
എപ്പോഴും പുരികമുയർത്തി നോക്കുന്നതിന്റെ പേരിൽ വൈറലായ ഒരു പൂച്ചയുണ്ട് റൊമാനിയയിൽ. ഈ പൂച്ചയുടെ ഒരു പുരികം എപ്പോഴും ഉയർന്നാണിരിക്കുന്നത് എന്നതാണ് പ്രത്യേകത. എന്നാൽ, സങ്കടകരം എന്ന് പറയട്ടെ അവളുടെ ഈ വ്യത്യസ്തമായ പുരികവും നോട്ടവും കാരണം ആരും അവളെ ദത്തെടുക്കാൻ തയ്യാറല്ലത്രെ. മാർലി എന്ന പൂച്ചയാണ് ഇങ്ങനെ വൈറലായിരിക്കുന്നത്. അവൾക്ക് താമസിക്കാൻ ഒരു വീട് വേണം. എന്നാൽ, പ്രത്യേകത കാരണം ആളുകൾ ഭയന്ന് ദത്തെടുക്കാൻ തയ്യാറാകുന്നില്ല.
മാർലിയുടെ ഈ അവസ്ഥയ്ക്ക് പിന്നിൽ വേദനാജനകമായ ഒരു കഥയുണ്ട്. റൊമാനിയയിലെ തെരുവുകളിൽ വച്ച് ഒരിക്കൽ അവളെ ഒരു നായ ഓടിച്ചു. നായയുടെ അക്രമത്തിൽ അവളുടെ വലതു കവിളിൽ ആഴത്തിലുള്ള ഒരു മുറിവുണ്ടായി. ഗുരുതരമായി പരിക്കേറ്റ അവളെ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ഒരു മൃഗഡോക്ടറുടെ അടുത്ത് എത്തിച്ചു. അവിടെ വച്ച് സർജറിക്ക് വിധേയയാക്കി. ഒപ്പം തന്നെ വന്ധ്യംകരണവും നടത്തി. അവൾ സുഖം പ്രാപിച്ചെങ്കിലും, പരിക്ക് കാരണം അവളുടെ കവിളിന്റെ ഒരു ഭാഗത്ത് എന്നേക്കുമായി രോമം ഇല്ലാത്ത അവസ്ഥ വന്നു. ഒപ്പം തന്നെ 'പുരികം ഉയർത്തി' നോക്കുന്നതുപോലെയുള്ള രൂപവും അവൾക്കുണ്ടായി.
മാർലിക്ക് ഇപ്പോൾ നടക്കാൻ സാധിക്കുന്നുണ്ടെങ്കിലും മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. 'മിറാക്കിൾ മിഷൻ' എന്ന ഓർഗനൈസേഷനാണ് അവളെ നോക്കുന്നത്. മറ്റുള്ളവരോട് അവളെ ദത്തെടുക്കാനും അവർ അഭ്യർത്ഥിക്കുന്നു. വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും മാർലി വളരെ സ്നേഹവും അടുപ്പവും കാത്തുസൂക്ഷിക്കുന്ന, ബഹളങ്ങൾ ഏതുമില്ലാത്ത, മനുഷ്യരോടും മറ്റ് പൂച്ചകളോടും, നായകളോടും ഒക്കെ സൗഹൃദം സൂക്ഷിക്കുന്ന ഒരു പൂച്ചയാണ് എന്നും സംഘടന പറയുന്നു. എന്തായാലും, മാർലിയെ സ്നേഹത്തോടെ ഏറ്റെടുക്കാൻ ആരെങ്കിലും വരും, അങ്ങനെ അവൾക്കൊരു സ്നേഹവീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.