ഒറ്റദിവസം വെടിവച്ചുകൊന്നത് 35 പേരെ, ഓസ്ട്രേലിയയെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം എന്തായിരുന്നു?

Published : Apr 29, 2021, 12:00 PM ISTUpdated : Apr 29, 2021, 12:11 PM IST
ഒറ്റദിവസം വെടിവച്ചുകൊന്നത് 35 പേരെ, ഓസ്ട്രേലിയയെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം എന്തായിരുന്നു?

Synopsis

അയൽ‌പ്രദേശത്തെ എല്ലാ കുട്ടികളും ചേർന്ന് ഒരു സംഘം ഉണ്ടായിരുന്നതായി ഡേവിസ് ഓർക്കുന്നു. അവർ എല്ലായ്പ്പോഴും ഓടിനടന്ന് കളിച്ചുകൊണ്ടിരുന്നു. മുതിർന്ന ബ്രയാന്റ് പലപ്പോഴും കുറ്റിക്കാട്ടിലായിരിക്കും, കുട്ടികളെയെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കും. 

ഒരു പട്ടാപ്പകൽ കയ്യിലുള്ള തോക്ക് വച്ച് 35 പേരെ കൊല്ലുക. അതും മുൻവൈരാ​ഗ്യമൊന്നും ഇല്ലാതെ തന്നെ. അങ്ങനെയൊരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? അയാളുടെ കുട്ടിക്കാലം, അന്നേ അയാളിൽ മറഞ്ഞിരുന്ന അക്രമവാസനകൾ... അവയെല്ലാം എന്തായിരിക്കും തെളിയിക്കുന്നത്? ഓസ്ട്രേലിയയിൽ 25 വർഷങ്ങൾക്ക് മുമ്പ് 35 പേരെ വെടിവച്ചു കൊന്നത് മാർട്ടിൻ ബ്രയാന്റ് എന്നയാളാണ്. അയാളുടെ വീടിന് തൊട്ടപ്പുറത്ത് താമസിച്ചിരുന്ന ക്ലെയർ സുള്ളിവൻ അയാളെ കുറിച്ചുള്ള ഓർമ്മ പങ്കുവയ്ക്കുകയാണ്. (കടപ്പാട്: വൈസ്)

25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഏപ്രില്‍ 28 -ന്. ഒരു യുവാവ് ബ്രോഡ് ആരോയിലുള്ള 'പോര്‍ട്ട് ആര്‍തര്‍ ഹിസ്റ്റോറിക് ഗാവോള്‍സ് കഫേ'യിലേക്ക് നടന്നടുത്തു, ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തു. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടനെ അയാള്‍ തന്‍റെ ബാഗിനടുത്ത് എത്തി. അതില്‍ നിന്നും ഒരു Colt AR-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ വലിച്ചെടുത്തു. അതൊരു കൂട്ടക്കൊലയുടെ തുടക്കമായിരുന്നു. അയാള്‍ കൊന്നുതള്ളിയത് രണ്ട് കുട്ടികളടക്കം 33 പേരെ. പരിക്കേറ്റത് 25 പേര്‍ക്ക്. 

എന്നാൽ, അന്നേദിവസം തന്നെ രാവിലെ അയാൾ മറ്റൊരു കൊല കൂടി നടത്തിയിരുന്നു. അവിടെ അടുത്ത് ഒരു അവധിക്കാല വാടകവീട് നടത്തുന്ന നോളന്‍ സാലി, ഡേവിഡ് മാര്‍ട്ടിന്‍ ദമ്പതികളെ ഇയാള്‍ ക്രൂരമായി കൊല ചെയ്‍തു. അതും കൂടി കൂട്ടി അന്ന് അയാള്‍ കൊല ചെയ്‍തത് 35 പേരെ. ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ ഒരാള്‍ തനിച്ച് ഇത്രയും വലിയ കൂട്ടക്കൊല നടത്തുന്നത് ആദ്യമായിട്ടാവും. കൊല നടത്തിയ ആളുടെ പേര് മാര്‍ട്ടിന്‍ ബ്രയാന്‍റ്. റിസ്‍ഡണ്‍ ജയിലില്‍ 35 വര്‍ഷത്തെ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് അയാളിപ്പോൾ. അയാള്‍ അതിനകത്ത് തന്നെ മരിച്ചുതീരും എന്ന് ഉറപ്പ്. 

