എട്ടുവയസുകാരി കുപ്പിയിലടച്ച് അയച്ച സന്ദേശം, 25 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് 1,287 കിലോമീറ്റർ അപ്പുറം

Published : Jan 27, 2022, 11:11 AM IST
എട്ടുവയസുകാരി കുപ്പിയിലടച്ച് അയച്ച സന്ദേശം, 25 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് 1,287 കിലോമീറ്റർ അപ്പുറം

Synopsis

'അയ്യോ, അതെന്റെ കയ്യക്ഷരമാണല്ലോ' എന്നാണ് കത്തിന്റെ ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്. പിന്നീട്, ആ കുറിപ്പ് വായിച്ചപ്പോൾ ഞാൻ ചിരിച്ച് മരിക്കുകയായിരുന്നു. അന്നെനിക്കിഷ്ടമുണ്ടായിരുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അതിലുണ്ടായിരുന്നു. അന്ന് അധ്യാപകർ പറഞ്ഞിട്ടാവണം അത് എഴുതി വെള്ളത്തിലിട്ടത് എന്ന് കരുതുന്നു' എന്നും ജോവാന പറഞ്ഞു. 

അന്നവൾക്ക് എട്ട് വയസായിരുന്നു, വിദ്യാർത്ഥിനി ആയിരുന്നു. ഇന്ന് 34 വയസ്, ഡോക്ടറാണ്. എന്നാൽ, കുട്ടിക്കാലത്ത് അവളയച്ച ഒരു സന്ദേശം 25 വർഷങ്ങൾക്ക് ശേഷം ചുറ്റിക്കറങ്ങി അവളെ തേടിയെത്തിയിരിക്കുകയാണ്. അബർഡീൻഷെയറിൽ(Aberdeenshire) നിന്നുള്ള ഈ പെൺകുട്ടി കുപ്പിയിലാക്കി അയച്ച സന്ദേശം(Message in a bottle) 25 വർഷത്തിന് ശേഷം കണ്ടെത്തിയത് നോർവേ(Norway)യിലാണ്. 1996 -ൽ ഒരു സ്കൂൾ പ്രൊജക്റ്റിനായി പോയതായിരുന്നു എട്ടുവയസുകാരിയായ ജോവാന ബുക്കൻ. അന്ന് മത്സ്യബന്ധന ബോട്ടിൽ നിന്നാണ് സന്ദേശമെഴുതിയ കുപ്പി വെള്ളത്തിലിട്ടത്. 800 മൈൽ (1,287 കിലോമീറ്റർ) അകലെ വടക്കൻ നോർവേയിലെ ഗാസ്‌വേറിൽ എലീന ആൻഡ്രിയാസെൻ ഹാഗയ്ക്കാണ് ഈ സന്ദേശം 25 വർഷത്തിനുശേഷം കിട്ടിയത്. അങ്ങനെ എലെന, ജോവാനയെ സോഷ്യൽ മീഡിയയിൽ പരതി കണ്ടുപിടിക്കുകയായിരുന്നു. 

ജോവാനയുടെ കത്തിൽ മധുരപലഹാരങ്ങളോടുള്ള ഇഷ്ടവും എന്നാൽ ആൺകുട്ടികളോടുള്ള ഇഷ്ടക്കേടും വെളിപ്പെടുത്തുന്നു. 'ഞാൻ ആൺകുട്ടികളെ വെറുക്കുന്നു' എന്നാണ് കത്ത് അവസാനിക്കുന്നത്. വൃത്തിയായ കൈയക്ഷരത്തിൽ, കത്ത് കണ്ടെത്തുന്നയാളെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. അതിൽ ജോവാന അവളുടെ വളർത്തുനായയെ കുറിച്ചും അവളുടെ സ്കൂൾ പ്രോജക്റ്റുകളെക്കുറിച്ചും ബ്ലൂ ടാക്ക് ശേഖരിക്കാനുള്ള അവളുടെ ഇഷ്ടത്തെക്കുറിച്ചുമെല്ലാം വിവരിക്കുന്നു.

2020 വേനൽക്കാലത്താണ് താൻ ആ പച്ചക്കുപ്പി കണ്ടെത്തിയതെന്നും ഉള്ളിൽ എന്തോ ഉണ്ടെന്ന് കാണാമായിരുന്നുവെന്നും 37 -കാരിയായ എലെന ബിബിസി സ്‌കോട്ട്‌ലൻഡിനോട് പറഞ്ഞു. വളരെ ശ്രദ്ധയോടെ കത്ത് തുറന്നു. അത് സ്കോട്ട്ലൻഡിൽ നിന്നുള്ളതാണ് എന്ന് മനസിലായി. അങ്ങനെ എലെന, ജോവാനയ്ക്ക് സോഷ്യൽമീഡിയയിൽ മെസേജ് അയച്ചു. പക്ഷേ, കഴിഞ്ഞ തിങ്കളാഴ്ച വരെ ജോവാന അത് കണ്ടിരുന്നില്ല. ഇപ്പോൾ ജോവാനയ്ക്ക് 34 വയസായി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഡോക്ടറാണവൾ. ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജ് റിക്വസ്റ്റിലൂടെ സ്ക്രോൾ ചെയ്ത് പോയപ്പോഴാണ് അപ്രതീക്ഷിതമായി 2020 -ൽ എലെന അയച്ച മെസേജ് ജോവന കാണുന്നത്. ആ കുപ്പിയിൽ അയച്ച സന്ദേശത്തെ കുറിച്ച് പോലും അവൾക്കപ്പോൾ അവ്യക്തമായ ഓർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

'അയ്യോ, അതെന്റെ കയ്യക്ഷരമാണല്ലോ' എന്നാണ് കത്തിന്റെ ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്. പിന്നീട്, ആ കുറിപ്പ് വായിച്ചപ്പോൾ ഞാൻ ചിരിച്ച് മരിക്കുകയായിരുന്നു. അന്നെനിക്കിഷ്ടമുണ്ടായിരുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അതിലുണ്ടായിരുന്നു. അന്ന് അധ്യാപകർ പറഞ്ഞിട്ടാവണം അത് എഴുതി വെള്ളത്തിലിട്ടത് എന്ന് കരുതുന്നു' എന്നും ജോവാന പറഞ്ഞു. ഏതായാലും അപ്രതീക്ഷിതമായി എത്തിയ ആ പഴയ കത്ത് അവളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും ആഹ്ലാദിപ്പിച്ചതും. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