വളക്കച്ചവടക്കാരനിൽ നിന്നും ഐഎഎസ്സിലേക്ക്, പട്ടിണിയും ദാരിദ്ര്യവും മറികടന്നതിങ്ങനെ; ആര്‍ക്കും പ്രചോദനമാണീ കഥ

By Web TeamFirst Published Jan 11, 2021, 10:14 AM IST
Highlights

ഇതെല്ലാം രാമുവിനെ വല്ലാതെ സങ്കടപ്പെടുത്തി. ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊന്നാണ് തഹസിൽദാർ എന്ന് രാമു കണ്ടു. അതിനാൽ അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഒരു തഹസിൽദാർ ആകാൻ അദ്ദേഹം ആഗ്രഹിച്ചു.

രമേശ് ഗോലാപ്പ്. ഒരു വളക്കച്ചവടക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ന് ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്. 2012 -ൽ പാസ്സായ അദ്ദേഹം ഇപ്പോൾ ഒൻപത് വർഷത്തിന് ശേഷം ജാർഖണ്ഡിൽ എനർജി ഡിപ്പാർട്ട്‌മെന്റിന്റെ ജോ. സെക്രട്ടറിയാണ്. ആരെയും അതിശയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതകഥ. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ മഹാഗോൺ ഗ്രാമത്തിലാണ് രമേശ് ഗോലാപ്പ് ജനിച്ച് വളർന്നത്. അവിടെ അദ്ദേഹം രാമു എന്നറിയപ്പെട്ടു. സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന് കുടുംബത്തെ പോറ്റാൻ ആവശ്യമായ വരുമാനം ലഭിച്ചിരുന്നു. എന്നാൽ, നിരന്തരമായ മദ്യപാനശീലം അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി. ഈ സമയത്താണ് രാമുവിന്റെ അമ്മ വിമൽ വീടിന്റെ ചുമതലയേറ്റത്. കുടുംബത്തെ നോക്കാനായി ഗ്രാമങ്ങൾ തോറും നടന്ന് അവർ വളകൾ വിൽക്കാൻ തുടങ്ങി. പോളിയോ ബാധിച്ച് ഇടതുകാൽ തളർന്ന രാമുവാണ് അമ്മയെ സഹായിച്ചിരുന്നത്.   

പ്രാഥമിക വിദ്യാലയം പൂർത്തിയാക്കിയ ശേഷം, രാമു കൂടുതൽ പഠിക്കാനായി അമ്മാവനോടൊപ്പം ബാർഷിയിലേയ്ക്ക് താമസം മാറി. അദ്ദേഹത്തിന്റെ പരിശ്രമം ഫലം കണ്ടു, അദ്ധ്യാപകർക്കിടയിൽ അദ്ദേഹം പ്രിയങ്കരനായി. പക്ഷേ, പന്ത്രണ്ടാം ക്ലാസ് മോഡൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പിതാവ് മരണപ്പെട്ടു. അച്ഛനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് ആ മകൻ ആഗ്രഹിച്ചു. എന്നാൽ, നാട്ടിലേയ്ക്ക് പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലായിരുന്നു. ഒടുവിൽ അയൽക്കാരെല്ലാം പിരിവെടുത്ത് അദ്ദേഹത്തെ നാട്ടിലേയ്ക്കുള്ള വണ്ടിയിൽ കയറ്റി വിട്ടു. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്ത് തിരികെ സ്കൂളിൽ എത്തി രാമു പരീക്ഷ എഴുതി. അന്ന് നീറുന്ന മനസ്സുമായി അദ്ദേഹം പരീക്ഷാഹാളിൽ ഇരുന്നു. അമ്മയുടെ കരച്ചിൽ അപ്പോഴും കാതിൽ മുഴങ്ങുന്നപോലെ അദ്ദേഹത്തിന് തോന്നി. എന്നിട്ടും അദ്ദേഹം പരീക്ഷയിൽ 88.5 ശതമാനം മാർക്ക് നേടി. തുടർന്ന് അദ്ദേഹം ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) -ന് ചേർന്നു. 2009 -ൽ അദ്ധ്യാപകനായി ജോലിചെയ്യാൻ തുടങ്ങിയ അദ്ദേഹം കുടുംബത്തെ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ അമ്മായിയ്ക്ക് ഇന്ദിര ആവാസ് യോജന എന്ന സർക്കാർ പദ്ധതിയിലൂടെ രണ്ട് മുറികളുള്ള ഒരു വീട് ലഭിച്ചു. എന്നാൽ, അവരുടെ ബിപി‌എൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കാർഡ് യോഗ്യമല്ലാത്തതിന്റെ പേരിൽ രാമുവിനും അമ്മയ്ക്കും പദ്ധതി വഴി സ്വന്തമായി ഒരു വീട് പണിയാനായില്ല.   