പോർട്ട് ആർതർ കൂട്ടക്കൊലയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ, ബ്രയാന്റ് ന്യൂ ടൗൺ ഹൈ, സേക്രഡ് ഹാർട്ട് കോളേജ്, അല്ലെങ്കിൽ പോർട്ട് ആർതർ ഹിസ്റ്റോറിക് ഗാവോൾ എന്നിവിടങ്ങളിൽ കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നായിരുന്നു എന്റെ സ്കൂളിലാകെ പരന്നിരുന്ന ശ്രുതി. ന്യൂ ടൗൺ‌ ഹൈ തെരഞ്ഞെടുക്കാൻ കാരണം അത് അയാളുടെ പഴയ സ്കൂളായിരുന്നു. കൂടാതെ സേക്രഡ് ഹാർട്ട് അയാള്‍ക്ക് ഏറ്റവും അടുത്തുള്ള സ്കൂളും. 1997 മുതൽ 2008 വരെ ഞാൻ പഠിച്ച സ്കൂളാണ് സേക്രഡ് ഹാർട്ട് എന്നതിനാൽ അങ്ങനെയൊരു ശ്രുതി പരന്നത് ഞാനും അറിഞ്ഞിരുന്നു. 

അയാള്‍ വളര്‍ന്ന അതേ നഗരത്തിലാണ് ഞാനും വളര്‍ന്നത്. അയാളുടെ വീട്ടില്‍ നിന്നും അഞ്ച് മിനിറ്റ് നടത്തമേ ഉണ്ടായിരുന്നുള്ളൂ എന്റെ വീട്ടിലേക്ക്. അയാള്‍ നടത്തിയ കൂട്ടക്കൊല അതുകൊണ്ട് തന്നെ എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ആ സമയത്ത് ജീവിച്ചിരുന്ന എല്ലാവരിലും ആ ഇരുണ്ട ദിനത്തിന്‍റെ ഓര്‍മ്മ ഉണ്ടായിരുന്നു. എനിക്കും അയാളെ അറിയാമെന്നതിനാല്‍ തന്നെ അയാളെ അടുത്തറിയുന്ന ആളുകളുമായി അയാളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 

1967 -ല്‍ ഹോബാര്‍ട്ടില്‍ മൗറിസിന്‍റെയും കര്‍ലീന്‍ ബ്രയാന്‍റിന്‍റെയും മകനായിട്ടാണ് മാര്‍ട്ടിന്‍റെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്‍റെ സ്വഭാവം അനിയന്ത്രിതമായിരുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയായിരിക്കുമ്പോള്‍ അവന്‍ ഓടിപ്പോകാതിരിക്കാന്‍ അവന്റെ അമ്മ അവനെ വീടിന്‍റെ പോര്‍ച്ചില്‍ കെട്ടിയിടുമായിരുന്നത്രെ. ബ്രയാന്‍റെ കൂടെ സ്‍കൂളില്‍ പഠിച്ചിരുന്ന ഒരു കുട്ടിയുടെ സുഹൃത്ത് എന്നോട് പറഞ്ഞത്, മറ്റ് കുട്ടികളോട് ബ്രയാന്‍റ് ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്. അതിനാല്‍ അവനെ അമ്മ എപ്പോഴും മറ്റ് കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു എന്നാണ്. 

ബ്രയാന്‍റെ കേസില്‍ പോള്‍ ഇ മുള്ളന്‍ എഴുതിയ സൈക്യാട്രിക് റിപ്പോര്‍ട്ടും ഇത് ശരിവയ്ക്കുന്നു. സ്‍കൂള്‍ കാലങ്ങളിലെല്ലാം ബ്രയാന്‍റ് സഹപാഠികളെ ബുദ്ധിമുട്ടിച്ചിരുന്നു. അവര്‍ അസ്വസ്ഥരാവുന്നത് കണ്ട് ആനന്ദം കൊണ്ടിരുന്നു. മറ്റ് കുട്ടികളെ ഉപദ്രവിക്കുന്നതിന്‍റെ പേരില്‍ അവന്‍ സസ്‍പെന്‍ഡ‍് ചെയ്യപ്പെട്ടു. അതുപോലെ പത്താമത്തെ വയസില്‍ തീ കൊണ്ട് കളിച്ചതിനെ തുടര്‍ന്ന് പൊള്ളലേല്‍ക്കുകയും ഒരുപാട് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്‍തു അവൻ. അവന്‍റെ സഹോദരി മിടുക്കിയായിരുന്നു. അതിനാല്‍ തന്നെ ഒരുപാട് സുഹൃത്തുക്കളും അവള്‍ക്കുണ്ടായിരുന്നു. ഇത് അവളവനെ മാറ്റിനിര്‍ത്തുന്നതിന് കാരണമായി. അതുപോലെ തന്നെ മൃഗങ്ങളെ ഉപദ്രവിച്ച് അതില്‍ നിന്നും ആനന്ദം കണ്ടെത്തുന്ന സ്വഭാവവും ബ്രയാന്റിനുണ്ടായിരുന്നു. 

ഹോബര്‍ട്ട് കൊമേഡിയന്‍ മൈക്ക് ഡേവിസ് വളര്‍ന്നത് ബ്രയാന്‍റെ അയല്‍പക്കത്തായിരുന്നു. “അയാൾ ശരിക്കും വിചിത്ര സ്വഭാവക്കാരനായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. കാരണം തന്റെ ഇരുപതുകളിൽ ആയിരിക്കുമ്പോള്‍ പോലും എന്നോട് നിന്റെൻഡോ ഗെയിമുകളെക്കുറിച്ചും അതുപോലുള്ള കാര്യങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു. അയാൾക്ക് ഒരു ബാർബി നിന്റെൻഡോ ഗെയിം ഉള്ളതിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. നിങ്ങൾക്ക് കുറച്ച് ഗെയിമുകൾ സ്വാപ്പ് ചെയ്യണോ? എന്നും ചോദിക്കുമായിരുന്നു. ഞാൻ അതില്‍ താല്‍പര്യമില്ല എന്ന് പറയുകയായിരുന്നു” -ഡേവിസ് പറയുന്നു. 

അയൽ‌പ്രദേശത്തെ എല്ലാ കുട്ടികളും ചേർന്ന് ഒരു സംഘം ഉണ്ടായിരുന്നതായി ഡേവിസ് ഓർക്കുന്നു. അവർ എല്ലായ്പ്പോഴും ഓടിനടന്ന് കളിച്ചുകൊണ്ടിരുന്നു. മുതിർന്ന ബ്രയാന്റ് പലപ്പോഴും കുറ്റിക്കാട്ടിലായിരിക്കും, കുട്ടികളെയെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കും. കുട്ടികള്‍ 'നീ അവിടെ ഒളിച്ചിരിപ്പുണ്ട് എന്ന് നമുക്കറിയാം മാര്‍ട്ടിന്‍' എന്ന് പറയുന്നതായും ഡേവിസ് ഓര്‍ക്കുന്നു. 

