സ്ത്രീകള്‍ മാത്രമായി ഒരു അടിപൊളി ബാന്‍ഡ്; വെറുതെ ഒരു ബാന്‍ഡല്ല, പാട്ടുകള്‍ക്ക് കുറച്ച് ലക്ഷ്യങ്ങളൊക്കെയുണ്ട്

By Web TeamFirst Published May 30, 2019, 3:49 PM IST
Highlights

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍ ഭ്രൂണഹത്യ, ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം, തൊഴിലാളികളായ സ്ത്രീകള്‍ ഇവരെ കുറിച്ചൊക്കെയാണ് ബാന്‍ഡ് പാടിപ്പറയാന്‍ ശ്രമിക്കുന്നത്. 

ഇന്ത്യയിലെ സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക് ഒക്കെ വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒക്കെയാണ് ഈ ബാന്‍ഡ് പാടുന്നത്. സ്ത്രീകള്‍ മാത്രമുള്ള ഒരു ബാന്‍ഡ്.അവര്‍ തന്നെ എഴുതി, അവര്‍ തന്നെ സംഗീതം നല്‍കി, അവര്‍ തന്നെ അവതരിപ്പിക്കുന്ന പാട്ടുകളാണ് അവയെല്ലാം. 

''ഞങ്ങളെല്ലാം ഇടത്തരം കുടുംബങ്ങളിലെ സാധാരണ സ്ത്രീകളാണ്. രാവിലെ 7.30 ആകുമ്പോഴേക്കും വീട്ടിലെ കാര്യങ്ങളെല്ലാം ഒതുക്കും. അതുകഴിഞ്ഞ് ജോലിക്കോ, പഠിക്കാനോ പോകും. അല്ലെങ്കില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കും. പക്ഷെ, അപ്പോഴെല്ലാം സംഗീതവും നമുക്കൊപ്പം ഉണ്ടാകും. ഞങ്ങള്‍ പാടുകയും ആടുകയും അതേ സമയം തന്നെ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും. ഞങ്ങള്‍ ഞങ്ങളുടെ ഈ ജീവിതത്തെ വളരെ സ്നേഹിക്കുന്നു.'' ലീഡ് സിങ്ങറും പാട്ട് എഴുതുകയും ചെയ്യുന്ന ജയ തിവാരി പറയുന്നു. 

'മേരി സിന്ദഗി' എന്ന് പേരിട്ടിരിക്കുന്ന ബാന്‍ഡിന്‍റെ എല്ലാ പാട്ടുകളും വരുന്നത് തങ്ങളുടെ തന്നെ നിത്യജീവിതത്തില്‍ നിന്നാണെന്ന് ജയ പറയുന്നു. 'സ്ത്രീകളെ സംബന്ധിച്ച് ഏത് മേഖലയിലാണെങ്കിലും വിജയം ഒട്ടും എളുപ്പമല്ല. നമുക്ക് വലിയ സ്വപ്നങ്ങളുണ്ട്. അതുപോലെ മറികടക്കാന്‍ വലിയ തടസങ്ങളും. ഞങ്ങളുടെ പാട്ടുകള്‍ ആ തടസങ്ങളെ കുറിച്ചാണ് പറയുന്നത്, അത് മറികടക്കുന്നതിനെ കുറിച്ചും, അതിലൂടെ കൈവരിക്കുന്ന വിജയത്തെ കുറിച്ചുമാണ് പറയുന്നത്.'

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍ ഭ്രൂണഹത്യ, ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം, തൊഴിലാളികളായ സ്ത്രീകള്‍ ഇവരെ കുറിച്ചൊക്കെയാണ് ബാന്‍ഡ് പാടിപ്പറയാന്‍ ശ്രമിക്കുന്നത്. 

ഉത്തര്‍ പ്രദേശില്‍ മാത്രം അഞ്ചില്‍ ഒരു പെണ്‍കുട്ടി ശൈശവവിവാഹത്തിന് ഇരയാകുന്നുണ്ട്. അവരുടെ സ്വപ്നങ്ങളെല്ലാം ഇതോടുകൂടി കരിഞ്ഞു പോകുന്നു. ഇത്തരം സംഭവങ്ങളെല്ലാം പാട്ടിലൂടെ പുറത്ത് കൊണ്ടുവരാന്‍ ഞങ്ങളാഗ്രഹിക്കുന്നു. പാട്ട് കേള്‍ക്കുന്നതോടെ കൂടെപ്പാടാനും ഇത്തരം വിഷയങ്ങളെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനും ഓഡിയന്‍സും തയ്യാറാവാറുണ്ട്. അതു ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും ജയ. സംഗീതത്തില്‍ പി എച്ച് ഡി ചെയ്യുന്ന ജയ അഞ്ച് വര്‍ഷത്തോളം റേഡിയോ ജോക്കിയായും ജോലി ചെയ്തിട്ടുണ്ട്. 

'മേരി സിന്ദഗി' തുടങ്ങുന്നത് 2010 -ലാണ്. പക്ഷെ, ചിലരെല്ലാം പിരിഞ്ഞു പോയി. അങ്ങനെ, 2013 -ല്‍ മൂന്നു പെണ്‍കുട്ടികള്‍ കൂടി ബാന്‍ഡില്‍ ചേര്‍ന്നു. പക്ഷെ, രണ്ട് പേര്‍ പിന്നീട് പിരിഞ്ഞുപോയി. ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പലപ്പോഴും കുടുംബത്തില്‍ നിന്നും നാത്തൂന്‍മാരുടെ ഭാഗത്തുനിന്നുമൊക്കെയുള്ള എതിര്‍പ്പ് പലര്‍ക്കും ബാന്‍ഡില്‍ തുടരാന്‍ കഴിയാത്തതിന് കാരണമായിത്തീര്‍ന്നു. പക്ഷെ, പിന്നീട് ബാന്‍ഡ് ഒരു കുടുംബം പോലെയായി ആരും പിരിയാത്ത ഒന്ന്. ജയയെ കൂടാതെ മറ്റ് നാലുപേര്‍ കൂടിയാണ് ബാന്‍ഡിലുള്ളത്. 

സിന്തസൈസര്‍ വായിക്കുന്നത് നിഹാരിക ദുബേ (28), ഗിത്താറിസ്റ്റ് പൂര്‍വി മാല്‍വിയ (22), ഡ്രംസ് വായിക്കുന്ന അനാമിക ജുഞ്ചുന്‍വാല (17), വോക്കലിസ്റ്റ് സുഭാഗ്യ ദീക്ഷിത് (20) എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ അനാമിക സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. എട്ടാം വയസ്സ് മുതല്‍ ഡ്രംസ് വായിക്കുന്നുണ്ട് അനാമിക. ഇതു കേട്ടറിഞ്ഞ ജയ തന്നെയാണ് അനാമികയോട് ബാന്‍ഡില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നത്. 

വളരെ പെട്ടെന്ന് തന്നെ എഴുപതോളം പാട്ടുകള്‍ മേരി സിന്ദഗി തയ്യാറാക്കി, നൂറോളം ഷോ അവതരിപ്പിച്ചു. ആന്‍റി സ്മോക്കിങ് അടക്കമുള്ള വിഷയങ്ങളില്‍ കാമ്പയിനും മേരി സിന്ദഗി സംഘടിപ്പിച്ചു കഴിഞ്ഞു. സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തന്നെയാണ് ഏതായാലും ബാന്‍ഡിന്‍റെ മുഖ്യലക്ഷ്യം. 


 

click me!