നൂറ്റാണ്ടുകൾക്ക് മുമ്പ് ബലമായി പുറത്താക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ഗോത്രവര്‍ഗക്കാര്‍ക്ക്

By Web TeamFirst Published Jan 27, 2022, 10:27 AM IST
Highlights

കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തിലും കാട്ടുതീയടക്കമുള്ളവ ഉണ്ടാവാത്ത തരത്തിലുമെല്ലാം വനത്തെ സംരക്ഷിക്കാനാവശ്യമായ കാര്യങ്ങള്‍ ഇവിടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 

കാലിഫോർണിയ(California)യിലെ ഒരുകൂട്ടം ഗോത്രവർഗക്കാർ(Indigenous tribes) 500 ഏക്കറിലധികം വരുന്ന റെ‍ഡ്‍വുഡ് വനഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് ബലമായിട്ടാണ് ഈ ഭൂമിയിലുള്ളവരെ പുറത്താക്കിയിരുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സേവ് ദ റെഡ്‌വുഡ്‌സ് ലീഗ് (Save the Redwoods League), ഈ ഭൂമിയുടെ യഥാർത്ഥ ഉടമകളെ പ്രതിനിധീകരിക്കുന്ന സിങ്ക്യോൺ കൗൺസിലി(Sinkyone Council)ന്റെ ഉടമസ്ഥതയിലുള്ളതാണ് ഇനി ഈ വസ്തുവെന്ന് പറഞ്ഞു. 

മുമ്പ് ആൻഡേഴ്സോണിയ വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന, മെൻഡോസിനോ കൗണ്ടിയിലെ ഈ വനപ്രദേശം അതിന്റെ യഥാർത്ഥ നാമമായ 'Tc'ih-Léh-Dûñ' എന്നതിലേക്ക് മടങ്ങും. സിങ്ക്യോൺ ഭാഷയിൽ 'ഫിഷ് റൺ പ്ലേസ്' എന്നാണ് പേര് വിവർത്തനം ചെയ്യുന്നത്. പ്രദേശത്തെ അവിടെ പരമ്പരാഗതമായി താമസിച്ചുവന്നിരുന്ന ആളുകള്‍ പുണ്യസ്ഥലമായിട്ടാണ് കണക്കാക്കിയിരുന്നത് എന്ന് പറയുന്നു. ഇത് ഞങ്ങളുടെ തദ്ദേശവാസികൾക്കുള്ള സ്ഥലമാണ് എന്ന് സിങ്ക്യോൺ കൗൺസിൽ ബോർഡ് അംഗം ക്രിസ്റ്റ റേ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. " അവിടെ ഒരു ഭാഷയുണ്ടായിരുന്നു എന്നും വളരെക്കാലം മുമ്പ് അവിടെ ഒരു ജനത താമസിച്ചിരുന്നു എന്നും ഇത് ലോകത്തെ അറിയിക്കുന്നു."

വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾക്ക് നിർണ്ണായകമായ ഒരു ആവാസവ്യവസ്ഥയും പഴക്കം ചെന്ന നിരവധി റെഡ്‍വുഡ്ഡുകളുമുള്ള ഇവിടം ഇപ്പോൾ സിങ്ക്യോൺ തീരത്ത് ഏകദേശം 180,000 ഏക്കർ സംരക്ഷിത ഭൂമിയിലേക്ക് ചേർക്കുകയാണ്. ഇത് രണ്ടാം തവണയാണ് സേവ് ദി റെഡ്‌വുഡ്‌സ് ലീഗ് സിങ്ക്യോൺ ഗോത്രങ്ങളുമായി സംരക്ഷണ കരാറിൽ ഏർപ്പെടുന്നത്. 

“ഈ ഭൂമിയെ ശാശ്വതമായി സംരക്ഷിക്കാനും നന്നാക്കിയെടുക്കാനുമുള്ള ഏറ്റവും നല്ല മാർഗം ഗോത്ര പരിപാലനത്തിലൂടെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ലീഗ് പ്രസിഡന്റും സിഇഒയുമായ സാം ഹോഡർ പ്രസ്താവനയിൽ പറഞ്ഞു. "ഈ പ്രക്രിയയിൽ, കാലിഫോർണിയയിലെ റെഡ്‍വുഡ് വനങ്ങൾ സംരക്ഷിക്കുന്നതിന്റെ വേഗതയും അളവും ത്വരിതപ്പെടുത്തുന്നതോടൊപ്പം ആവാസവ്യവസ്ഥയിലും അതുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികളിലും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ട്" എന്നും ഹോഡര്‍ പറയുന്നു. 

കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തിലും കാട്ടുതീയടക്കമുള്ളവ ഉണ്ടാവാത്ത തരത്തിലുമെല്ലാം വനത്തെ സംരക്ഷിക്കാനാവശ്യമായ കാര്യങ്ങള്‍ ഇവിടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമകളിൽ ഒരാളായ പസഫിക് ഗ്യാസ് & ഇലക്‌ട്രിസിറ്റി യൂട്ടിലിറ്റി കമ്പനി രൂപീകരിച്ച ഒരു കൺസർവേഷൻ പ്രോഗ്രാമിലൂടെ 2020 -ൽ ലീഗ് $3.55m (£2.63m) വിലയ്ക്ക് ഭൂമി വാങ്ങുകയായിരുന്നു.

click me!