Latest Videos

'മരണത്തിന്റെ മരം' എന്നറിയപ്പെടുന്ന വൃക്ഷം, അടുത്ത് ചെന്ന് നിൽക്കുന്നത് പോലും അപകടം!

By Web TeamFirst Published Nov 12, 2021, 1:52 PM IST
Highlights

ഇത്രയൊക്കെ കഷ്ടപ്പെട്ട് പിന്നെ എന്തിനാ അതിനെ വളർത്തുന്നത്, വെട്ടികളഞ്ഞൂടെ എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, പ്രാദേശിക ആവാസവ്യവസ്ഥകളിൽ വിലപ്പെട്ട പങ്ക് വഹിക്കുന്ന അതിനെ അങ്ങനെ എളുപ്പം മുറിച്ച് കളയാൻ സാധിക്കില്ല. 

ലോകത്തിൽ ഏറ്റവും അപകടകാരിയായ വൃക്ഷം ഏതാണെന്ന് അറിയാമോ? 'മരണത്തിന്റെ മരം' എന്ന് വിളിക്കപ്പെടുന്ന മഞ്ചിനീൽ(Manchineel). അറിയാതെ പോലും അതിനിടയിൽ ചെന്ന് നിന്ന് പോകരുത്. പേര് സൂചിപ്പിക്കും പോലെ തന്നെ ഈ മരം മരണത്തിന്റെ ദൂതരാണ്(Deadliest Tree In The World) എന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് അതിനടിയിൽ നിൽക്കുന്നത് പോലും ചർമ്മത്തിൽ പൊള്ളലുണ്ടാക്കും. മരത്തിൽ നിന്നുള്ള പഴങ്ങൾ കഴിച്ചാൽ ആന്തരിക രക്തസ്രാവം വരെ സംഭവിക്കാം. അത്രയും അപകടകാരികളാണ് അവ. ഈ ഉഷ്ണമേഖലാ വൃക്ഷത്തിന് 'വിഷ പേരയ്ക്ക' എന്നും പേരുണ്ട്.  

കരീബിയ, അമേരിക്ക എന്നിവിടങ്ങളിലെ തീരദേശ ബീച്ചുകളിലാണ് സാധാരണയായി മഞ്ചിനീൽ കണ്ടുവരുന്നത്. തീരദേശ ബീച്ചുകളിലും ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളിലും കണ്ടൽക്കാടുകളായി ഇവ വളരുന്നു. ഏകദേശം 50 അടി ഉയരത്തിൽ വരെ ഇത് വളരുന്നു. പാലുപോലെ മരത്തിന്റെ കറ കട്ടിയുള്ളതും, വിഷമയവുമാണ്. മരത്തിന്റെ പുറംതൊലിയിലും, ഇലകളിലും, പഴങ്ങളിലും ഈ കറ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മവുമായി സമ്പർക്കം പുലർത്തിയാൽ കഠിനമായ പൊള്ളലേക്കുമ്പോൾ ഉണ്ടാകുന്നത് പോലുള്ള കുമിളകൾക്ക് കാരണമാകും.  

മരത്തിന്റെ കറയിൽ നിരവധി വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, സയൻസ് അലേർട്ടിന്റെ അഭിപ്രായത്തിൽ ഫോർബോളിൽ നിന്നാണ് ഏറ്റവും ഗുരുതരമായ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത്. ഫോർബോൾ ശരീരത്തിൽ പൊള്ളലുണ്ടാക്കുന്നു. അവ വെള്ളത്തിൽ എളുപ്പം ലയിക്കുന്നതിനാൽ, മഴ പെയ്യുമ്പോൾ ഒരു മാഞ്ചിനീലിന്റെ അടിയിൽ നിൽക്കാൻ പോലും ആരും ധൈര്യപ്പെടില്ല. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പോലും ലോകത്തിലെ ഏറ്റവും വിഷലിപ്തമായ വൃക്ഷമായി മഞ്ചിനീലിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തീർത്തും മാരകമായ വൃക്ഷത്തിന് സമീപം മിക്കവാറും അപായസൂചനകളും, മുന്നറിയിപ്പ് ബോർഡുകളും കാണാം.    

ഇത്രയൊക്കെ കഷ്ടപ്പെട്ട് പിന്നെ എന്തിനാ അതിനെ വളർത്തുന്നത്, വെട്ടികളഞ്ഞൂടെ എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, പ്രാദേശിക ആവാസവ്യവസ്ഥകളിൽ വിലപ്പെട്ട പങ്ക് വഹിക്കുന്ന അതിനെ അങ്ങനെ എളുപ്പം മുറിച്ച് കളയാൻ സാധിക്കില്ല. കരീബിയൻ കടലിലെ തിരമാലകൾ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയാൻ ഇത് സഹായകമാണ്.  മഞ്ചിനീൽ മരം കത്തിച്ചതിന്റെ പുക കണ്ണ് വീക്കത്തിനും, താൽക്കാലിക അന്ധതയ്ക്കും കാരണമാകുമെന്ന് കരുതുന്നു. പുക ശ്വസിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

(ചിത്രം: Hans Hillewaert, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=7894318) 

click me!