ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ, 20 വർഷം വൈകി ഫ്ലാറ്റ് ലഭിക്കുന്നതിനെ തുടർന്ന് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയെ രൂക്ഷമായി വിമർശിച്ചു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും, നിരവധി പേർ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. RERA പോലുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടും പദ്ധതികൾ വൈകുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയർന്നു
റിയൽ എസ്റ്റേറ്റ് മേഖലയിലെ വൈകുന്ന പദ്ധതികൾ വീണ്ടും ദേശീയതലത്തിൽ ചർച്ചാ വിഷമാകുന്നു. ഇന്ത്യൻ നിർമ്മാണ മേഖലയിലെ ഈ മെല്ലെപോക്കിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത് ഹോട്ട്മെയിലിന്‍റെ സഹസ്ഥാപകനായ സബീർ ഭാട്ടിയയാണ്. 2012 -ൽ അദ്ദേഹം ബുക്ക് ചെയ്ത ഒരു ഫ്ലാറ്റ്, പണി പൂർത്തിയായി കൈമാറി കിട്ടുക 2032 -ൽ മാത്രമാണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ വിഷയം വീണ്ടുമൊരു ചർച്ചാ വിഷയമാക്കിയത്. ഇക്കാര്യത്തിൽ ഇന്ത്യയെ 'തരിമ്പും വിശ്വാസമില്ലാത്ത രാജ്യം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരു ഫ്ലാറ്റ് കൈമാറാൻ 20 വർഷം!
സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്കുവച്ച കുറിപ്പാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സബീർ ഭാട്ടിയയുടെ അഭിപ്രായത്തിൽ, ഒരാൾ സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കോടിക്കണക്കിന് രൂപ മുടക്കുമ്പോൾ, പദ്ധതികൾ വർഷങ്ങളോളം വൈകുന്നതിലൂടെ സാമ്പത്തികമായും മാനസികമായും വലിയ നഷ്ടമാണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. 20 വർഷത്തോളം ഒരു ഫ്ലാറ്റിന്‍റെ കൈമാറ്റം നീളുന്നത് ഉപഭോക്തൃ വിശ്വാസത്തെ തകർക്കുന്ന സംഭവമാണ്. ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ഇന്ത്യയിൽ വിശ്വാസമില്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പരാതികൾ അനവധി
അദ്ദേഹത്തിന്‍റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതികരണങ്ങൾക്ക് വഴിവച്ചു. നിരവധി പേർ തങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും നേരിടേണ്ടി വന്ന സമാന അനുഭവങ്ങൾ പങ്കുവെച്ച് പിന്തുണയുമായെത്തി. ചിലർ വർഷങ്ങളായി പൂർത്തിയാകാത്ത ഭവനപദ്ധതികൾ, നിയമപോരാട്ടങ്ങൾ, അധിക സാമ്പത്തികഭാരം എന്നിവയെക്കുറിച്ച് വിശദീകരിച്ച് തന്നെ എഴുതി. അതേസമയം, ഒരു ഒറ്റ സംഭവത്തെ അടിസ്ഥാനമാക്കി മുഴുവൻ രാജ്യത്തെയും “സീറോ ട്രസ്റ്റ്” എന്ന് വിശേഷിപ്പിക്കുന്നത് അതിരുകടന്ന വിലയിരുത്തലാണെന്ന അഭിപ്രായുവുമായി ചിലരുമെത്തി.
ശക്തമായ നടപടി വേണം
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ സുതാര്യമാക്കാൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) നിലവിലുണ്ടെങ്കിലും, പല പദ്ധതികളിലും സമയബന്ധിതമായി പൂർത്തിയാക്കിയുള്ള ഫ്ലാറ്റ് കൈമാറ്റവും ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നുവെന്നാണ് ഉപഭോക്താക്കളുടെ നിരന്തര പരാതി. അതേസയം പദ്ധതിവൈകിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കാതെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന അഭിപ്രായവും ചിലർ മുന്നോട്ട് വച്ചു.


