സിഐഎയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കണ്ടതിലും ഭീകരമാണ് യുഎസ് അതിര്‍ത്തിയിലെ അനുഭവങ്ങള്‍!

By Web TeamFirst Published May 25, 2021, 12:12 PM IST
Highlights

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച, അമല്‍ നീരദ് സംവിധാനം ചെയ്ത സി ഐ എ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കും വിധം, കൊല്ലും കൊലയും ബലാല്‍സംഗവും പതിവായ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നടന്നും വാഹനങ്ങളില്‍ കയറിയുമാണ് ഇവരിലേറെയും എല്ലാ ദുരിതങ്ങളും സഹിച്ച് അതിര്‍ത്തിയിലെത്തുന്നത്.

സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി എത്തുന്ന കുട്ടികള്‍ അവിടെ അനുഭവിക്കുന്നത് നരകജീവിതം. അതിര്‍ത്തി കടന്ന് നിയവിരുദ്ധമായി അമേരിക്കന്‍ മണ്ണിലെത്തുന്ന ലക്ഷത്തിലേറെ കുട്ടികളാണ് കുട്ടികള്‍ക്കായുള്ള താല്‍ക്കാലിക തടവു പാളയങ്ങളില്‍ കൊടിയ ദുരിതം അനുഭവിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് തടങ്കല്‍ പാളയങ്ങളിലെ അവസ്ഥ പുറത്തുവന്നത്.

ഗ്വാട്ടിമല, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളാണ് തടവിലാവുന്നവരില്‍ ഭൂരിഭാഗവും.  നാട്ടില്‍ ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് ഊ കുട്ടികള്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്. ഇവരില്‍ പകുതിയിലേറെ കുട്ടികളുടെയും ഒരു രക്ഷിതാവ് എങ്കിലും അമേരിക്കയിലേക്ക് നേരത്തെ കടന്നിരിക്കും. അവര്‍ക്കൊപ്പം ചേരാനാണ് പ്രധാനമായും ഇവര്‍ ഈ ദുരന്തപാത തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവരാവട്ടെ, ജീവിക്കാനൊരു വഴി തേടി അമേരിക്കയിലേക്ക് പുറപ്പെടുന്നവരാണ്. ഇവരില്‍ ചിലരൊക്കെ കുടുംബത്തിന്റെ അറിവും പിന്തുണയുമായി വരുന്നവരാണ്. മറ്റു ചിലരാവട്ടെ, ഒളിച്ചോടുന്നവരും. ഏജന്റുമാര്‍ക്ക് വലിയ തുക നല്‍കിയാണ് ഭൂരിഭാഗം പേരും ഇവിടെത്തുന്നത്. 

 

 

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച, അമല്‍ നീരദ് സംവിധാനം ചെയ്ത സി ഐ എ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കും വിധം, കൊല്ലും കൊലയും ബലാല്‍സംഗവും പതിവായ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നടന്നും വാഹനങ്ങളില്‍ കയറിയുമാണ് ഇവരിലേറെയും എല്ലാ ദുരിതങ്ങളും സഹിച്ച് അതിര്‍ത്തിയിലെത്തുന്നത്. അവിടെവെച്ച് അമേരിക്കന്‍ പൊലീസ് ഇവരെ പിടികൂടി കുട്ടികള്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളില്‍ അടക്കാറാണ് പതിവ്. കുറച്ചു ദിവസം മാത്രം താമസിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഈ തടവറകളില്‍ പലപ്പോഴും ഏറെക്കാലം ഇവര്‍ക്ക് കഴിയേണ്ടി വരും. രേഖകള്‍ പരിശോധിച്ച ശേഷം, രക്ഷിതാക്കള്‍ അമേരിക്കയിലുണ്ടെങ്കില്‍, അവര്‍ക്കിവെര വളര്‍ത്താനാവുന്ന സാഹചര്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം കൈമാറും. എല്ലാവര്‍ക്കും ആ ഭാഗ്യം കിട്ടില്ല, കുറച്ചുപേര്‍ക്കു മാത്രം. മറ്റുള്ളവരെയാവട്ടെ, സ്വന്തം നാടുകളിലേക്ക് തന്നെ നാടുകടത്തും. എന്തില്‍നിന്നാണോ രക്ഷപ്പെട്ടു വരുന്നത്, അതേ ദുരിതങ്ങളിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോരേണ്ടി വരും. ഇതിനിടയില്‍, ഈ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് ബിബിസിയുടെ അന്വേഷണത്തില്‍ വെളിവാകുന്നത്. 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം ജോ ബൈഡന്‍ പ്രസിഡന്റായതോടെ കുറേ മാറിയിരുന്നു. നിയമം കുറച്ചുകൂടി ഇളവ് ചെയ്തുകൊണ്ട് അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അതിര്‍ത്തി തുറന്നു കൊടുക്കുന്നുണ്ട് ഇപ്പോള്‍. 

