
ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി പട്ടികയിൽ 2024 -ലെ ഏറ്റവും കൂടുതൽ സമ്പത്ത് ദാനം ചെയ്ത വ്യക്തിയായി മൈക്കൽ ബ്ലൂംബെർഗിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം തന്റെ 100 ബില്യൺ ഡോളറിലധികം വരുന്ന സമ്പത്തിൽ 3.7 ബില്യൺ ഡോളർ അദ്ദേഹം ദാനം ചെയ്തത്.
83 -കാരനായ മൈക്കൽ ബ്ലൂംബെർഗ് ഒരു അമേരിക്കൻ ബിസിനസുകാരനും, രാഷ്ട്രീയക്കാരനും, മനുഷ്യസ്‌നേഹിയും, എഴുത്തുകാരനുമാണ്. ഗ്ലോബൽ ഫിനാൻഷ്യൽ ഇൻഫർമേഷൻ, മീഡിയ കമ്പനിയായ ബ്ലൂംബെർഗ് എൽപിയുടെ സഹസ്ഥാപകനും, സിഇഒയുമാണ് അദ്ദേഹം.
ബോസ്റ്റണിൽ ജനിച്ച ബ്ലൂംബെർഗ് 1981-ലാണ് ബ്ലൂംബെർഗ് എൽപി സ്ഥാപിക്കുന്നത്. അമേരിക്കൻ കോടീശ്വരനായ അദ്ദേഹത്തിന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് ബിരുദവും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും ഉണ്ട്.
ഫോർബ്‌സിന്റെ കണക്കനുസരിച്ച്, 105 ബില്യൺ ഡോളർ ആസ്തിയുണ്ട് മൈക്കൽ ബ്ലൂംബെർഗിന്. ന്യൂയോർക്കിലെ ഏറ്റവും ധനികനായ വ്യക്തിയുമാണ് അദ്ദേഹം. 2002 മുതൽ 2013 വരെ ന്യൂയോർക്ക് മേയറും ആയിരുന്നു അദ്ദേഹം.
2024 -ൽ, ബ്ലൂംബെർഗ് താൻ പഠിച്ച സ്ഥാപനമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്ക് 1 ബില്യൺ ഡോളർ നൽകിയിരുന്നു. ടൈം മാഗസിൻ പറയുന്നതനുസരിച്ച്, മിക്ക വിദ്യാർത്ഥികൾക്കും മെഡിക്കൽ സ്കൂൾ സൗജന്യമാക്കാനും നഴ്സിംഗ്, പബ്ലിക് ഹെൽത് സ്റ്റുഡന്റ്സിന് സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനും ഈ ഗ്രാന്റ് സഹായിക്കും.
കഴിഞ്ഞ വർഷം, നാല് ബ്ലാക്ക് മെഡിക്കൽ സ്കൂളുകളുടെ എൻഡോവ്‌മെന്റുകൾക്ക് 600 മില്യൺ ഡോളർ സമ്മാനവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 'സ്വത്ത് ദാനം ചെയ്യാൻ മരിക്കുന്നതുവരെ ആളുകൾ കാത്തിരിക്കുന്നതെന്തിനാണ് എന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല' എന്നാണ് ഈ വർഷം ആദ്യം ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപ്പിക്ക് അയച്ച ഇമെയിലിൽ അദ്ദേഹം എഴുതിയത്.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റ് 2025 -ൽ ഇടംനേടിയിട്ടുണ്ട്.