
ഒരുകാലത്ത് കോടീശ്വരന്മാരുടെ ഇഷ്ടനഗരമായിരുന്നു ലണ്ടൻ. എന്നാൽ, ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. സമീപകാലത്ത് കണ്ടുവരുന്ന ഏറ്റവും വലിയ പ്രവണതകളിൽ ഒന്നാണ് ലണ്ടൻ നഗരത്തെ ഉപേക്ഷിച്ച് കോടീശ്വരന്മാർ മറ്റ് ആഗോള നഗരങ്ങളിലേക്ക് ചേക്കേറുന്നത്. അമേരിക്കയിലെയും ഏഷ്യയിലെയും പ്രധാന നഗരങ്ങളാണ് ഇപ്പോൾ കോടീശ്വരന്മാരുടെ ഇഷ്ട കേന്ദ്രം.
അഡ്വൈസറി കമ്പനിയായ ഹെൻലി & പാർട്ണേഴ്‌സും ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് 2024 -ൽ ഏകദേശം 11,300 കോടീശ്വരന്മാർ ലണ്ടൻ വിട്ടുപോയി എന്നാണ്.
2023 -ൽ 227,000 കോടീശ്വരന്മാർക്ക് ആതിഥേയത്വം വഹിച്ചിരുന്ന ലണ്ടനിൽ ഇപ്പോൾ 215,700 കോടീശ്വരന്മാരാണ് ഉള്ളത്. 220,600 കോടീശ്വരന്മാരുള്ള ലോസ് ഏഞ്ചൽസിനേക്കാൾ പിന്നിലാണ് ഇപ്പോൾ ലണ്ടന്റെ സ്ഥാനം. ഈ കൊഴിഞ്ഞുപോക്ക് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ലണ്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയിട്ടുണ്ട്.
ലണ്ടനിലെ പോലെ തന്നെ മോസ്കോയിലും ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 2022 -ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം, മോസ്കോയിലെ കോടീശ്വരന്മാരുടെ എണ്ണം 25% ഗണ്യമായി കുറഞ്ഞു. ഭൂമിശാസ്ത്രപരമായ അസ്ഥിരതയും സാമ്പത്തികമായ അനിശ്ചിതത്വവുമാണ് ഉയർന്ന ആസ്തിയുള്ള വ്യക്തികളെ മോസ്കോ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങൾ തേടാൻ പ്രേരിപ്പിച്ച പ്രധാന ഘടകം.
കോടിപതികൾ ലണ്ടൻ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം വർദ്ധിച്ചുവരുന്ന നികുതി ഭാരമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യമാണ് യുകെ. കൂടാതെ ബ്രെക്സിറ്റ് വിടാനുള്ള യുകെയുടെ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും അന്താരാഷ്ട്ര ബിസിനസ് രംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, തൊഴിലാളികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്തത്, അന്താരാഷ്ട്ര വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ എന്നിവയും ലണ്ടനെ അന്താരാഷ്ട്ര ബിസിനസുകാർക്കും നിക്ഷേപകർക്കും സംരംഭകർക്കും ആകർഷകമല്ലാതാക്കിയ കാരണങ്ങളാണ്. സാങ്കേതിക വ്യവസായത്തിൽ സമീപകാലത്തായി സംഭവിച്ച യുഎസ്, ഏഷ്യൻ ആധിപത്യമാണ് ഇവിടങ്ങളിലേക്ക് കോടീശ്വരന്മാരെ കൂടുതലായി ആകർഷിക്കുന്നത്.
ലണ്ടന്റെ സാമ്പത്തിക ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും, ഫ്രാങ്ക്ഫർട്ട്, ദുബായ്, ന്യൂയോർക്ക് എന്നിവ പുതിയ ഹബ് നഗരങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. ഈ നഗരങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന ശക്തമായ ധനകാര്യ സേവനങ്ങൾ, കുറഞ്ഞ നികുതി നിരക്കുകൾ എന്നിവ കൂടുതൽ ആഗോള നിക്ഷേപകരെയും ഉയർന്ന ആസ്തിയുള്ള ഉപഭോക്താക്കളെയും ഇവിടങ്ങളിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു.