വീട് കത്തുമ്പോഴും പുഞ്ചിരിയോടെ ലൈവിൽ വന്ന് സുവിശേഷ പ്രചാരകൻ, ജീവൻ രക്ഷപ്പെട്ടതിൽ ദൈവത്തിന് സ്തുതി എന്നും

By Web TeamFirst Published Nov 12, 2021, 12:42 PM IST
Highlights

തീപിടിത്തത്തിൽ അദ്ദേഹത്തിന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നിട്ടും പക്ഷേ തീ അണച്ചതിന് ശേഷം, അദ്ദേഹം ദൈവത്തിന് നന്ദി പറയാൻ വീണ്ടും ഫേസ്ബുക്കിൽ ലൈവ് വന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ദൈവം വലിയവനാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്സിലെ സൗത്ത് കരോലിന(South Carolina, US)യിലുള്ള ഒരു സുവിശേഷ പ്രചാരകൻ(Preacher) തന്റെ വീട് കത്തുന്ന സമയത്ത് ഫേസ്ബുക്കിൽ ലൈവ് പോയത് ഇപ്പോൾ വൈറലാവുകയാണ്. അപകടസമയത്തും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അതിനെ നേരിട്ടു. എല്ലാം കഴിഞ്ഞ് ഒടുവിൽ ദൈവത്തെ സ്തുതിക്കാനും അദ്ദേഹം മറന്നില്ല. പീഡ്‌മോണ്ടിലെ ഗ്രേസ് കത്തീഡ്രൽ മിനിസ്ട്രിയുടെ സ്ഥാപകനായ സമ്മി സ്മിത്താ(Sammy Smith)ണ് തന്റെ കത്തുന്ന വീടിന്റെ ദൃശ്യങ്ങൾ കാണിക്കാൻ ഫേസ്ബുക്കിൽ ലൈവ് പോയത്.

അദ്ദേഹത്തിന്റെ വീടിന്റെ രണ്ടാം നിലയിലാണ് തീ പടർന്നത്. തുടർന്ന് സിംസൺവില്ലെ ഫയർ ഡിപ്പാർട്ട്‌മെന്റും നാട്ടുകാരും തീ അണക്കാൻ ഓടിയെത്തിയെന്ന് പ്രാദേശിക ടിവി ന്യൂസ് WYFF റിപ്പോർട്ട് ചെയ്തു. തന്റെ വീടിന് തീപിടിച്ചിരിക്കുന്നുവെന്ന് സമ്മി ഫേസ്ബുക്ക് ലൈവിൽ ഒന്നിലധികം തവണ പറയുന്നത് കാണാം. അഗ്നിശമന സേനാംഗം ഉയരുന്ന തീജ്വാലകൾ അണക്കാൻ തീവ്രശ്രമം നടത്തുന്നതും നമുക്ക് കാണാം. “അത് കത്തുകയാണ്. എന്നെപ്പോലെ നിങ്ങളും ഇത് തത്സമയം കാണുന്നു" അദ്ദേഹം വീഡിയോയിൽ പറയുന്നു. തുടർന്ന് അയൽവാസികളും തീയണക്കാൻ ഓടിയെത്തുന്നതും സമ്മി ക്യാമറയിൽ പകർത്തി.

തീപിടിത്തത്തിൽ അദ്ദേഹത്തിന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നിട്ടും പക്ഷേ തീ അണച്ചതിന് ശേഷം, അദ്ദേഹം ദൈവത്തിന് നന്ദി പറയാൻ വീണ്ടും ഫേസ്ബുക്കിൽ ലൈവ് വന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ദൈവം വലിയവനാണെന്നും അദ്ദേഹം പറഞ്ഞു. "ദൈവഹിതം മാത്രമാണ് എപ്പോഴും നടക്കുന്നത്. ചിലപ്പോൾ നമുക്ക് അവന്റെ ഇഷ്ടം മനസ്സിലാകില്ല” സമ്മി തന്റെ പ്രഭാഷണത്തിനിടെ പറഞ്ഞു. ആളുകളുടെ സ്ഥാനമോ ജോലിയോ പരിഗണിക്കാതെ ദുരന്തം ആരെയും ബാധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തീയിൽപ്പെട്ട് ആർക്കും പരിക്കേറ്റിട്ടില്ലെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. തന്റെ മകളുടെയും മകന്റെയും കിടപ്പുമുറികൾ മുകളിലാണെന്നും തീയിൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും എന്നാൽ അവരുടെ ജീവൻ രക്ഷിക്കപ്പെട്ടതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.  

ഹീറ്റിംഗ് യൂണിറ്റോ, ഇലക്‌ട്രോണിക് ഉപകരണമോ കേടായതാകാം അപകടത്തിന് കാരണമെന്ന് അദ്ദേഹം കരുതുന്നു. തീ പിടിച്ച് സകലതും നശിച്ച അവസ്ഥയിലും സമ്മി പുഞ്ചിരി തൂകി ഫേസ്ബുക്ക് ലൈവിൽ ദൈവം നല്ലവനാണെന്നും, ദൈവം നമ്മെ അനുഗ്രഹിക്കുന്നുവെന്നത് എല്ലാവരും അറിയണമെന്നും പറഞ്ഞു. സമൂഹം കാണിച്ച നല്ല മനസ്സിനും അദ്ദേഹം നന്ദി പറഞ്ഞു. “അവർ സംഭാവനകൾ കൊണ്ടുവന്ന് എന്റെ കൈയ്യിൽ വയ്ക്കുകയായിരുന്നു. ഒപ്പം അവരുടെ സ്നേഹവും എനിക്ക് അനുഭവപ്പെട്ടു. എനിക്ക് കരച്ചിൽ വന്നു. അത് വീട് കത്തിയതുകൊണ്ടോ, വസ്ത്രങ്ങളും, സാധനങ്ങളും നഷ്ടപ്പെട്ടതുകൊണ്ടോ അല്ല, മറിച്ച് എന്നോട് അവർ കാണിക്കുന്ന സ്നേഹം കണ്ടാണ്" സമ്മി പറഞ്ഞു. പിന്നീട് ആളുകൾ ഗ്രേസ് കത്തീഡ്രലിൽ ഒത്തുകൂടി, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.  

click me!