
അതീവ ഗുരുതരാവസ്ഥയിലുള്ള തന്റെ അമ്മയെ പരിചരിക്കാൻ ഒരു ജീവനക്കാരി ലീവ് ചോദിച്ചപ്പോൾ മാനേജർ അത് നിഷേധിച്ചതായി പോസ്റ്റ്. റെഡ്ഡിറ്റ് പോസ്റ്റിലാണ് യുവതിയുടെ സഹപ്രവർത്തകൻ ഈ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. 'അമ്മയ്ക്ക് ഭേദമാകുന്നില്ലെങ്കിൽ അവരെ ഏതെങ്കിലും മെഡിക്കൽ സെന്ററിലോ അഭയകേന്ദ്രത്തിലോ ആക്കിയ ശേഷം ഓഫീസിൽ വാ' എന്നാണ് മാനേജർ അവരോട് പറഞ്ഞത് എന്നും പോസ്റ്റിൽ ആരോപിക്കുന്നു. മാനേജരുടെ ക്രൂരമായ പ്രതികരണത്തെ കുറിച്ചുള്ള ഈ പോസ്റ്റ് ജോലിസ്ഥലത്തെ ചൂഷണങ്ങളെ കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
തെറ്റായ മരുന്ന് നൽകിയതുമൂലം തന്റെ അമ്മ അതീവ ഗുരുതരാവസ്ഥയിലാണെന്നും, അതിനാൽ കുറച്ചു ദിവസത്തെ അവധി വേണമെന്നുമാണ് ആ ജീവനക്കാരി ആവശ്യപ്പെട്ടത് എന്ന് പോസ്റ്റിൽ പറയുന്നു. ഇങ്ങനെയാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്; 'ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥയായ സഹപ്രവർത്തക ഏതാനും ദിവസത്തെ അവധിക്ക് അപേക്ഷിച്ചു. തെറ്റായ മരുന്ന് നൽകിയതുമൂലം അവരുടെ അമ്മ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അവർ പ്രത്യേക പരിഗണനയൊന്നും ചോദിച്ചില്ല, കുറച്ച് സമയം മാത്രമാണ് ആവശ്യപ്പെട്ടത്.'
'മാനേജറുടെ മറുപടി ഇതായിരുന്നു: “അമ്മയ്ക്ക് അസുഖം ഭേദമാവുന്നില്ലെങ്കിൽ, അവരെ ഏതെങ്കിലും മെഡിക്കൽ സെന്ററിലോ അഭയകേന്ദ്രത്തിലോ ആക്കിയ ശേഷം ഓഫീസിൽ വാ“. അവരുടെ മുന്നിൽ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ - സാധാരണ പോലെ ജോലിക്ക് വരിക, അല്ലെങ്കിൽ അമ്മയ്ക്കൊപ്പം നിൽക്കുക. അവർ അമ്മയ്ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. അധികം വൈകാതെ തന്നെ അവർക്ക് ജോലി രാജിവയ്ക്കേണ്ടി വന്നു. വർഷങ്ങളായി അവിടെ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു അവർ.'
‘ഇത്തരം തൊഴിലിടങ്ങളിൽ എന്താണ് ശരിക്കും ചെയ്യേണ്ടത് എന്ന് സത്യസന്ധമായും എനിക്ക് അറിയാത്തതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ പങ്കുവെക്കുന്നത്. നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?’ നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. വളരെ മോശപ്പെട്ട പ്രതികരണമാണ് മാനേജരുടെ ഭാഗത്ത് നിന്നും ഉണ്ടായത്, അതിനെതിരെ നിയമനടപടി തന്നെ വേണം എന്നാണ് ആളുകൾ പോസ്റ്റിനോട് പ്രതികരിച്ചത്.