
കുറഞ്ഞ ശമ്പളത്തിന് തൊഴിലുടമ കൂടുതൽ ജോലി ചെയ്യിക്കുന്നു, ശാരീരികമായും മാനസികമായും തളർന്നു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വാർത്തയാവുന്നു. സിംഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിയാണ് തൊഴിലുടമ തനിക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം മാത്രമേ നൽകുന്നുള്ളൂ എന്നും അതേസമയം ഭക്ഷണം, ഗ്രോസറി, വീട്ടുപകരണങ്ങൾ എന്നിവയുടെ ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ എടുക്കേണ്ടി വരികയാണ്, എല്ലാം കൂടി കഷ്ടപ്പാടാണ് എന്നും കാണിച്ച് ആളുകളിൽ നിന്നും ഉപദേശം തേടിയിരിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, ഏകദേശം ഒരു വർഷമായി ശമ്പളം വൈകിയാണ് കിട്ടുന്നത്, വൈകിയും ജോലി ചെയ്യേണ്ടി വരുന്നു, ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് കൂടി വരികയാണ് എന്നാണ്.
ശരിക്കും തനിക്ക് ഇക്കാര്യത്തിൽ ഉപദേശം വേണം, ഏകദേശം ഒരു വർഷമായി താൻ ഇങ്ങനെ ജോലി ചെയ്യുകയാണ് എന്നാണ് ദി ഇൻഡിപെൻഡന്റ് സിംഗപ്പൂരിന്റെ ഒരു റിപ്പോർട്ടിൽ യുവതിയുടെ പോസ്റ്റിനെ കുറിച്ച് പറയുന്നത്. ജോലിയിൽ പ്രവേശിച്ച് ഏകദേശം 3 മാസം കഴിഞ്ഞപ്പോൾ തന്നെ തനിക്കുവേണ്ട, പലചരക്ക് സാധനങ്ങൾ മുതൽ ലഘുഭക്ഷണം, ബ്രെഡ്, ചായ, കാപ്പി, ടോയ്‌ലറ്ററികൾ എന്നിവയെല്ലാം താൻ തന്നെ വാങ്ങുകയായിരുന്നു. അതേസമയം തനിക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും അവർ പറഞ്ഞു.
ആദ്യമെല്ലാം പാകം ചെയ്യാനുള്ള സാധനങ്ങൾ വീട്ടുകാരുടെ അനുവാദത്തോടെ എടുത്തിരുന്നുവെങ്കിലും പിന്നീട് അത് ചെയ്യരുത് എന്ന് പറയുകയായിരുന്നു. എന്നാൽ, തനിക്കുള്ള ശമ്പളം വളരെ കുറവാണ്. രാത്രി 11 മണി വരെയും അതുകഴിഞ്ഞും ജോലി ചെയ്യിക്കും. ഇത് തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചു. ആറ് കിലോ താൻ കുറഞ്ഞു. പലതവണ വീട്ടുകാരോട് പറഞ്ഞിട്ടും ഒന്നും മാറിയില്ല. നേരത്തെ തന്നെ കരാർ പൂർത്തിയാക്കാത്ത അവസ്ഥയുണ്ടായതിനാൽ പരാതി പറയാൻ പേടിയാണ് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയെ ഉപദേശിച്ചത്. കൃത്യമായി പരാതി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നൽകി ഈ ചൂഷണത്തിൽ നിന്നും രക്ഷനേടാണ് പലരും അവളെ ഉപദേശിച്ചത്.