 

 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം 36,000 -ലേറെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് അതിര്‍ത്തി കടന്നെത്തിയത് എന്നാണ് കണക്ക്. അതില്‍ ചിലര്‍ക്ക് വെറും ആറോ ഏഴോ വയസ്സ് മാത്രമാണ് പ്രായം. സ്വന്തം രാജ്യത്തെ പീഡനം, കൂട്ടമാനഭംഗം, കുറ്റകൃത്യങ്ങള്‍, പ്രകൃതിദുരന്തങ്ങളെ തുടര്‍ന്നുള്ള നഷ്ടം, ദാരിദ്ര്യം തുടങ്ങിയ അനവധി കാരണങ്ങളാണ് ഇവരെ ഇത്തരമൊരു സാഹസം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ പുറപ്പെടുന്ന പലരും ചൂഷണത്തിനും ലൈംഗിക പീഡനത്തിനും ഇരയാകുന്നു എന്നതാണ് സത്യം. അവരില്‍ 80% ത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ ഉറ്റ ബന്ധു ഉണ്ടായിരിക്കാമെന്ന് യുഎസ് സര്‍ക്കാര്‍ പറയുന്നു. ഇത്തരം കുട്ടികളെ പാര്‍പ്പിക്കുന്ന 20,000 -ലധികം തടവറകള്‍ ഇവിടെയുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ രോഗങ്ങള്‍, ശുചിത്യമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അവഗണന, തുടങ്ങിയ അനേകം പ്രശ്‌നങ്ങളിലാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. 250 പേര്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന ചെറിയ കൂടാരങ്ങളില്‍ 4,000 ത്തിലധികം കുട്ടികളാണ് പാര്‍ത്തിരുന്നത്.  ടെക്‌സസിലെ ഡോണയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തടങ്കല്‍ കേന്ദ്രത്തിന്റെ ദുരിത ചിത്രങ്ങള്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. 

തടവറയിലെ കുട്ടികളോട് സംസാരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. അതിനാല്‍, ഇവിടെനിന്നും പുറത്തിറങ്ങിയ കുട്ടികളെ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ അറിഞ്ഞാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.  

അതിലൊരു കുട്ടിയുടെ പേര് അരിയാനി. പത്തു വയസ്സ്.  22 ദിവസം അവള്‍ ഡോണയിലെ തടവുപാളയത്തിലായിരുന്നു.   ഒരു പ്ലാസ്റ്റിക് ക്യൂബിക്കിളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം തിങ്ങിഞെരുഞ്ഞി ജീവിതം. അസഹ്യമായ തണുപ്പാണെങ്കിലും പുതയ്ക്കാന്‍ കമ്പിളി പോലും ലഭിക്കാറില്ലെന്ന് അവള്‍ പറഞ്ഞു. മാര്‍ച്ച് അവസാനം അരിയാനിയെ അമേരിക്കയില്‍ നാലഞ്ച് വര്‍ഷം മുമ്പ് എത്തിയ അമ്മ സോണിയയ്ക്ക് കൈമാറി. ചെറിയ കുട്ടിയായ അരിയാനിയെ അമ്മ വീട്ടില്‍ നിര്‍ത്തി കൈക്കുഞ്ഞുമായി അമേരിക്കന്‍ അതിര്‍ത്തി കടന്നു വരികയായിരുന്നു സോണിയ.  

