പ്രതിഷേധക്കാര്‍ക്കൊപ്പം ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം; ബ്രിട്ടീഷ് പൊലീസുകാരിക്ക് എതിരെ അന്വേഷണം

By Web TeamFirst Published May 22, 2021, 6:35 PM IST
Highlights

ഗാസയിലെ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇസ്രാേയല്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ വിവരങ്ങള്‍ പുറത്തുവന്നു.

ഗാസയിലെ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇസ്രാേയല്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ വിവരങ്ങള്‍ പുറത്തുവന്നു.ആറു മാസം മുമ്പ് മെട്രോപൊലിറ്റന്‍ പൊലീസില്‍ ചേര്‍ന്ന 20 -കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് 'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യം വിളിച്ചത്. നൗഷീന്‍ ജാന്‍ എന്നു പേരായ ഉദ്യോഗസ്ഥ ഗാസയിലെ അക്രമ സംഭവങ്ങളില്‍ ആകുലയായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് ബ്രിട്ടീഷ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാവുകയും ബ്രിട്ടീഷ് ജൂതവിഭാഗങ്ങള്‍ ഇവര്‍ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് വകുപ്പ് ആഭ്യന്തര അന്വേഷണമാരംഭിച്ചിരുന്നു. 

 

 

കഴിഞ്ഞ ദിവസങ്ങളിലാണ് ലണ്ടനിലെ കെന്‍സിങ്ടണില്‍ സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍ എംബസിക്കു മുന്നില്‍ വമ്പന്‍ പ്രതിഷേധത്തിനിടെ വിവാദ സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ പ്രതിഷേധക്കാരിയെ ആലിംഗനം ചെയ്യുന്നതും ആകാശത്തേക്കു മുഷ്ടി ചുരുട്ടി ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവ സോഷ്യല്‍ മീഡിയയില്‍ െവെറലായി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടനിലെ ജൂത വിഭാഗങ്ങളും വലതുപക്ഷ സംഘടനകളും രംഗത്തുവന്നു. ഇവര്‍ക്ക് എതിരായി സോഷ്യല്‍ മീഡിയാ കാമ്പെയിനും നടന്നു. ഇതിനു പിന്നാലെ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥയ്ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് മെട്രോ പൊളിറ്റന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.  എന്ത് സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥ മുദ്രാവാക്യം വിളിച്ചതെന്ന കാര്യം അന്വേഷിച്ച് അനന്തര നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. 

 

 

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ച് യൂറോപ്പിലും അമേരിക്കയിലും നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ബ്രിട്ടനില്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ ഗാസയിലെ അരുംകൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നു. ലണ്ടനിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ നടന്ന ഒരു പ്രകടനം അക്രമാസക്തമവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

click me!