ആ പ്രദേശത്തെ തത്തകളെയെല്ലാം ബ്രയാന്‍ വെടിവച്ചിരുന്നതിനെ കുറിച്ച് ഡേവിസിന്‍റെ പിതാവ് ഫ്രാങ്ക് ഓര്‍ക്കുന്നു. 'ഞങ്ങളിവിടേക്ക് വരുമ്പോള്‍ ഇവിടെ ഒരുപാട് മരങ്ങളുണ്ടായിരുന്നു. അതിൽ നിറയെ പഴങ്ങളും. അതുകൊണ്ട് എന്ത് ചെയ്യണം എന്ന് നമുക്ക് അറിയില്ലായിരുന്നു. എല്ലാ വര്‍ഷവും ഇവിടെ തത്തകളെത്തുമായിരുന്നു. ആ പഴങ്ങളെല്ലാം അവ ഭക്ഷിക്കും. അവയ്ക്കീ സ്ഥലം സ്വര്‍ഗമായിരുന്നു. ഒരിക്കല്‍ ബ്രയാന്‍റെ അച്ഛന്‍ അവനൊരു എയര്‍ഗണ്‍ വാങ്ങി നല്‍കി. അവന്‍ എല്ലാ തത്തകളെയും വെടിവച്ചു. അതില്‍ പിന്നെ തത്തകളൊന്നും മടങ്ങി വന്നില്ല. അതിനുശേഷം ഒരു തത്തയെ പോലും ഞാന്‍ ഞങ്ങളുടെ മരത്തില്‍ കണ്ടിട്ടില്ല' -ഫ്രാങ്ക് പറയുന്നു. 'ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. പൊലീസെത്തിയ ഉടനെ അവന്‍ ചോദിച്ചത് 'ഞാനെത്ര പേരെ കൊന്നിട്ടുണ്ട്' എന്നാണ്. തത്തകളെ കൊല്ലുന്നതില്‍ നിന്നും അത്രയൊന്നും വ്യത്യസ്‍തമല്ല മനുഷ്യനെ കൊല്ലാന്‍ തയ്യാറാവുന്നത് എന്ന് ഞാന്‍ കരുതുന്നു' എന്നും അദ്ദേഹം പറയുന്നു. 

സൈക്കോളജിക്കലായിട്ടുള്ള പ്രശ്‍നങ്ങള്‍ കാരണം സ്‍കൂളില്‍ നിന്നും പുറത്താക്കിയപ്പോള്‍ അവന് ഒരു ഡിസബിലിറ്റി പെന്‍ഷന്‍ കിട്ടിയിരുന്നു. അതില്‍ കൂടുതല്‍ പണമുണ്ടാക്കുന്നതിനായി അയല്‍പക്കത്ത് എപ്പോഴും എന്തെങ്കിലും ജോലി ഉണ്ടോ എന്ന് അവന്‍ അന്വേഷിച്ചു നടന്നു. കഴിയുന്ന എല്ലാ പണിയും അവന്‍ ചെയ്യാന്‍ തയ്യാറായിരുന്നു. 'കുറ്റികള്‍ വിൽക്കാനോ പുൽത്തകിടികൾ വെട്ടാനോ അല്ലെങ്കിൽ തെരുവിൽ ഞങ്ങളുടെ വീടിന്റെ നമ്പർ വരയ്ക്കാനോ അവന്‍ വന്നിരുന്നു' എന്ന് എന്‍റെ അമ്മ ഓര്‍ക്കുന്നു. ബ്രയാന്‍ ഒരു ലജ്ജാലുവും വിചിത്രസ്വഭാവക്കാരനും ആയിരുന്നു എന്നും അമ്മ ഓര്‍ക്കുന്നു. 

ബ്രയന്റിന്റെ ഇരുപതുകളിൽ പ്രത്യേകിച്ച് വിചിത്രമായ ചില സംഭവങ്ങളും സാഹചര്യങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന്, തൊഴിലന്വേഷിച്ചു നടക്കവെ, ടാറ്റർസാലിന്റെ ചൂതാട്ട ലോട്ടറി സാമ്രാജ്യത്തിന്റെ ജനറൽ മാനേജരുടെ ചെറുമകളായ അമ്പത്തിനാലുകാരി ഹെലൻ ഹാർവിയുമായി ബ്രയാന്റ് നല്ല സുഹൃത്തായി. 1991 -ൽ അവൾ അവന് സ്വത്തുക്കളെല്ലാം കൈമാറി - കോപ്പിംഗിലെ 29 ഹെക്ടർ കൃഷിസ്ഥലം ഉൾപ്പെടെ, അവളുടെ ക്ലെയർ സ്ട്രീറ്റ് മാൻഷനും ടാറ്റേഴ്‌സലിന്റെ വരുമാനവും അടക്കം എല്ലാം. ബ്രയന്റിനൊപ്പം ആയിരിക്കുമ്പോൾ വളരെ സാവധാനത്തിൽ വാഹനമോടിച്ചതിന് ഹാർവി അറിയപ്പെട്ടു. ബ്രയാന്‍റെ സ്റ്റിയറിംഗ് വീൽ പിടിക്കുന്ന പതിവ് കാരണം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവളുടെ കാർ സഞ്ചരിച്ചിരുന്നത്. 1992 ഒക്ടോബർ 20 -ന് വൈകുന്നേരം, അവർ ഒരു റോഡിലൂടെ സഞ്ചരിക്കവെ അവരുടെ വാഹനം ഒരു കാറുമായി കൂട്ടിയിടിച്ചു. 

