ബംഗ്ലാദേശിലെ തിരക്കേറിയ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വയോധികനെ തല്ലിയ ഇൻഫ്ലുവൻസർ മോണിക്ക കബീറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ, തന്നെ മറികടന്നുപോയ വയോധികനെ ഇൻഫ്ലുവൻസർ തന്റെ ബാഗ് കൊണ്ട് മർദ്ദിക്കുന്നതാണ് കാണാവുന്നത്. 

ബംഗ്ലാദേശിലെ ഒരു തിരക്കേറിയ തെരുവിൽ മോഡലും ഇൻഫ്ലുവൻസറുമായ മോണിക്ക കബീർ തന്റെ പുതിയ റീൽ ചിത്രീകരിക്കുന്നതിനിടയിലാണ് വിവാദമായ ഈ സംഭവം നടന്നത്. റോഡരികിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു നിൽക്കുകയായിരുന്നു മോണിക്ക. ഈ സമയം നടന്നുപോവുകയായിരുന്ന ഒരു വയോധികൻ്റെ കൈയിലുണ്ടായിരുന്ന ബാഗ് അബദ്ധത്തിൽ മോണിക്കയുടെ ദേഹത്ത് തട്ടി. നിമിഷങ്ങൾക്കകം പ്രകോപിതയായ മോണിക്ക ആ വയോധികൻ്റെ പിന്നാലെ ഓടി തന്റെ കൈയിലുണ്ടായിരുന്ന ഹാൻഡ്‌ബാഗ് കൊണ്ട് അദ്ദേഹത്തെ പലതവണ അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെട്ടെന്നുണ്ടായ ഈ ആക്രമണത്തിൽ ആ വയോധികൻ പരിഭ്രമിക്കുന്നതും സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. റോഡിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ഈ കാഴ്ച കണ്ട് അമ്പരന്നു നിന്നു. എന്നാൽ മർദ്ദനത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ പുഞ്ചിരിച്ചുകൊണ്ടാണ് മോണിക്ക നിൽക്കുന്നത്. ഈ വീഡിയോ പിന്നീട് 'സൗന്ദര്യവും ധീരതയും ഒത്തുചേരുന്നിടം; ആത്മവിശ്വാസത്തോടെ നിങ്ങളുടെ ദിവസത്തിലേക്ക് ചുവടുവെക്കൂ' എന്ന അടിക്കുറിപ്പോടെ മോണിക്ക തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന അസ്വസ്ഥതകളോടുള്ള സ്വാഭാവിക പ്രതികരണമാണിതെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ ഭൂരിഭാഗം ആളുകളും മോണിക്കയുടെ പ്രവർത്തി അനാവശ്യമായ അഗ്രഷൻ ആണെന്ന് വിമർശിച്ചു. ആ വയോധികൻ മനപ്പൂർവ്വം ചെയ്തതാണോ എന്ന് വീഡിയോയിൽ നിന്ന് വ്യക്തമല്ലെന്നും, ഒരുപക്ഷേ തിരക്കിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാകാം ഇതെന്നും പലരും അഭിപ്രായപ്പെട്ടു.

വെറും പബ്ലിസിറ്റി സ്റ്റണ്ടാണോ?

ഈ സംഭവം വൈറലാകാൻ വേണ്ടി മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന ആരോപണവും ശക്തമാണ്. വയോധികനെ തല്ലിയ ശേഷം ക്യാമറ നോക്കി മോണിക്ക ചിരിക്കുന്നത് ഇതിന്റെ തെളിവായി പലരും ചൂണ്ടിക്കാട്ടുന്നു. 'വൈറലാകാൻ വേണ്ടി പാവപ്പെട്ടവരെ തല്ലുകയാണോ?' എന്നായിരുന്നു ഒരാളുടെ രൂക്ഷമായ കമന്റ്. കൂടാതെ, വിദേശ യാത്രകൾക്കിടയിൽ പുരുഷന്മാർ തന്നെ വീഡിയോ എടുക്കുന്നത് മുൻപ് മോണിക്ക തന്നെ പങ്കുവെച്ചിട്ടുണ്ടെന്നും, അന്നൊന്നും കാണിക്കാത്ത ധീരത ഇപ്പോൾ ഒരു വയോധികനോട് കാണിക്കുന്നത് എന്തിനാണെന്നുമുള്ള കമൻ്റുകളും നിറഞ്ഞു.

റോഡിലിറങ്ങി റീൽസ് ചിത്രീകരിക്കുന്ന ഇൻഫ്ലുവൻസർമാർ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ വാർത്തയോടൊപ്പം വലിയ ചർച്ചകൾ നടക്കുന്നുണ്ട്. തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിക്കുമ്പോഴും, തിരക്കുള്ള റോഡിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നത് മറ്റുള്ളവരുടെ സ്വതന്ത്രമായ സഞ്ചാരത്തെ ബാധിക്കില്ലേ എന്ന ചോദ്യവും ഉയരുന്നു. ഇത് യഥാർത്ഥ പ്രതിരോധമാണോ അതോ സോഷ്യൽ മീഡിയയിലെ കാഴ്ചക്കാരെ കൂട്ടാനുള്ള നാടകമാണോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്.

നിസ്സാരമായ ഒരു കാര്യത്തിന് പ്രായമായ ഒരാളെ പരസ്യമായി മർദ്ദിച്ചത് ഒട്ടും അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. ഈ സംഭവം ഇൻഫ്ലുവൻസർ സംസ്കാരത്തിലെ നെഗറ്റീവ് വശങ്ങളെയാണ് കാണിക്കുന്നതെന്ന് പലരും കുറ്റപ്പെടുത്തുന്നു.

View post on Instagram