തള്ളല്ല, ഒരു ഫുള്‍ വിമാനം പച്ചയ്ക്ക്  തിന്നിട്ടുണ്ട് ഈ മനുഷ്യന്‍!

By Web TeamFirst Published Aug 21, 2021, 11:49 AM IST
Highlights

ഒരു ഫുള്‍ വിമാനം പച്ചയ്ക്ക് തിന്ന മെക്കിള്‍ ലോറ്റിറ്റോയുടെ കഥ. അദ്ദേഹം കഴിച്ച സൈക്കിളുകള്‍, ടിവികള്‍, ആണികള്‍, ബള്‍ബുകള്‍, കിടക്കകള്‍, ഇഫല്‍ ടവറിന്റെ ഒരു ചെറിയ കഷ്ണം, ഒരു ശവപ്പെട്ടി എന്നിവയുടെയും കഥ.
 

ലോകത്ത് പലതരം മനുഷ്യരുണ്ട്. പല സ്വഭാവക്കാര്‍. പല താല്‍പര്യക്കാര്‍. നമുക്ക് ഒരിക്കലും വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാത്ത സ്വഭാവസവിശേഷതകള്‍ ഉള്ള ആളുകള്‍. പലപ്പോഴും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാനോ, അംഗീകരിക്കാനോ സാധിച്ചുവെന്ന് വരില്ല. 

മൈക്കിള്‍ ലോറ്റിറ്റോ അത്തരമൊരു അസാധാരണ ശീലത്തിന്റെ ഉടമയാണ്. അദ്ദേഹം വിശന്നാല്‍ കഴിക്കുന്നത് ഭക്ഷ്യവസ്തുക്കളല്ല. ഒട്ടും ചവച്ചരയ്ക്കാനാവാത്ത, ദഹിക്കാത്ത ലോഹങ്ങളാണ്. കൂടാതെ, ഗ്ലാസ്സ്, റബ്ബര്‍ മുതലായ ഭക്ഷ്യേതര വസ്തുക്കളും അദ്ദേഹം കഴിച്ചു. അദ്ദേഹത്തിന് നിരവധി ഗിന്നസ് ബുക്ക് റെക്കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 

ഒരു മനുഷ്യന് ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കുന്നുണ്ടാകും? എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ അദ്ദേഹത്തിന് വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു.      

മൈക്കിളിന്റെ ചെറുപ്പത്തില്‍ നടന്നൊരു സംഭവമാണ് അത്. ഒരു ദിവസം ഒരു ഗ്ലാസ് താഴെ വീണ് ചിതറി. മൈക്കിള്‍ അതിലൊന്ന് എടുത്ത് അറിയാതെ ചവച്ചു. തുടര്‍ന്ന് അയാളെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരും ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റുകളും പരിശോധിക്കുകയും, കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. 

 

 

പിക്ക എന്നറിയപ്പെടുന്ന അവസ്ഥയായിരുന്നു അതിന് പിന്നിലെന്ന് അവര്‍ കണ്ടെത്തി. പിക്ക ബാധിച്ച വ്യക്തികള്‍ക്ക് ഗ്ലാസ്, അഴുക്ക് അല്ലെങ്കില്‍ ലോഹം പോലുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ നിരന്തരമായ ആഗ്രഹമുണ്ടാകുന്നു. ഈ അവസ്ഥ വന്നശേഷമാണ് തനിക്ക് ഈ ശീലം തുടങ്ങിയതെന്നാണ് മൈക്കിള്‍ പറയുന്നത്.  

16 വയസ്സ് മുതല്‍ അദ്ദേഹം ഈ കഴിവ്  ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. കാലക്രമേണ, ഈ പ്രതിഭയെ ആളുകള്‍ 'മോണ്‍സിയര്‍ മാംഗെറ്റ്ഔട്ട്' അല്ലെങ്കില്‍ 'മിസ്റ്റര്‍ ഈറ്റ്-ഓള്‍' എന്ന് വിളിക്കാന്‍ തുടങ്ങി.  സാധാരണ സാഹചര്യങ്ങളില്‍, ലോഹങ്ങളും ഗ്ലാസ്സും കഴിക്കുന്നത് വളരെ അപകടകരമാണ്. മാത്രമല്ല, അവ ദഹിക്കാന്‍ പ്രയാസവുമാണ്. എന്നാല്‍, മൈക്കിളിന് ഇങ്ങനെ ഒരു പ്രശ്‌നവുമില്ല. മാത്രമല്ല, അയാളുടെ വയറിനും കുടലിനും ചുറ്റുമായി വളരെ കട്ടിയുള്ള ലൈനിംഗ് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു, ഇത് അദ്ദേഹത്തിന് എന്തും കഴിക്കാനുള്ള കഴിവ് നല്‍കി! വിഷ ലോഹങ്ങള്‍ കഴിച്ചാലും മൈക്കിളിന് ഒന്നും സംഭവിക്കില്ലെന്നും അവര്‍ കണ്ടെത്തി.  

കൈയില്‍ കിട്ടിയതെല്ലാം കഴിച്ച അദ്ദേഹം കൂടുതല്‍ വലുതെങ്കിലും കഴിക്കാന്‍ ആഗ്രഹിച്ചു. ഒടുവില്‍ അത് സംഭവിച്ചു. മൈക്കിള്‍ ഒരു വിമാനം തിന്നു!

സത്യമാണ്, ഒരു മുഴുവന്‍ സെസ്‌ന 150 വിമാനം തന്നെ അദ്ദേഹം അകത്താക്കി. കേള്‍ക്കുമ്പോള്‍ വെറും ഭ്രാന്തായോ, കെട്ടുകഥയായോ ഒക്കെ തോന്നുമെങ്കിലും സംഭവം നടന്നതാണ്. 1978-1980 കാലയളവില്‍ രണ്ട് വര്‍ഷമെടുത്താണ് അദ്ദേഹം വിമാനം കഴിച്ചത്. ഏകദേശം ഒന്‍പത് ടണ്‍ ലോഹം അദ്ദേഹം അകത്താക്കി. 

 

 

അദ്ദേഹം കഴിച്ച മറ്റ് ശ്രദ്ധേയമായ ഇനങ്ങള്‍ ഇവയാണ്: സൈക്കിളുകള്‍, ടിവികള്‍, ആണികള്‍, ബള്‍ബുകള്‍, കിടക്കകള്‍, ഇഫല്‍ ടവറിന്റെ ഒരു ചെറിയ കഷ്ണം, ഒരു ശവപ്പെട്ടി. 

57 വയസ്സു പൂര്‍ത്തിയാവുന്നതിന്റെ രണ്ടു ദിവസം മുമ്പ്, 2007 മൈക്കിള്‍ ലോറ്റിറ്റോ മരിച്ചു. സ്വാഭാവിക മരണമായിരുന്നു അത്. ഭക്ഷണശീലങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഒരു സാധാരണ വ്യക്തിയ്ക്ക് ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത ഒരു ശീലമാണ് അത് എന്നതില്‍ സംശയമില്ല.

click me!