
എലികളെ അത്ര നിസ്സാരക്കാരായി കാണണ്ട, കാരണം 22,000 അടി ഉയരമുള്ള കൊടിമുടികൾക്ക് മുകളിൽ വരെ തങ്ങൾക്ക് സുഖമായി ജീവിക്കാൻ കഴിയുമെന്ന് കാണിച്ചു തന്നിരിക്കുകയാണ് അവ. കഴിഞ്ഞദിവസം പുറത്തുവന്ന ഒരു ഗവേഷണ റിപ്പോർട്ടിലാണ് അഗ്നിപർവ്വതത്തിനു മുകളിൽ സുഖവാസമാക്കിയ ഒരുകൂട്ടം എലികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
തെക്കൻ അമേരിക്കയിലെ പ്രശസ്തമായ ആൻഡിസ് പർവ്വതനിരയിലാണ് എലികളുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞുമൂടിയ നിരവധി അഗ്നിപർവ്വതങ്ങൾ ചേർന്നതാണ് ആൻഡിസ് പർവ്വതനിര. ഇവിടുത്തെ 22000 അടി വരെ ഉയരമുള്ള കൊടുമുടികളിൽ ഒരുകൂട്ടം ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഗവേഷകർ നടത്തിയ പഠനത്തിലാണ് അവ എലികളാണെന്ന് കണ്ടെത്തിയത്. നട്ടെല്ലുള്ള സസ്തനികളായ എലികൾ ഇത്രയും ഉയരത്തിൽ ജീവിക്കുന്നു എന്ന കണ്ടെത്തൽ ജീവശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
മുമ്പ് 2013 -ൽ ആൻഡിസ് പർവ്വതനിരയിൽ ഉൾപ്പെട്ട അർജന്‌റീന- ചിലെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലൂലലിയാക്കോ എന്ന അഗ്നിപർവതത്തിൽ പര്യവേക്ഷണം നടത്തുന്നതിനിടയിൽ ഗവേഷകർ ജീവനുള്ള ഒരു എലിയെ കണ്ടെത്തിയിരുന്നു. 20,360 അടി ഉയരത്തിൽ ആയിരുന്നു അന്ന് എലിയെ കണ്ടെത്തിയത്. എന്നാൽ, ശാസ്ത്രജ്ഞരിൽ വലിയ ആശയക്കുഴപ്പമാണ് ഈ കണ്ടെത്തലുകൾ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത്. കാരണം ഓക്‌സിജൻ പോലും ഭൂമിയിലെ മറ്റുള്ളിടങ്ങളിൽ ഉള്ളതിനെക്കാളും 40 ശതമാനം കുറവാണിവിടെ. മാത്രമല്ല ഇത്രയും ഉയരത്തിൽ ഇത്രയും കടുത്ത സാഹചര്യത്തിൽ ചെടികൾക്ക് പോലും പർവതനിരകളിലെ കാലാവസ്ഥയെ അതിജീവിക്കാനാവില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് എലികൾ ഇവിടെ അതിജീവിച്ചത് എന്നതാണ് ശാസ്ത്രജ്ഞരെ വലയ്ക്കുന്ന ചോദ്യം. മാത്രമല്ല ഇവയുടെ ഭക്ഷണം എന്തായിരിക്കും എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്.
എലികളുടെ അവശിഷ്ടങ്ങൾ വർഷങ്ങൾക്കു മുൻപ് തന്നെ ആൻഡിസ് പർവത നിരകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവ അവിടെ ജീവിച്ചിരുന്നവയല്ല മറിച്ച് അവിചാരിതമായി എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടത് ആകാമെന്നാണ് ശാസ്ത്രജ്ഞർ ഇതുവരെയും കരുതിയിരുന്നത്. കൂടാതെ മമ്മിയാക്കപ്പെട്ട നിലയിലും ഇവിടെ നിന്നും എലികളെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുവിൽ ഉണ്ടായിരുന്ന ധാരണ പ്രാചീനകാലത്ത് ഈ മേഖലയോട് ചേർന്ന് താമസിച്ചിരുന്ന ഇൻകാസമൂഹം അവരുടെ ആചാരങ്ങളുടെ ഭാഗമായി എലികളെ മമ്മിയാക്കിയതായിരിക്കാം എന്നാണ്.
എന്നാൽ അടുത്തിടെ ഇത്തരത്തിൽ മമ്മിയാക്കപ്പെട്ട എലികളിൽ ഗവേഷകർ നടത്തിയ പഠനത്തിൽ വിചാരിച്ചത്ര പഴക്കം ഇവയ്ക്കില്ലെന്നും ഇൻകാകളുടെ കാലത്തുള്ളവയല്ല ഇവയെന്നും കണ്ടെത്തി. കൂടാതെ ആരും അവയെ ബോധപൂർവ്വം മമ്മി ആക്കിയതല്ല എന്നും തണുത്തുറഞ്ഞ വരണ്ട കാലാവസ്ഥയിൽ അവ അങ്ങനെയായി തീർന്നതായിരിക്കാം എന്നുമാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിരീക്ഷണം. ഏതായാലും പർവത നിരകൾക്കു മുകളിലെ എലികളുടെ അതിജീവനത്തെക്കുറിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഇവയുടെ അതിജീവന രഹസ്യം പുറത്തു വരികയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: