
ആളുകളെ കത്തിമുനയിൽ നിർത്തി ബാങ്കിൽ നടന്നത് വൻ കവർച്ച. തിങ്കളാഴ്ച ഹോങ്കോങ്ങിലെ ഹാംഗ് സെങ് ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. 40.27 ലക്ഷം രൂപയാണത്രെ കള്ളൻ കൊണ്ടുപോയത്. തുടർന്ന് പൊലീസ് ഇയാൾക്ക് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തുകയാണ് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഷാ ടിന്നിലെ എൻഗാൻ ഷിംഗ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഫോർച്യൂൺ സിറ്റി വൺ ഷോപ്പിംഗ് സെന്ററിൽ വൈകുന്നേരം 5 മണിയോടെയാണ് കവർച്ച നടന്നത്. മുഖം മൂടിയെത്തിയ ഒരാൾ ബാങ്കിൽ കയറി കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ പണവുമായി ഓടി രക്ഷപ്പെട്ടത്രെ.
മോഷണത്തിനിടെ ഇവിടെയുണ്ടായിരുന്ന ഒരു വനിതാ ജീവനക്കാരിയെ ഇയാൾ കത്തികൊണ്ട് പരിക്കേല്പിച്ചു. ഇവരുടെ കഴുത്തിനാണ് മുറിവേറ്റത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് എത്തുകയും അവിടെ വച്ച് അവർക്ക് ചികിത്സ നൽകുകയും ചെയ്തു. പിന്നീട്, മികച്ച ചികിത്സയ്ക്കായി അവരെ ഷാ ടിന്നിലെ പ്രിൻസ് ഓഫ് വെയിൽസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇയാൾക്ക് വേണ്ടി വ്യാപകമായി തിരയുകയും ചെയ്യുകയാണ്.
അതേസമയം തന്നെ ഹോങ്കോങ്ങിലെ സിം ഷാ സൂയി പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെയുണ്ടായ മറ്റൊരു സംഭവത്തിൽ തെരുവിൽ കൂട്ടത്തല്ല് നടന്നു. തല്ലിനിടെ ഒരാളുടെ 43 ലക്ഷം വില വരുന്ന വാച്ച് നഷ്ടപ്പെട്ടുവത്രെ. ചെറിയ എന്തോ കാര്യം പറഞ്ഞ് തുടങ്ങിയ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കുറഞ്ഞത് ഏഴ് പേർക്കെങ്കിലും ഇവിടെ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇരകളിലൊരാളായ 31 വയസ്സുള്ള യുവാവാണ് സംഘർഷത്തിനിടെ തന്റെ ലക്ഷ്വറി വാച്ച് മോഷ്ടിക്കപ്പെട്ടതായി പരാതിപ്പെട്ടത്.