അതേക്കുറിച്ച് ജെന്‍ സ്‍മിത്ത് പറയുന്നത് ഇങ്ങനെ, 'ഹാര്‍വി കൊല്ലപ്പെട്ട ആ അപകടത്തെ കുറിച്ച് എനിക്ക് കുറച്ച് കാര്യങ്ങളറിയാം. കാരണം, എന്‍റെ പങ്കാളി ബക്ക് ആണ് ആ അപകടസ്ഥലത്ത് ആദ്യം എത്തുന്നത്. അപകടം നടന്ന സ്ഥലത്ത് കൂടി സ്റ്റെപ് ഡോട്ടറിന്‍റെയും ഒരു സുഹൃത്തിന്‍റെയും കൂടെ വരികയായിരുന്നു ബക്ക്. ബ്രയാന്റും ഹാർവിയും ഉണ്ടായിരുന്നിടത്തേക്ക് ബക്ക് പോയി. അവളുടെ ജീവന്‍ പൂർണ്ണമായും ഇല്ലാതായിരുന്നു എന്ന് വ്യക്തമായിരുന്നു. പുറകിൽ നായകളും ഉണ്ടായിരുന്നു. ബ്രയാന്‍റിനെയും നായകളെയും അവര്‍ പുറത്തെടുത്തു.' ഏതായാലും ഹാര്‍വി എഴുതിവച്ചിരുന്ന സ്വത്തുക്കള്‍ ഒറ്റരാത്രി കൊണ്ട് ബ്രയാന്‍റിനെ ധനികനാക്കി. അതുവച്ച് അവന്‍ നിരവധി യാത്രകള്‍ നടത്തി. 

പിന്നെയാണ് ബ്രയാന്റിന്റെ പിതാവിന്റെ മരണം. കോപ്പിംഗ് ഫാം കൈകാര്യം ചെയ്യുന്നത് മൗറീസ് ഏറ്റെടുത്തിരുന്നു, 1993 ഓഗസ്റ്റ് 13 -ന് ഒരു അയൽക്കാരൻ ഫാം ഹൗസിന്റെ മുൻവാതിലിൽ 'പോലീസിനെ വിളിക്കുക' എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തി. പ്രാദേശിക അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും ആ 29 ഹെക്ടർ സ്ഥലത്ത് മൗറീസിനെ തേടി രണ്ടുദിവസം അലഞ്ഞു. ആ സമയത്തെല്ലാം ബ്രയാന്‍റ് അവിടെയുണ്ടായിരുന്നു. അയാള്‍ പൊലീസിനോടും വനിതാ ഉദ്യോഗസ്ഥരോടുമെല്ലാം തമാശ പറയുകയും ചിരിക്കുകയും ചിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുകൊണ്ടിരുന്നു. പയ്യെ, മൗറിസിന്‍റെ ശവശരീരം ഒരു ഡാമില്‍ കണ്ടെത്തി. മൗറിസിന്‍റേത് സ്വാഭാവികമരണമാണ് എന്നാണ് രേഖപ്പെടുത്തപ്പെട്ടത്. അതിന്‍റെ ഭാഗമായും ബ്രയാന്‍റിന് കുറേ പണം വന്നുചേര്‍ന്നു. അതെല്ലാം കൊണ്ട് അവന്‍ കാര്യമായി ചെയ്‍തത് നിറയെ തോക്കുകള്‍ വാങ്ങിക്കൂട്ടുകയും വീടിനും പരിസരത്തും അവ സൂക്ഷിച്ച് വയ്ക്കുകയുമായിരുന്നു. 

