ബസിനുള്ളില്‍ 14 തരം ചെടികളുള്ള പൂന്തോട്ടം നിര്‍മിച്ച് ഡ്രൈവര്‍; യാത്രക്കാര്‍ക്ക് ചെടികള്‍ നനയ്ക്കാനും സൗകര്യം

By Web TeamFirst Published Jan 26, 2020, 9:34 AM IST
Highlights

2017 -ലാണ് തന്റെ ശമ്പളത്തില്‍ നിന്ന് ചെറിയ ഭാഗമെടുത്ത് കുറച്ച് ചെടികള്‍ വാങ്ങി ബസിനുള്ളില്‍ പച്ചപ്പ് വിടര്‍ത്താനുള്ള പദ്ധതി ആരംഭിച്ചത്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളില്‍ 14 വ്യത്യസ്ത തരം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാം. ബസിന്റെ മുന്നിലും പുറകിലുമായാണ് പൂച്ചെടികളും പടര്‍ന്നുവളരുന്ന ചെടികളും വളര്‍ത്തിയിരിക്കുന്നത്. 

മനോഹരമായ പൂന്തോട്ടങ്ങളും സുന്ദരമായ തടാകങ്ങളുമുണ്ടായിരുന്ന ബംഗളൂരുവിന്റെ മാറുന്ന മുഖമാണ് ഇന്ന് കാണുന്നത്. ജനസംഖ്യ പെരുകുന്നതും അതിവേഗത്തിലുള്ള നഗരവത്കരണവും കാരണം പച്ചപ്പ് തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, 59 വയസുള്ള ഈ ബസ് ഡ്രൈവര്‍ താന്‍ ഓടിക്കുന്ന ബസിനുള്ളില്‍ 'മിനി ഗാര്‍ഡന്‍' നിര്‍മിച്ച് ഈ ഗാര്‍ഡന്‍ സിറ്റിയിലെ യാത്രക്കാരെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു.

ഈ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി കുറച്ച് നഗരവാസികളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഇവര്‍ മലിനമാക്കപ്പെടുന്ന തടാകങ്ങളെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നു. ബംഗളുരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഡ്രൈവറായ നാരായണപ്പ എന്ന അന്‍പത്തിയൊന്‍പതുകാരന്റെ വേറിട്ട കൃഷിരീതിയാണ് കൗതുകമുണര്‍ത്തുന്നത്.

കഴിഞ്ഞ 27 വര്‍ഷങ്ങളിലായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് നാരായണപ്പ. യഥാര്‍ഥത്തില്‍ പച്ചപ്പിലേക്കാണ് ഇദ്ദേഹം വണ്ടി ഓടിച്ചു യാത്രക്കാരെ കൊണ്ടുപോകുന്നത്. കാവല്‍ ബൈലസാന്ദ്രയ്ക്കും യെശ്വന്തപുര്‍ സിറ്റിയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ബി.എം.ടി.സി ബസിനുള്ളില്‍ ഇദ്ദേഹം ഒരു ചെറിയ പൂന്തോട്ടം തന്നെ സൃഷ്ടിച്ചു .

2017 -ലാണ് തന്റെ ശമ്പളത്തില്‍ നിന്ന് ചെറിയ ഭാഗമെടുത്ത് കുറച്ച് ചെടികള്‍ വാങ്ങി ബസിനുള്ളില്‍ പച്ചപ്പ് വിടര്‍ത്താനുള്ള പദ്ധതി ആരംഭിച്ചത്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളില്‍ 14 വ്യത്യസ്ത തരം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാം. ബസിന്റെ മുന്നിലും പുറകിലുമായാണ് പൂച്ചെടികളും പടര്‍ന്നുവളരുന്ന ചെടികളും വളര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ചെടികള്‍ നനയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളമെടുത്ത് നനയ്ക്കാനും സ്വാതന്ത്ര്യമുണ്ട്.

കെ.ആര്‍ പുരം സ്വദേശിയായ നാരായണപ്പ ദിവസവും രണ്ടുനേരം തന്റെ ബസിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കും. രാവിലെ 6.30 നും രാത്രി തന്റെ ജോലി കഴിഞ്ഞ സമയത്തും.

'എന്റെ വീട്ടില്‍ ഭാര്യയും കുട്ടികളും പൂന്തോട്ടത്തില്‍ പുതിയ ചെടികള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവരാണ്. അവരാണ് ബസില്‍ ചെറിയ പൂന്തോട്ടം വെച്ചുപിടിപ്പിക്കാന്‍ എനിക്ക് പ്രചോദനം തന്നത്. ഈ ശ്രമത്തിലൂടെ നമ്മുടെ പരിസ്ഥിതി ഹരിതഭംഗിയുള്ളതും ആരോഗ്യകരവുമാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഈ ചെറിയ പരിശ്രമത്തില്‍ നിന്നും ഈ ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് എന്തെങ്കിലും പ്രചോദനം തോന്നിയിട്ടുണ്ടെങ്കില്‍ ഈ ശ്രമം വിജയിച്ചുവെന്ന് പറയാം.' നാരായണപ്പ പറയുന്നു.

ബസിലെ യാത്രക്കാരും നാരായണപ്പയുടെ ഈ വേറിട്ട ഉദ്യമത്തെ അഭിനന്ദിക്കുന്നു. അവര്‍ പലപ്പോഴും ഈ ചെറിയ ഉദ്യാനത്തിന്റെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്യാറുണ്ട്.

'ഞാന്‍ ഇന്നുവരെ ബസില്‍ പൂന്തോട്ടമുണ്ടാക്കിയതായി കേട്ടിട്ടുപോലുമില്ല. എന്നാല്‍, ഇത് ബോധവല്‍ക്കരണത്തിന്റെ ഏറ്റവും ലളിതമായ വഴിയാണെന്ന് നാരായണപ്പ കാണിച്ചുതരുന്നു. ഇദ്ദേഹത്തെപ്പോലെയുള്ള ധാരാളം ആളുകള്‍ ലോകത്ത് ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം' ബസിലെ ഒരു യാത്രക്കാരിയായ പുഷ്പ പ്രേയ പറയുന്നു.

താന്‍ ജോലിയില്‍ നിന്ന് വിരമിച്ചാലും തന്റെ പിന്‍ഗാമികള്‍ ഈ പൂന്തോട്ടം പരിപാലിക്കുമെന്ന വിശ്വാസത്തിലാണ് നാരായണപ്പ.

click me!