
പശുവിൻ പാൽ കുടിച്ച് മടുത്തവരുണ്ടോ? എങ്കിൽ ഇനി അൽപ്പം കഴുതപ്പാൽ ആയാലോ? കഴുതപ്പാൽ എന്ന് കേട്ട് ചിരിച്ച് തള്ളണ്ട, കാരണം സംഗതി അൽപ്പം വിഐപി കാറ്റഗറിയിൽ ഉള്ളത് തന്നെയാണ്. വിലയിലും ഗുണമേന്മയിലും പശുവിൻ പാലിനേക്കാൾ മുൻപിലാണ് കഴുതപ്പാൽ എന്നാണ് വിദഗ്ദാഭിപ്രായം.
എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ വളരെ അപൂർവമായി മാത്രമേ കഴുതപ്പാൽ ലഭ്യമാകുകയുള്ളൂ. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലൊക്കെ കഴുതപ്പാലിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇത് അത്ര സുലഭമായി തുടങ്ങിയിട്ടില്ല. മറ്റ് പാലുകളെ അപേക്ഷിച്ച് കഴുതപ്പാലിനുള്ള ഗുണങ്ങളാണ് വിദേശീയരെ ഈ പാലിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമത്രേ.
കഴുതപ്പാലിന്റെ ഗുണങ്ങളായി വിദേശരാജ്യങ്ങളിലെ ആരോഗ്യവിദഗ്ദർ ഉൾപ്പെടയുള്ളവർ ചൂണ്ടിക്കാണിക്കുന്നത് നിരവധി കാര്യങ്ങളാണ്. ഇത് പശുവിന്റെയോ ആടിന്റെയോ പാലുമായി താരതമ്യേന സാമ്യമുള്ളതാണ്. അലർജിയുണ്ടാക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ ഉയർന്ന ലാക്റ്റിക് ആസിഡിന്റെ സാന്ദ്രത വയറ്റിലെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഉപയോഗപ്രദമാണത്രേ. കൂടാതെ ആടിന്റെയും പശുവിന്റെയും പാലിൽ അടങ്ങിയിട്ടുള്ളതിലും അധികം സൂക്ഷ്മ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടന്നാണ് പറയപ്പെടുന്നത്. ഇതിനെല്ലാം പുറമേ മോയ്സ്ചറൈസർ എന്ന നിലയിൽ സൗന്ദര്യവർദ്ധക വസ്തുക്കളിലും കഴുതപ്പാൽ ഉപയോഗിക്കാറുണ്ടത്രേ.
സാധാരണ പാൽ പോലെ അമേരിക്കയിലും യൂറോപ്പിലും കഴുതപ്പാൽ വിൽക്കപ്പെടുന്നു. സ്ഥലവും ലഭ്യതയും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടെന്ന് മാത്രം. ഇത് വളരെ വേഗത്തിൽ കേടാകുന്നതിനാൽ കൂടുതൽ ചെലവേറിയതാണ് റിപ്പോർട്ടുകൾ പ്രകാരം മുംബൈയിൽ കഴുതപ്പാലിന് ലിറ്ററിന് 5000 രൂപ വരെ വിലയുണ്ട്. വിവിധ ഇന്റർനെറ്റ് ഷോപ്പിംഗ് സൈറ്റുകളിലും ഇത് ലഭ്യമാണ്, വില 3,000 രൂപ വരെയാണ്. ഏതായാലും പശുവിന് പാലിന് ഒരു ബദൽ തേടുന്നവർക്ക് അവസരം ലഭിച്ചാൽ ഉപയോഗിച്ച് നോക്കാവുന്ന ഒന്നായി തന്നെയാണ് വിദഗ്ദർ കഴുതപ്പാലിനെ കണക്കാക്കുന്നത്.