ലോകത്തെ വിറപ്പിക്കുന്ന അധിനിവേശ ആമകള്‍ കേരളത്തിലുമെത്തി!

KP Rasheed   | Asianet News
Published : Apr 28, 2021, 06:20 PM ISTUpdated : Apr 28, 2021, 06:56 PM IST
ലോകത്തെ വിറപ്പിക്കുന്ന അധിനിവേശ ആമകള്‍ കേരളത്തിലുമെത്തി!

Synopsis

സൂക്ഷിക്കുക, ഈ ആമകളെ നിങ്ങളുടെ വീടുകളില്‍ വളര്‍ത്തുന്നുണ്ടോ? 

അറിയുക ഇതൊരു സാധാരണ ആമയല്ല. ഓമനത്തമുള്ള വളര്‍ത്തുജീവിയെന്നു കരുതി, കേരളത്തിലെ അനേകം വീടുകളില്‍ വളര്‍ത്തുന്ന ഈ ചെഞ്ചെവിയന്‍ ആമ ഒരു അധിനിവേശ ജീവിയാണ്. ചെല്ലുന്നിടത്തെ ആവാസവ്യസ്ഥകളെ നശിപ്പിക്കുന്ന ജീവിയാണിത്. ജലത്തിലെ മുഴുവന്‍ സസ്യജാലങ്ങളെയും നാടന്‍ ആമകളെയും മല്‍സ്യങ്ങളെയും തവളകളെയും ഇതില്ലാതാക്കും. കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയുമെല്ലാം ഇവയെ നശിപ്പിക്കുകയാണ്. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.  

ഇതൊരു ആമയുടെ കഥയാണ്. പല പേരുകളില്‍ നമ്മളില്‍ പലരും വീടുകളില്‍ വളര്‍ത്തുന്ന, നല്ല ഓമനത്തമുള്ള ആമ. 

നല്ല ഭംഗിയാണ് ഈ ആമകള്‍ക്ക്. തിളങ്ങുന്ന മഞ്ഞയും പച്ചയും നിറങ്ങള്‍. കണ്ണിനു പിറകില്‍ ചുവന്ന വരകള്‍. പെട്ടെന്ന് ഉടമകളുമായി മെരുങ്ങും. കുറഞ്ഞ വില, കുറഞ്ഞ ഭക്ഷണം, വലിപ്പക്കുറവ്, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 

എന്നാല്‍, അറിയുക ഇതൊരു സാധാരണ ആമയല്ല. ഓമനത്തമുള്ള വളര്‍ത്തുജീവിയെന്നു കരുതി, കേരളത്തിലെ അനേകം വീടുകളില്‍ വളര്‍ത്തുന്ന ഈ ചെഞ്ചെവിയന്‍ ആമ ഒരു അധിനിവേശ ജീവിയാണ്. ചെല്ലുന്നിടത്തെ ആവാസവ്യസ്ഥകളെ നശിപ്പിക്കുന്ന ജീവിയാണിത്. ജലത്തിലെ മുഴുവന്‍ സസ്യജാലങ്ങളെയും നാടന്‍ ആമകളെയും മല്‍സ്യങ്ങളെയും തവളകളെയും ഇതില്ലാതാക്കും. കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയുമെല്ലാം ഇവയെ നശിപ്പിക്കുകയാണ്. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.  

ഈ ആമകളെക്കുറിച്ചറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ ഈ വീഡിയോ കണ്ടുനോക്കൂ: 

 

 

ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ത്ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍.  Trachemys scripta elegans എന്നാണ് ശാസ്ത്രീയനാമം. മിസിസിപ്പി നദി, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നിവിടങ്ങളാണ് ജന്‍മദേശം. ചില്ലറക്കാരനല്ല ഇവന്‍.  ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേച്ചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്. വടക്കന്‍ മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും കാണുന്ന ഈ ഇനം ആമകള്‍ ലോകമാകെ വ്യാപിച്ചുകിടക്കുന്ന വളര്‍ത്തുമൃഗ വ്യവസായത്തിന്റെ ഭാഗമായാണ് വീടുകളിലെത്തുന്നത്.

ഈ ആമകള്‍ക്ക് എന്താണ് കുഴപ്പം? 