പ്രദേശത്തുള്ള ബാര്‍ ജോലിക്കാരിയായ അമാന്‍ഡ ബര്‍ഗ്‍മാനും ബ്രയാന്‍റിനെ ഓര്‍ക്കുന്നു. അന്നത്തെ ഗേള്‍ ഫ്രണ്ടിനെയും അതുപോലെ മറ്റ് അതിഥികളെയും കൂട്ടിയാണ് അയാള്‍ ബാറില്‍ വന്നിരുന്നത് എന്ന് അമാന്‍ഡ ഓര്‍ക്കുന്നു. എല്ലാവരുടെയും ബില്‍ ബ്രയാന്‍റ് തന്നെയാണ് അടച്ചിരുന്നത്. അത് എല്ലാവരെയും കാണിക്കാനും അയാള്‍ ഇഷ്‍ടപ്പെട്ടിരുന്നു. അന്ന് അമാന്‍ഡയ്ക്ക് 20 വയസായിരുന്നു. ബ്രയാന്‍റിന്‍റെ ഗേള്‍ഫ്രണ്ടിന് പതിനാറും ബ്രയാന്‍റിന് 27 വയസും. ഗേള്‍ഫ്രണ്ടിനൊപ്പം വരുന്ന സമയങ്ങളിലെല്ലാം അയാളുടെ പെരുമാറ്റം ശ്രദ്ധേയമായിരുന്നുവെന്ന് അമാന്‍ഡ പറയുന്നു. അതുപോലെ തനിക്കൊപ്പം ജോലി ചെയ്തിരുന്ന പ്രായമായിരുന്ന ഒരു സ്ത്രീ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന ഒരാളായിരുന്നു. എന്നാല്‍, ബ്രയാന്‍റെ അടുത്ത് പലപ്പോഴും തന്നോട് പോകാമോ എന്ന് അവര്‍ ചോദിക്കുമായിരുന്നു. ബ്രയാന്‍റെ അടുത്ത് മദ്യം നല്‍കാന്‍ പോകുമ്പോള്‍ താന്‍ വളരെ അസ്വസ്ഥയാകുന്നു എന്ന് അവര്‍ പറഞ്ഞിരുന്നതായും അമാന്‍ഡ ഓര്‍ക്കുന്നു. 

അയാളുടെ കണ്ണുകള്‍ കുറച്ചുനേരം ചലിച്ചു കൊണ്ടിരിക്കും. പിന്നെ കുറേനേരം തുറിച്ചു നോക്കും. അതുപോലെ ഒരുപാട് ശാപവാക്കുകള്‍ ചൊരിയുമെന്നും അമാന്‍ഡ ഓര്‍ക്കുന്നു. അമാന്‍ഡ കൂട്ടക്കൊലയുടെ വാര്‍ത്ത അറിഞ്ഞപ്പോള്‍, കൊലയാളിയെ കുറച്ചുള്ള വിവരണങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ അത് ബ്രയാന്‍റ് ആണോ എന്ന് സംശയിച്ചിരുന്നു എന്ന് പറയുന്നു. 

കൂട്ടക്കൊലയ്ക്ക് മുമ്പ് അവസാനമായി ബ്രയാന്‍റയെ കാണുമ്പോള്‍ അയാള്‍ നന്നായി വസ്ത്രം ധരിച്ച് മാന്യനെ പോലെ കണ്ടിരുന്നതായി ഡേവിസ് പറയുന്നു. അയാളെ നല്ല രീതിയില്‍ വസ്ത്രം ധരിച്ച് കാണാത്തതിനാല്‍ തന്നെ അതൊരു വേറിട്ട കാഴ്ച ആയിരുന്നു. ടാസ്‍മാനിയയില്‍ തോക്ക് കൈവശം വയ്ക്കുക എന്നത് എത്ര എളുപ്പമാണ് എന്ന് ആ സംഭവത്തിനു ശേഷം തിരിച്ചറിവുണ്ടായി എന്ന് ജെന്‍ സ്‍മിത്ത് പറയുന്നു. ടാസ്‍മാനിയയുടെ നിഷ്‍കളങ്കതയെ ആണ് ആ കൂട്ടക്കൊല ഇല്ലാതാക്കിയത് എന്നും അവര്‍ പറയുന്നു. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!