് മാനേജരോട് പറയുന്നത് കാണാം. തനിക്കൊരു ഡോക്ടറുടെ അപ്പോയ്ൻമെന്റ് ഉണ്ടെന്നും വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് തിരികെ എത്തുമെന്നുമാണ് മെസ്സേജിൽ പറയുന്നത്. മാനേജരുടെ മറുപടിയിൽ ജീവനക്കാരനെ കുറിച്ചുള്ള ആശങ്ക കാണാം. നിങ്ങൾ ലോഗ് ഓഫ് ചെയ്തോളൂ എന്നും ബാക്കിയുള്ള ടാസ്കുകൾ താൻ നോക്കിക്കോളാമെന്നും മാനേജർ പറയുന്നു.
ആഘോഷദിവസങ്ങളിൽ മാനേജർ എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്ത് കൊണ്ടുത്തരുമെന്നും എല്ലാവരുടെ മുന്നിൽ വച്ച് ആരേയും അഭിനന്ദിക്കാൻ മടിയില്ലാത്ത ആളാണ് എന്നും യുവാവ് കുറിച്ചു. താൻ നേരത്തെ ജോലി ചെയ്ത സ്ഥലത്തെ മാനേജർ ഇതിന്റെ നേരെ വിപരീതമായിരുന്നു എന്നും പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇങ്ങനെ ഒരു മാനേജർ ഭാഗ്യമാണ് എന്നാണ് പലരും പറഞ്ഞത്.