ഇവിടത്തെ തദ്ദേശീയ ആമകളെ ഇത് ഇല്ലായ്മ ചെയ്യും എന്നതാണ് മുഖ്യപ്രശ്‌നം. വേഗം വലുതാവുന്ന ഇനമാണിത്. പെട്ടെന്ന് പ്രായപൂര്‍ത്തിയാവും, അതിവേഗം പ്രത്യുല്‍പ്പാദനം നടത്തും.  ശരാശരി 30 വര്‍ഷം ആയുസ്സുള്ള ഈ ആമകളെ കുറേ കഴിയുമ്പോള്‍ ആളുകള്‍ തോട്ടിലോ കിണററിലോ ഒക്കെ ഉപേക്ഷിക്കും. ഭക്ഷണമായി ഉപയോഗിക്കപ്പെടാത്തതിനാല്‍ അവ ദീര്‍ഘകാലം ജീവിക്കും. അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്‍മമേകും. നമ്മുടെ ജലാശയങ്ങള്‍ കീഴടക്കി അതിവേഗം വളരും. അതോടെ നമ്മുടെ നാടന്‍ ആമകള്‍ക്ക് ഭക്ഷണവും ഇടവും ഇല്ലാതാവും. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടന്‍ ആമകള്‍ ഇല്ലാതാവും. ചുറ്റുപാടും ചെഞ്ചെവിയന്‍ ആമകള്‍ നിറയും. 

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും ഈ ആമകള്‍. ജീവികളില്‍ രോഗബാധ ഉണ്ടാക്കുന്ന സാല്‍മണെല്ലാ ബാക്ടീരിയയുടെ വാഹകരാണ് ഈയിനം ആമകള്‍. വയറിളക്കം, പനി, ചര്‍ദ്ദി, ഉദരരോഗങ്ങള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ ഇത് കൈകൊണ്ട് തൊടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിട്ടാണ്, നമ്മുടെ കുട്ടികള്‍ സദാസമയവും വളര്‍ത്തുമൃഗമായി ഇതിനെ പരിചരിക്കുന്നത്. ഉരഗങ്ങള്‍ക്ക് രോഗം പരത്തുന്നു എന്ന ഭീഷണിയുമുണ്ട്. സിഡ്നിയിലെ ലെയജിന്‍ കോവ് നദിയിലെ രണ്ട് കാട്ടാമ ജനുസ്സുകള്‍ക്കിടയില്‍ ഇവ മലേറിയ പോലുള്ള രോഗം പരത്തിയിരുന്നു. ജലജീവികള്‍ക്കിടയിലും ഈ ആമകള്‍ രോഗം പരത്തും. 

ലോകമാകെ ഈ ആമകള്‍ വളര്‍ത്തുമൃഗങ്ങളായത് 'ടെയില്‍സ് ഓഫ് ടീനേജ് മ്യൂടന്റ് നിന്‍ജ ടര്‍ടില്‍സ്' എന്ന കോമീക് സീരീസിലൂടെയാണ്. ആയോധന വൈദഗ്ധ്യം കൊണ്ട് ലോകത്തിന്റെ തിന്‍മകള്‍ പരിഹരിക്കാനിറങ്ങിയ നാല് ആമപ്പോരാളികളുടെ കഥ പറയുന്ന ഈ കോമിക് സീരീസ് ടിവി പരമ്പരയും സിനിമയും വെബ് സീരീസുമായിട്ടുണ്ട്. ഇതിനുശേഷമാണ് ലോകമെങ്ങുമുള്ള കുട്ടികള്‍ക്കിടയില്‍ ആമവളര്‍ത്തല്‍ വര്‍ദ്ധിച്ചത്. ലോകത്തെ വളര്‍ത്തുമൃഗ വിപണി ഇതിനനുസരിച്ച് ഈ ആമകളെ പല രാജ്യങ്ങളിലേക്ക് കയറ്റിഅയക്കാന്‍ തുടങ്ങി. നാട്ടിലെ വളര്‍ത്തുമൃഗ വളര്‍ത്തല്‍ സ്ഥാപനങ്ങളും ഇവയെ വളര്‍ത്തി പെറ്റ്‌സ് കടകളിലൂടെ എത്തിക്കാന്‍ തുടങ്ങി. 

വിദേശരാജ്യങ്ങള്‍ കരുതലോടെയാണ് ഈ ആമകളെ സമീപിക്കുന്നത്. 1975 -ലെ യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിഅസ്ട്രേഷന്‍ എഫ് ഡി എ റെഗുലേഷന്‍സ് പബ്ലിക് ഹെല്‍ത് സര്‍വീസ് ആക്ട് പ്രകാരം അമേരിക്കയില്‍ ഇവയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. ഫേ്ലാറിഡയില്‍ ഇത് നിയമവിരുദ്ധമാണ്. ഓസ്ട്രേലിയയിലും ഈ ആമകളെ വളര്‍ത്തുന്നത് നിരോധിച്ചു. ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലാന്റ്, വിക്ടോറിയ, വെസ്റ്റേണ്‍ ആസേ്ട്രേലിയ, ആസ്ട്രേലിയ സിഡ്നി എന്നിവിടങ്ങളെല്ലാം ഇവയുടെ ഉന്‍മൂലനത്തിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ക്വീന്‍സ് ലാന്റ് ഭരണകൂടം ഒരു മില്യന്‍ ഓസ്ട്രേലിയന്‍ ഡോളറാണ് ഇവയുടെ ഉന്‍മൂലനത്തിനായി നീക്കിവെച്ചത്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാറിന്റെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രൈമറി ഇന്‍ഡസ്ട്രീസ് നല്‍കുന്ന മുന്നറിയിപ്പ് കാണുക. കെണികളോ വലകളോ വെച്ച് പിടികൂടി ഇവയെ നശിപ്പിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കുറേ എണ്ണമുണ്ടെങ്കില്‍ വെടിവെച്ചു കൊല്ലാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

കേരളത്തില്‍ ഈ ആമകള്‍ എത്തിയിട്ട് കുറേ കാലങ്ങളായെങ്കിലും, സജീവമായ ശ്രദ്ധയിലേക്ക് വരുന്നത് ഈയടുത്ത കാലത്താണ്. തൃശൂര്‍ കാളത്തോട്ടിലെ ഒരു തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്ന ആദിത്യന്‍ ഡി തമ്പി എന്ന കുട്ടിയിലൂടെയാണ്, അധിനിവേശ ജനുസ്സുകളെ കുറിച്ച് പഠിക്കുന്ന കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിലേക്ക് ഈ സംഭവം എത്തിയത്. ആമയെ കിട്ടിയ വിവരം കുട്ടിയുടെ മുത്തച്ഛനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ശങ്കര്‍ ഫേസ്ബുക്കിലിട്ടു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ. സന്ദീപ് ഇക്കാര്യം ശ്രദ്ധിച്ചു. തൊട്ടുപിന്നാലെ അധിനിവേശ ജീവികളെക്കുറിച്ച് പഠിക്കുന്ന Nodal Centre for Biological Invasions (NCBI) ഇതില്‍ ഇടപെട്ടു.  ഇത്തരം ആമകള്‍ കൈയിലുള്ളവര്‍ അവയെ ഉപേക്ഷിക്കാതെ തങ്ങളെ ഏല്‍പ്പിക്കണമെന്ന് സെന്റര്‍ പത്രക്കുറിപ്പിറക്കി. നിരവധി കോളുകള്‍ വന്നു. ആമകളെ കെ.എഫ്ആര്‍ഐ സംഘം ഏറ്റുവാങ്ങി. ഇപ്പോഴും നിരവധി ആമകള്‍ കേരളത്തിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ താഴെ കാണുന്ന വീഡിയോ പുറത്തുവന്നതോടെ നിരവധി സ്ഥലങ്ങളില്‍നിന്നാണ് നോഡല്‍ സെററിലേക്ക് കോളുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം മാത്രം അനവധി കോളുകള്‍ വന്നതായി സെന്ററിലെ ഗവേഷകന്‍ മനീഷ് ഏഷ്യാനെറ്റ് ന്യൂസ്ഓണ്‍ലൈനിനോട് പറഞ്ഞു. 

 

 

നിങ്ങളുടെ വീടുകളില്‍ ചെഞ്ചെവിയന്‍ ആമകള്‍ ഉണ്ടെങ്കില്‍, ഒരു കാരണവശാലും ചുറ്റുപാടിലേക്കോ ജലാശയങ്ങളിലേക്കോ അവയെ ഉപേക്ഷിക്കാതിരിക്കണം. താഴെ പറയുന്ന നമ്പറില്‍ ഉടന്‍ തന്നെ വിളിക്കുക. 

 Nodal Centre for Biological Invasions (NC-BI): 0487 2690222 

വിവരം കിട്ടിയാല്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള സംഘം നിങ്ങളുടെ വീട്ടിലെത്തി ഈ ആമകളെ ഏറ്റുവാങ്ങും. 

ചെഞ്ചെവിയന്‍ ആമകള്‍ അടക്കമുള്ള അധിനിവേശ ജീവികളെ കൈകാര്യം ചെയ്യാന്‍ ഒരു നിയമവും നമ്മുടെ നാട്ടിലില്ല. പരിസ്ഥിതി  പ്രധാന വിഷയം അല്ലാത്തതിനാല്‍, ഭരണകൂടമോ രാഷ്ട്രീയക്കാരോ ഇക്കാര്യം ആലോചിക്കുന്നുപോലുമില്ല. നമ്മുടെ വീടുകളില്‍ ഇതുണ്ടെങ്കില്‍, അവയെ ശാസ്ത്രജ്ഞരെ ഏല്‍പ്പിക്കുക മാത്രമാണ്ഇപ്പോള്‍ മുന്നിലുള്ള പോംവഴി. ഒപ്പം, അധിനിവേശ സസ്യങ്ങളെയും ജീവികളെയും കുറിച്ച് അവബേധം വളര്‍ത്തുകയും. വളര്‍ത്തുമൃഗങ്ങളെയും അലങ്കാര ചെടികളെയും സ്നേഹിക്കുന്നതോടാപ്പം അവ എന്താണ് എന്നറിയേണ്ടതും നിര്‍ബന്ധമാണ്.

 

 

Read More: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്