ഇതെല്ലാം രാമുവിനെ വല്ലാതെ സങ്കടപ്പെടുത്തി. ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊന്നാണ് തഹസിൽദാർ എന്ന് രാമു കണ്ടു. അതിനാൽ അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഒരു തഹസിൽദാർ ആകാൻ അദ്ദേഹം ആഗ്രഹിച്ചു. 2009 -ൽ, തന്റെ ഗ്രാമത്തിലെ ഒരു സ്വാശ്രയ സംഘത്തിൽ നിന്ന് അമ്മ എടുത്ത വായ്പ ഉപയോഗിച്ച അദ്ദേഹം യുപിഎസ്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പൂനെയിലേക്ക് പോയി. ദി ലോജിക്കൽ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് രാമു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് കരിയേഴ്സ് (സിയാക്) പരീക്ഷ പാസ്സായി. തുടർന്ന് അദ്ദേഹത്തിന് ഹോസ്റ്റലും സ്കോളർഷിപ്പും ലഭിച്ചു. തന്റെ ദൈനംദിന ചെലവുകൾക്കായി, പഠനത്തിനോടൊപ്പം അദ്ദേഹം പരസ്യ ബോർഡുകൾ വരച്ചു കൊടുത്തു. ഒടുവിൽ അഖിലേന്ത്യാ റാങ്കുള്ള യുപി‌എസ്‌സി പരീക്ഷയിൽ 287 -ാം റാങ്കോടെ അദ്ദേഹം പാസ്സായി. ഏതാനും മാസങ്ങൾക്കുള്ളിൽ എം‌പി‌എസ്‌സി ഫലങ്ങളും പുറത്ത് വന്നു. 1,800 ൽ 1,244 മാർക്ക് നേടി അദ്ദേഹം പരീക്ഷയിൽ ഒന്നാമതെത്തി. 2012 ൽ അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങി, രാമുവായിട്ടല്ല, രമേശ് ഗോലാപ്, ഐ‌എ‌എസ് ആയി.  

“മണ്ണെണ്ണ കരിഞ്ചന്തയിൽ വില്പന നടത്തുന്ന ഒരു കട ഉടമയുടെ ലൈസൻസ് റദ്ദാക്കുമ്പോഴെല്ലാം, മണ്ണെണ്ണ ഇല്ലാത്തതിന്റെ പേരിൽ വിളക്ക് കത്തിക്കാതെ ഇരുട്ടത്ത് ഇരുന്ന ദിവസങ്ങൾ ഞാൻ ഓർക്കും. ഞാൻ ഒരു വിധവയെ സഹായിക്കുമ്പോഴെല്ലാം, എന്റെ അമ്മ ഒരു വീടിനോ പെൻഷനോ വേണ്ടി യാചിക്കുന്നത് ഞാൻ ഓർക്കും. സർക്കാർ ആശുപത്രി സന്ദർശിക്കുമ്പോഴെല്ലാം, മദ്യപാനം ഉപേക്ഷിച്ച എന്റെ അച്ഛൻ കുറച്ച് കൂടി നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചത് ഞാൻ ഓർത്ത് പോകും. നീ വളർന്ന് വലതുമായി ഒരു സ്വകാര്യ ആശുപത്രിയിൽ എന്നെ കൊണ്ടുപോകുമെന്ന് അച്ഛൻ പറഞ്ഞത് ഞാൻ എന്നും ഓർക്കും. ഒരു പാവപ്പെട്ട കുട്ടിയെ സഹായിക്കുമ്പോഴെല്ലാം ഞാൻ എന്നെത്തന്നെ ഓർക്കും, അന്നത്തെ രാമുവിനെ ഓർക്കും” അദ്ദേഹം ബെറ്റർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

click me!