
വെറും മൂന്ന് മാസത്തെ ഇഎംഐ മുടങ്ങിയതിന്റെ പേരിൽ ഒരാൾക്ക് തന്റെ കോടികൾ വിലമതിക്കുന്ന വീട് നഷ്ടപ്പെട്ട കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റായ മീനൽ ഗോയൽ ആണ് തന്റെ അയൽവാസി രാജേഷിന് നേരിട്ട ദുരനുഭവം ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചത്. സാമ്പത്തികാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണ് താൻ ഈ കഥ പങ്കുവെക്കുന്നതെന്ന് അവർ പറയുന്നു.
എട്ട് വർഷത്തെ അധ്വാനം ഇല്ലാതായത് ഒരു ലേഓഫ് കാരണമാണ് എന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. 2025 ഒക്ടോബറിൽ രാജേഷിന് ജോലി നഷ്ടമായി. ജോലി പോയതോടെ 2026 ജനുവരി ആയപ്പോഴേക്കും തുടർച്ചയായി മൂന്ന് മാസത്തെ ഇഎംഐ മുടങ്ങി. സർഫാസി നിയമപ്രകാരം ബാങ്ക് നോട്ടീസ് അയക്കുകയും 60 ദിവസത്തിനുള്ളിൽ ഫ്ലാറ്റ് ലേലം ചെയ്യുകയും ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. 1.20 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് വെറും 95 ലക്ഷം രൂപയ്ക്കാണ് ബാങ്ക് ലേലം വിളിച്ചത്. എട്ട് വർഷം കൃത്യമായി ഇഎംഐ അടച്ചിട്ടും ബാക്കി തുക കിഴിച്ചപ്പോൾ രാജേഷിന്റെ കൈയ്യിൽ കിട്ടിയത് വെറും 15 ലക്ഷം രൂപ മാത്രം. ബാങ്ക് അവരുടെ കുടിശ്ശികയായ 80 ലക്ഷം രൂപ ഈടാക്കിയെന്നും പോസ്റ്റിൽ പറയുന്നു.
'വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കുന്നത് വരെ നിങ്ങൾ ആ വീടിന്റെ ഉടമയല്ല, മറിച്ച് വാടകയ്ക്ക് താമസിക്കുന്ന ഒരാൾ മാത്രമാണ്' എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി പണം കരുതി വെക്കണമെന്നും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ബാങ്കിനെ സമീപിച്ച് വായ്പ പുനഃക്രമീകരിക്കാൻ ശ്രമിക്കണമെന്നും അവർ ഉപദേശിക്കുന്നു.
അതേസമയം, അമിത് അറോറ എന്ന വ്യക്തി ഈ പോസ്റ്റ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചതോടെ ഇത് വലിയ ചർച്ചയായി. ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. ബെംഗളൂരുവിൽ എട്ട് വർഷം പഴക്കമുള്ള ഒരു ഫ്ലാറ്റ് അതിന്റെ വാങ്ങിയ വിലയേക്കാൾ കുറഞ്ഞ തുകയ്ക്ക് വിൽക്കപ്പെടുന്നത് അവിശ്വസനീയമാണെന്ന് പലരും ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തെ കുടിശ്ശിക വന്നാലുടൻ സർഫാസി നിയമപ്രകാരം വീട് ലേലം ചെയ്യുക എന്നത് പ്രായോഗികമല്ലെന്നും, ഇതിന് കുറഞ്ഞത് ആറ് മാസമെങ്കിലും സമയമെടുക്കുമെന്നുമാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണോ എന്നും പലരും ചോദിച്ചിട്ടുണ്ട്.