
രണ്ടാനച്ഛൻ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ കുട്ടികൾക്ക് രക്ഷകരായി ഡെലിവറി ഏജന്റുമാർ. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് 10 അടി താഴ്ചയുള്ള, ചെളി നിറഞ്ഞ അഴുക്കുചാലിൽ നിന്നും രണ്ട് കുട്ടികളുടെ നിലവിളി കേട്ടത്. പിന്നാലെ ഡെലിവറി ഏജന്റുമാരായ യുവാക്കൾ ഇവരെ പുറത്തെടുക്കുകയായിരുന്നു. സെക്ടർ 137 -ലെ പരസ് ടിയറ സൊസൈറ്റിക്ക് സമീപമാണ് സംഭവം നടന്നത്. കുട്ടികളുടെ രണ്ടാനച്ഛനാണ് അവരെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. കുട്ടികൾ ഇപ്പോഴും ഒരു സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിലാണത്രെ.
പൊലീസ് പറയുന്നതനുസരിച്ച്, സെപ്‌റ്റോ ഡെലിവറി എക്‌സിക്യൂട്ടീവുകളായ സോംവീർ സിങ്ങും, ദീൻവാന്ദുവും രാത്രി 9 മണിയോടെ അന്നത്തെ അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ആ സമയത്താണ് ചൗഹാൻ മാർക്കറ്റ് ടി-പോയിന്റിന് സമീപമുള്ള അഴുക്കുചാലിൽ നിന്ന് അവ്യക്തമായ ചില ശബ്ദങ്ങളും നിലവിളികളും കേട്ടത്. എന്തോ അപകടം സംഭവിച്ചിട്ടുണ്ട് എന്ന തോന്നലിൽ ഇരുവരും അടുത്തേക്ക് നീങ്ങിയപ്പോൾ കണ്ടത് നാല് വയസ്സുള്ള ഒരു പെൺകുട്ടിയെയും അവളുടെ രണ്ടര വയസ്സുള്ള സഹോദരനെയുമാണ്. ഇരുവരും മൂന്ന് മീറ്റർ താഴ്ചയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇരുവരും വല്ലാതെ ഭയന്നിരുന്നു, ചെളിയിൽ താഴ്ന്നുപോകാതിരിക്കാനുള്ള തീവ്രശ്രമത്തിലുമായിരുന്നു കുട്ടികൾ. ഇടനെ തന്നെ മറ്റൊന്നും ആലോചിക്കാതെ യുവാക്കൾ രണ്ടുപേരും അഴുക്കുചാലിലേക്ക് ചാടി അവരെ രക്ഷിക്കുകയായിരുന്നു.
കുട്ടികളോട് പിന്നീട് ഇവർ സൗമ്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അച്ഛനായ ആശിഷ് തങ്ങളെ അഴുക്കുചാലിലേക്ക് തള്ളിയിട്ടതായി കുട്ടി പറഞ്ഞു. ഉടനെ തന്നെ യുവാക്കൾ അയൽപക്കക്കാരെ വിവരം അറിയിച്ചു. അവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, പൊലീസിൽ പരാതിയും നൽകി. കുട്ടികളുടെ രണ്ടാനച്ഛനായ 22 -കാരൻ ആശിഷിനെ പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുട്ടികളുടെ അമ്മ അടുത്തില്ലാത്ത തക്കം നോക്കിയാണത്രെ ഇയാൾ കുട്ടികളെ അഴുക്കുചാലിലേക്ക് തള്ളിയത്.