 

അരിയാനി

 

പഴകിയതോ കേടായതോ ശരിയായി പാചകം ചെയ്യാത്തതോ ആയ ഭക്ഷണമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് അരിയാനി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ ബിബിസിയോട് പറഞ്ഞു. കേടായ ആഹാരം കഴിച്ച് നിരവധി കുട്ടികള്‍ രോഗികളായിരുന്നു. ചിലര്‍ ബോധരഹിതരായി. ചില പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് കുളിച്ചിരുന്നത്. മറ്റുള്ളവര്‍ ആഴ്ചകളോളം കുളിച്ചിരുന്നില്ല. കുളിക്കാനോ, പല്ല് തേക്കാനോ ഉള്ള അവസ്ഥ ആയിരുന്നില്ല. രാത്രിയില്‍ കൂടാരങ്ങളില്‍ കരച്ചിലുകള്‍ മാത്രമായിരുന്നു. അമ്മയെ കാണണമെന്ന് കരയുന്ന എത്രയോ കുട്ടികള്‍. 

തണുപ്പായിരുന്നു അവിടെ ശിക്ഷ. ഐസ് റൂം എന്നു പറയുന്ന മുറികളിലായിരുന്നു ചോദ്യം ചെയ്യല്‍. പേരു പറയുംപോലെ,  ഐസു കട്ടകള്‍ വെച്ച തണുത്തുറയുന്ന മുറി. ഒരു പുതപ്പുപോലുമില്ലാതെ നിന്നാണ് ചോദ്യം ചെയ്യലിനു വിധേയമാവേണ്ടത്. നൂറു കണക്കിനു കുട്ടികള്‍ നിരനിരയായി കിടക്കുന്ന മുറികളിലും തണുപ്പാണ്. തറ എപ്പോഴും നനഞ്ഞിരിക്കുംഴ നേരിയ ഒരു തുണി മാത്രമാണ് പുതയ്ക്കാന്‍ ഉണ്ടാവുക. പരസ്പരം കെട്ടിപ്പിടിച്ച് ചൂടേകിയാണ് അവിടെ തിജീവിച്ചിരുന്നതെന്ന് പുറത്തുവന്ന കുട്ടികള്‍ പറയുന്നു. 

 യുഎസില്‍ ഇങ്ങന കുടിയേറ്റക്കാരായി എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദശകത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.  വൃത്തിഹീനമായ സാഹചര്യത്തില്‍ ഒന്നിച്ചു കഴിയാന്‍ വിധിക്കപ്പെട്ട ആ കുട്ടികളെ തേടി കൊവിഡും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ടെക്‌സാസില്‍ മാത്രം ഇത്തരം കുട്ടികള്‍ക്കിടയില്‍ മൂവായിരത്തിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ മറ്റു കണക്കുകള്‍ ലഭ്യമല്ല. പുറത്തിറങ്ങാനോ, ശുദ്ധവായു ശ്വസിക്കാനോ, കളിക്കാനോ അനുവാദമില്ലാതെ അവിടത്തെ ഇരുണ്ട മുറികളില്‍ കഴിയുന്ന കുട്ടികളില്‍ പല മാനസിക അസ്വാസ്ഥ്യങ്ങളും ഉടലെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  ''ഈ അവസ്ഥയില്‍ ആഴ്ചകള്‍ പിന്നിടുമ്പോള്‍, പല കുട്ടികളും പിന്നീടുള്ള ജീവിതത്തില്‍ വലിയ മാനസികരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗവും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്'' - സൈക്യാട്രിസ്റ്റായ ആമി കോഹന്‍ ബിബിസിയോട് പറഞ്ഞു. 

click me!