നെഹ്റുവിന്റെ ജനനത്തെ ചുറ്റിപ്പറ്റി പ്രചരിച്ച അത്ഭുതകഥ! പലവട്ടം നെഹ്റു തന്നെ തള്ളിക്കളഞ്ഞ ആ കഥയിങ്ങനെ...

Published : May 27, 2022, 10:35 AM IST
നെഹ്റുവിന്റെ ജനനത്തെ ചുറ്റിപ്പറ്റി പ്രചരിച്ച അത്ഭുതകഥ! പലവട്ടം നെഹ്റു തന്നെ തള്ളിക്കളഞ്ഞ ആ കഥയിങ്ങനെ...

Synopsis

27 വര്‍ഷം മുമ്പ് ശശി തരൂര്‍ എഴുതിയ നെഹ്റു ജീവചരിത്ര പുസ്തകത്തിലെ ആദ്യ അധ്യായം  തുടങ്ങുന്നത് ഈയൊരു കഥ വെച്ചാണ്. ജീവിതത്തില്‍ ഉടനീളം തികഞ്ഞ യുക്തിബോധം വെച്ചുപുലര്‍ത്തിയിട്ടുള്ള മോത്തിലാല്‍ എന്ത് വിവശതയുണ്ടായി എന്ന് പറഞ്ഞാലും, ഇങ്ങനെ ഒരു യോഗിയുടെ അനുഗ്രഹം തേടി പോയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്നത് വിസ്മരിക്കരുത്. 

ജവഹർലാൽ നെഹ്റു(Jawaharlal Nehru)വിന്റെ പിതാവ് മോത്തിലാൽ നെഹ്റു(Pandit Motilal Nehru)വിന് അനേകം നഷ്ടങ്ങൾക്കും വേദനകൾക്കും ശേഷമുണ്ടായ പുത്രനാണ് ജവഹർലാൽ നെഹ്റു. അദ്ദേഹത്തിന്റെ ജനനം (birth) തന്നെ ഒരു അത്ഭുതമായിരുന്നു എന്നൊരു കഥ തന്നെ ഒരുകാര്യവുമില്ലാതെ പ്രചരിക്കുകയുമുണ്ടായി.
 
1889 ജനുവരി, അന്ന് മോത്തിലാൽ നെഹ്റുവിന് പ്രായം ഇരുപത്തേഴു വയസ്സ്. അലഹബാദിലെ വരിഷ്ഠനായ അഭിഭാഷകന്‍. അദ്ദേഹം അന്ന് ഋഷികേശിലേക്ക് ഒരു യാത്ര പോയി. ജീവിതത്തിലെ വലിയ വേദനകളിലൂടെ കടന്നു പോവുകയായിരുന്നു അന്ന് മോത്തിലാല്‍. അത് നേരത്തെ വിവാഹം കഴിയുന്ന കാലമാണല്ലോ? മോത്തിലാലും കൗമാരപ്രായത്തില്‍  തന്നെ വിവാഹം കഴിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആദ്യഭാര്യയും ഗര്‍ഭസ്ഥശിശുവും പ്രസവത്തില്‍ തന്നെ മരിച്ചുപോയി.

മോത്തിലാല്‍ നെഹ്റു

അധികം വൈകാതെ, മോത്തിലാല്‍ രണ്ടാമതും വിവാഹിതനായി. സ്വരൂപ് കൗള്‍ എന്നായിരുന്നു പെൺകുട്ടിയുടെ പേര്.  പക്ഷേ, അവര്‍ക്കുണ്ടായ ആദ്യത്തെ കുഞ്ഞിനും ബാലാരിഷ്ടതകളെ അതിജീവിക്കാനായില്ല. ഇതിനൊക്കെ പുറമെയായിരുന്നു അകാലത്തിലുള്ള സഹോദരന്‍റെ മരണം. സഹോദരൻ നന്ദലാല്‍ നെഹ്റു കൂടി മരിച്ചതോടെ മോത്തിലാല്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തി. സഹോദരന്റെ വിധവയെയും, അദ്ദേഹത്തിന്റെ ഏഴുമക്കളെയും നോക്കേണ്ട ചുമതലയും മോത്തിലാലിനായി. അവരെക്കൂടി നോക്കാൻ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല എങ്കിലും, തന്റെ വംശാവലി കാത്തു സൂക്ഷിക്കാനൊരു പുത്രനില്ലല്ലോ എന്ന ദുഃഖം മോത്തിലാലിനെ അലട്ടിത്തുടങ്ങി. അപ്പോഴാണ് അദ്ദേഹത്തോട് ആരോ ഋഷികേശില്‍ അപൂര്‍വസിദ്ധികളുള്ള ഒരു യോഗിയുണ്ട് എന്ന് പറയുന്നത്. അദ്ദേഹത്തെ ചെന്നുകണ്ടാൽ ചിലപ്പോള്‍ പരിഹാരമുണ്ടായേക്കും എന്നാരോ പറഞ്ഞപ്പോള്‍, ആത്മമിത്രങ്ങളായ രണ്ടു യുവബ്രാഹ്മണര്‍ക്കൊപ്പം മോത്തിലാല്‍ ഹിമാലയത്തിലേക്ക് പോയത്രെ. ഋഷികേശിലെ മലഞ്ചെരിവുകളില്‍ ഒന്നില്‍ അവിടെ ഒരു മരത്തിനു മുകളില്‍ ഏറുമാടം കെട്ടി, മഞ്ഞും മഴയും വകവെക്കാതെ അതില്‍ തപസ്സു ചെയ്തു കഴിയുകയാണ് ഈ പ്രസ്തുത സന്യാസിവര്യന്‍. 

