
ഇരുപത്തിയാറാമത്തെ വയസിൽ കോടീശ്വരനാവുക. എല്ലാവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യമല്ല അല്ലേ? എന്നാൽ, ഇവിടെ ഒരു യുവാവ് ഇരുപത്തിയാറാമത്തെ വയസ് ആകുമ്പോഴേക്കും കോടീശ്വരനായി. എന്നാൽ, തന്റെ മാതാപിതാക്കളിൽ നിന്നും ആ വിവരം ഗ്യൂസെപ്പെ ഫിയോറന്റീനോ മറച്ചു വച്ചു. തങ്ങളുടെ മകൻ വലിയൊരു കാശുകാരനാണ് എന്ന വിവരം അവർക്ക് അറിയുമായിരുന്നില്ലത്രെ.
തന്റെ സിസിലിയൻ മാതാപിതാക്കളോട് താനാ വിവരം മറച്ചുവെച്ചു എന്നാണ് ഗ്യൂസെപ്പോ പറയുന്നത്. കാരണം, ഈ വിവരം അറിഞ്ഞാൽ മാതാപിതാക്കൾ തന്നെ ഉപേക്ഷിക്കും അതാണ് താൻ ഈ വിവരം അവരോട് പറയാതിരുന്നത് എന്നും ഗ്യൂസെപ്പോ പറയുന്നു. ഏതെങ്കിലും മാതാപിതാക്കൾ മക്കൾ വലിയ കാശുള്ളവരാകുമ്പോൾ അവരെ ഉപേക്ഷിക്കുമോ? പക്ഷെ, താൻ പണമുള്ള ഒരാളായി മാറിയതറിഞ്ഞാൽ തന്റെ മാതാപിതാക്കൾ തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് ഗ്യൂസെപ്പോ പറയുന്നത്.
സംരംഭകനായ ഗ്യൂസെപ്പോ അതിന് കാരണവും പറയുന്നുണ്ട്. ഇറ്റലിയായിരുന്നു അയാളുടെയും കുടുംബത്തിന്റെയും സ്വന്തം നാട്. എന്നാൽ, അവിടെ അതിക്രമങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും എല്ലാം വർധിച്ചപ്പോൾ കുഞ്ഞായിരുന്ന ഗ്യൂസെപ്പോയുമായി കുടുംബം അവിടം വിട്ട് സ്വിറ്റ്സർലാൻഡിലേക്ക് വന്നു. തങ്ങളുടെ മകൻ ഇത്തരം പ്രവർത്തനങ്ങളിലൊന്നും പോയി ചാടരുത് എന്നതായിരുന്നു ആ സ്ഥലംമാറ്റത്തിന്റെ ലക്ഷ്യം.
തന്റെ ഇ കൊമേഴ്സ് സംരംഭത്തിലൂടെയാണ് ഗ്യൂസെപ്പോ ഒരു കാശുകാരനായത്. എന്നാൽ, മാതാപിതാക്കൾ ഇത് അറിഞ്ഞാൽ അവൻ വല്ല മാഫിയാ സംഘത്തിന്റെ തലവനോ മറ്റോ ആയി മാറി. അങ്ങനെയാവും കാശുണ്ടാക്കിയത് എന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അത് കാരണമാണ് താൻ തന്റെ മാതാപിതാക്കളോട് താനൊരു കോടീശ്വരനാണ് എന്ന സത്യം മറച്ചു വച്ചത് എന്നാണ് ഗ്യൂസെപ്പോ പറയുന്നത്.
ഇരുപത്തിയാറ് ലക്ഷത്തോളം രൂപ വില വരുന്ന ഡയമണ്ട് വാച്ച് തനിക്കുണ്ട്. അതുപോലും മാതാപിതാക്കളുടെ മുന്നിൽ നിന്നും ധരിക്കാറില്ല. അത് എവിടെ നിന്നും കിട്ടി എന്നതിൽ അവർക്ക് സംശയമുണ്ടാകും എന്നാണ് ഗ്യൂസെപ്പോ പറയുന്നത്. ഏതായാലും ഈ ബിസിനസ്‍മാന് സാമൂഹിക മാധ്യമങ്ങളിൽ അനേകം ഫോളോവേഴ്സുണ്ട്.