
സ്കൂട്ടറിൽ പോകുന്ന പെൺകുട്ടികളെ മയിൽപ്പീലിയുമായി പിറകെ ചെന്ന് ശല്ല്യം ചെയ്ത് യുവാക്കൾ. വീഡിയോ അടക്കം സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് മറ്റൊരു യുവാവാണ്. ഹൈദ്രാബാദിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതികളെ പിന്നാലെ പോയി ശല്ല്യം ചെയ്യുകയായിരുന്നു. അനികേത് ഷെട്ടി എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
വീഡിയോയിൽ രണ്ട് പെൺകുട്ടികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കാണാം. അവരെ പിന്തുടർന്നുകൊണ്ട് മൂന്ന് യുവാക്കൾ സ്കൂട്ടറിൽ പോകുന്നുണ്ട്. അവർ പെൺകുട്ടികളുടെ സ്കൂട്ടറിനടുത്തെത്തിയതും അവരുടെ കയ്യിലുണ്ടായിരുന്ന മയിൽപ്പീലി കൊണ്ട് പെൺകുട്ടികളെ സ്പർശിക്കുന്നതും കാണാം.
അനികേത് ഒച്ചയിട്ടതോടെ അവർ അനികേതിനെ തിരിഞ്ഞ് നോക്കുകയും ചെയ്യുന്നുമുണ്ട്. പിന്നീട്, അവർ വേഗത്തിൽ വാഹനമോടിച്ച് പോവുകയായിരുന്നു. താനവരെ കൂടുതൽ ദൂരം പിന്തുടർന്നേനെ, മുന്നിലുള്ള കാർ വഴി തരാത്തതിനാലാണ് അത് കഴിയാതെ പോയത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്.
പൊലീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വീട്ടിലെത്തിയിട്ടും താൻ ദേഷ്യം കൊണ്ട് വിറക്കുകയാണ് എന്നും ഭാര്യ കൂടെയില്ലായിരുന്നെങ്കിൽ താൻ എന്തെങ്കിലും ചെയ്തുപോയെനെ എന്ന് 10000% ഉറപ്പാണ് എന്നും അനികേത് പറയുന്നുണ്ട്. തന്റെ ഭാര്യയ്ക്കോ, സുഹൃത്തുക്കൾക്കോ, സഹപ്രവർത്തകരായ സ്ത്രീകൾക്കോ ആയിരിക്കാം ഇത് സംഭവിക്കുന്നത്. ഇത് ചെയ്തവരോട് ശബ്ദമുയർത്തുക എന്നതല്ലാതെ അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തത് ലജ്ജാകരമാണ് എന്നും അനികേത് പറയുന്നുണ്ട്.
എന്തായാലും, ഒടുവിൽ പൊലീസും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരിക്കാനും അവർ അനികേതിനോട് ആവശ്യപ്പെട്ടു. ജൂബിലി ഹിൽസിൽ നീരുസ് സിഗ്നലിനടുത്തു നിന്നാണ് യുവാക്കൾ പെൺകുട്ടികളെ ശല്ല്യം ചെയ്യാനാരംഭിച്ചത്. യുആർ ലൈഫ് സ്റ്റുഡിയോയുടെ എതിർവശം വരെ താൻ അവരെ പിന്തുടർന്നു എന്നും അനികേത് വ്യക്തമാക്കി. യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണ് എന്നും പൊലീസ് പോസ്റ്റിൽ റിപ്ലൈ ചെയ്തിട്ടുണ്ട്.