'ഉണക്കക്കൊഞ്ചുപോലെൻ ഹൃദയം' - പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ

By Babu RamachandranFirst Published Jan 11, 2021, 2:08 PM IST
Highlights

കടലിന്റെ മക്കളായി ജനിച്ചിട്ടും മർത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാൻ ഇരയാകുന്ന കൊഞ്ചിന്റെ ദുർവിധിയിൽ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകൾ തന്നെയാണ്. 

വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിനു സമർപ്പിക്കപ്പെട്ടതോടെ, വകുപ്പിലെ തന്റെ കർമ്മകുശലതയുടെ പേരിൽ ചർച്ചയിലേക്ക് വന്ന സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരൻ, വീണ്ടും ഒരിക്കൽ കൂടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 'ശിരസിൽ കൊഞ്ചു ഹൃദയം' എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പർ കട്ടിങ് വൈറലായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അതുണ്ടായത്. 

"കൊഞ്ചുപോലെൻ ഹൃദയം, ഉണക്കക്കൊഞ്ചുപോലെൻ ഹൃദയം"എന്ന് തുടങ്ങുന്ന ഈ കവിതയിൽ കവി, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്. നാട്ടുകാർ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മർത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാൻ ഇരയാകുന്ന കൊഞ്ചിന്റെ ദുർവിധിയിൽ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകൾ തന്നെയാണ്. 


   
ഇതിനു മുമ്പ്, കൊവിഡ് ലോക്ക് ഡൗൺ കാലത്ത്, ഏറെ പുതുമയാർന്നൊരു കൊറോണക്കവിതയുമായും അദ്ദേഹം എത്തിയിരുന്നു. ജി സുധാകരൻ എന്ന തീപ്പൊരി നേതാവിന്റെ അമ്ലരുചിയുള്ള ജിഹ്വയെ പരിചയിച്ചിട്ടുള്ള പലർക്കും പക്ഷേ, സാഹിത്യത്തിൽ അദ്ദേഹത്തിനുള്ള അനന്യമായ അഭിരുചിയെപ്പറ്റി ധാരണയുണ്ടാകാൻ വഴിയില്ല. ഏറെക്കാലമായി കവിത എഴുതുന്നുണ്ട് ജി സുധാകരൻ.  ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യർ, അറേബ്യൻ പണിക്കാർ തുടങ്ങി പത്തോളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്.  കവിതകളോട് പ്രിയം തോന്നി വായനക്കാരിൽ ചിലർ തന്നെ ഈണം കൊടുത്തു ചൊല്ലിയ സുധാകരന്റെ അപൂർവം ചില കവിതകൾ യുട്യൂബിലും ലഭ്യമാണ്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയെപ്പറ്റി ജി സുധാകരൻ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്ത് എഴുതിയ 'ആരാണ് നീ ഈ ഒബാമ' എന്ന കവിത, ചെങ്ങന്നൂർ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സാക്ഷാൽ ഒബാമക്ക് തന്നെ അയച്ചു നൽകുകയും, പരിഭാഷാനന്തരം അഭിനന്ദനപ്രവാഹത്തിനു കാരണമാവുകയും ചെയ്ത ഒന്നാണ്.


2018 -ൽ ഷാർജ ബുക്ക് ഫെയറിൽ വെച്ച് സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന സമാഹാരം പുറത്തിറങ്ങിയിരുന്നു. 'പൂച്ചേ പൂച്ചേ', 'വീണ്ടും ഞങ്ങൾ കാത്തിരിക്കുന്നു', 'എൻ കവിതേ', 'മണിവീണ മന്ത്രിക്കുന്നു', 'വിശ്വാസികളോടും വിദ്വേഷികളോടും', 'ഉണരുന്ന ഓർമ്മകൾ', 'കൊയ്ത്തുകാരികൾ' തുടങ്ങിയ പന്ത്രണ്ടു കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറക്കിയത് കണ്ണൂർ കൈരളി ബുക്ക്സായിരുന്നു. കഴിഞ്ഞ മാർച്ച് 20 -ന് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സംഗീത സംവിധാനം ചെയ്ത് പ്രശസ്തഗായകർ ആലപിച്ച് മനോരമ മ്യൂസിക് തയ്യാറാക്കിയ ജി.സുധാകരൻറെ തെരഞ്ഞെടുത്ത കവിതകളുടെ സി.ഡി പ്രകാശനവും നടക്കാനിരിക്കയായിരുന്നു കൊവിഡിന്റെ കെടുതി സംസ്ഥാനത്തെ ആവേശിക്കുന്നത്. 'കനൽ വഴികൾ' എന്നായിരുന്നു ആ കാവ്യോപഹാരത്തിന് കവി ഇട്ടിരുന്ന പേര്.  തിരുവനന്തപുരം സ്റ്റുഡൻറ്സ്   സെൻററിൽ വച്ച് നടത്താനിരുന്ന ആ പരിപാടി കോറോണവൈറസ് പ്രതിരോധത്തിൻറെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് താത്കാലികമായി മറ്റൊരു ദിവസത്തേക്ക് അന്ന് മാറ്റിവെച്ചത്. 

“കവിത നമുക്ക് എന്തായി ഭവിക്കണം എന്ന് നമ്മുടെ ബോധമനസ്സിനെ താക്കീത് ചെയ്യുന്ന രചനകളാണ് സുധാകരകവിതകൾ.” എന്ന് കഥാകൃത്തായ യു എ ഖാദർ എഴുതിയിട്ടുണ്ട്. പ്രളയമുണ്ടായകാലത്ത് പ്രകൃതിയെ യക്ഷീരൂപിണിയായി കണ്ടുകൊണ്ട് കവിത എഴുതിയിട്ടുള്ളകവി തന്റെ കവിതകളുടെ ഉറവിടം കടലാണ് എന്ന് ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. തിരക്കിട്ട ജീവിതത്തിനിടെ, അവസരം കിട്ടുമ്പോഴൊക്കെ, കിട്ടിയ പ്രതലങ്ങളിലൊക്കെ കവിതയെഴുതിയിട്ടുണ്ട് സുധാകരൻ. ചിലപ്പോൾ തുണ്ടുകടലാസിൽ, ചിലപ്പോൾ നോട്ടീസിന്റെ പുറത്ത്...! നിയമസഭയിൽ വരെ ഇരുന്നു കവിതയെഴുതിയിട്ടുണ്ട് എന്ന് കവി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടൊരിക്കൽ. മന്ത്രി എന്ന നിലയ്ക്ക് സദാ യാത്രകൾ ആയതുകൊണ്ട് കാറിൽ സഞ്ചരിക്കുമ്പോഴും, ട്രെയിനിലിരുന്നും, എന്തിന് പൊതുയോഗങ്ങളിൽ തന്റെ ഊഴം കാത്തു സ്റ്റേജിൽ ഇരിക്കുമ്പോൾ വരെ ജി സുധാകരൻ എന്ന ജനനേതാവ് കവിതകൾ കുറിച്ചിട്ടുണ്ട്. 

ആത്മാർത്ഥമായൊരു ഹൃദയം തലച്ചോറിന് പകരം കൊണ്ടു നടക്കുന്ന തന്നെയും സഹതാപലേശമില്ലാത്ത ഈ കപടലോകം കൊഞ്ചുപോലെ വറുത്തു പൊടിച്ചു ഭുജിച്ചു കളയുമോ എന്ന ആശങ്കയിലാണ് കവി തന്റെ കവിത അവസാനിപ്പിക്കുന്നത്. 

click me!