ജവഹര്‍ലാല്‍ നെഹ്റു

ചെന്ന് കണ്ടപാടെ മോത്തിലാലിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, യോഗിയോട് തങ്ങൾ വന്നകാര്യം പറഞ്ഞു. ആഗമനോദ്ദേശ്യം അറിഞ്ഞപാടെ ആ മുഖം വാടി. 'നിനക്ക് ആണ്‍തരിയുണ്ടാവാനുള്ള നിയോഗമില്ല. അങ്ങനെയൊന്ന് നിന്റെ തലവരയിലേ കാണുന്നില്ല' എന്നായിരുന്നു സന്യാസിയുടെ മറുപടി. മോത്തിലാലിന് സങ്കടമായി. അപ്പോഴേക്കും, കൂടെച്ചെന്ന രണ്ടാമത്തെ യുവാവ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ശാസ്ത്രി, യോഗിയുടെ കാല്പാദങ്ങളില്‍ വീഴുന്നു. 'അങ്ങയെപ്പോലെ ഒരു കര്‍മ്മയോഗിക്ക് നിസ്സാരമായ ഒരനുഗ്രഹം നല്‍കി ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമല്ലോ' എന്നാണ് ശാസ്ത്രി പറഞ്ഞത്. 

അതോടെ എന്തെങ്കിലും ചെയ്യുക എന്നത് സന്യാസിയുടെ അഭിമാനപ്രശ്നമാകുന്നു. ഒരു നിമിഷം കണ്ണടച്ച് ആലോചിച്ച ശേഷം അയാള്‍ തന്റെ കമണ്ഡലുവില്‍ നിന്ന് കൈക്കുടന്നയിലേക്ക് തീര്‍ത്ഥജലം പകര്‍ന്ന് മൂന്നു തവണ അത് മോത്തിലാലിന്റെ മൂര്‍ദ്ധാവിലേക്ക് തളിച്ചു. 'നിനക്ക് ആയുരാരോഗ്യ സൗഖ്യങ്ങളുള്ള ഒരു പുത്രന്‍ ജനിക്കട്ടെ' എന്ന് അനുഗ്രവും നൽകി. യോഗിയോട് നന്ദി പറയാന്‍ വേണ്ടി മോത്തിലാല്‍ ഒന്ന് മുരടനക്കിയപ്പോഴേക്കും, കൈയുയര്‍ത്തി തടഞ്ഞുകൊണ്ട് യോഗി 'ഞാന്‍ തലമുറകളായി ആര്‍ജിച്ച സിദ്ധികളും പുണ്യങ്ങളുമെല്ലാം, ഇതോടെ ഒടുങ്ങിയിരിക്കുന്നു' എന്ന് പറഞ്ഞുപോലും. ഇങ്ങനെ മോത്തിലാലിന് അസാധ്യമായ ഒരു അനുഗ്രഹം നല്‍കിയതിന് തൊട്ടടുത്ത നാള്‍ തന്നെ ആ ഹിമാലയന്‍ യോഗി ഇഹലോകവാസം വെടിഞ്ഞു പോലും. മോത്തിലാലിന്റെ നിറുകയില്‍ യോഗിയുടെ തീര്‍ത്ഥജലം പതിച്ച്, പത്തു മാസങ്ങള്‍ക്കുള്ളില്‍, 1889 നവംബര്‍ 14 -ന് മോത്തിലാലിന്റെ പത്‌നി സ്വരൂപ് റാണി, പൂര്‍ണാരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് കഥ. 

ജവഹര്‍ലാല്‍ നെഹ്റു മഹാത്മാ ഗാന്ധിക്കൊപ്പം

അന്ന് ജവഹര്‍ അഥവാ രത്‌നം എന്ന് പേരിട്ട ആ കുഞ്ഞ് ഇരുപതാം നൂറ്റാണ്ടു കണ്ട അസാമാന്യമായ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒന്നായി വളര്‍ന്നുവന്നു. 27 വര്‍ഷം മുമ്പ് ശശി തരൂര്‍ എഴുതിയ നെഹ്റു ജീവചരിത്ര പുസ്തകത്തിലെ ആദ്യ അധ്യായം  തുടങ്ങുന്നത് ഈയൊരു കഥ വെച്ചാണ്. ജീവിതത്തില്‍ ഉടനീളം തികഞ്ഞ യുക്തിബോധം വെച്ചുപുലര്‍ത്തിയിട്ടുള്ള മോത്തിലാല്‍ എന്ത് വിവശതയുണ്ടായി എന്ന് പറഞ്ഞാലും, ഇങ്ങനെ ഒരു യോഗിയുടെ അനുഗ്രഹം തേടി പോയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്നത് വിസ്മരിക്കരുത്. ഇതൊരു കെട്ടുകഥ മാത്രമാണ് എന്ന് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെ ഇതിനെ പലവുരു തള്ളിപ്പറഞ്ഞിട്ടുമുണ്ട്. 

എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അലഹബാദിലെ ആനന്ദ് ഭവനില്‍ നെഹ്റു കുടുംബത്തിലെ ഒരേയൊരു ആണ്‍കുഞ്ഞായി പിറന്ന ജവഹര്‍ പിന്നീടിങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായി മാറി. 

PREV
click me!

Recommended Stories

വെറുക്കുംവരെ പ്രണയിക്കുക, അപകടകരം ഈ ഡേറ്റിംഗ് ട്രെൻഡ്?
ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അർദ്ധരാത്രി മദ്യലഹരിയിൽ അയൽക്കാരുടെ വീടിനു നേരെ വെടിയുതിർത്ത് യുവതി, കാരണം